ഭാരത് മാല രണ്ടാം ഘട്ടത്തില്‍ 3000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ

ഭാരത് മാല രണ്ടാം ഘട്ടത്തില്‍ 3000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ

2024ഓടെ മൊത്തം 4000 കിലോമീറ്ററോളം വരുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകുമെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ദേശീയപാതാ വികസനത്തിന്റെ അടുത്ത ഘട്ടം തടസങ്ങളില്ലാതെ ദീര്‍ഘദൂര യാത്ര സാധ്യമാക്കുന്ന എക്‌സ്പ്രസ് വേകളില്‍ കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും. ഭാരത് മാലാ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 3000 കിലോ മീറ്റര്‍ നീളത്തിലുള്ള എക്‌സ്പ്രസ് വേ നിര്‍മാണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. വാരണാസി- റാഞ്ചി- കൊല്‍ക്കത്ത, ഇന്‍ഡോര്‍-മുംബൈ, ബെംഗളൂരു-പൂനെ, ചെന്നൈ- ട്രിച്ചി എന്നിവയാണ് ഇതിലെ പ്രധാന പാതകള്‍. ഭാരത് മാല പദ്ധതിക്കു കീഴില്‍ രണ്ടാംഘട്ടത്തിലെ വിവിധ പദ്ധതികള്‍ക്കായി ദേശീയ ഹൈവേ അതോറിറ്റി താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതി രൂപീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കി ആദ്യ ഘട്ട പദ്ധതികള്‍ക്ക് പിന്നാലെ തന്നെ രണ്ടാം ഘട്ടവും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.

ഭാരത് മാല ആദ്യഘട്ടത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ടുകല്‍ തയാറാക്കുന്നതിന് രണ്ടു വര്‍ഷത്തോളം സമയമാണെടുത്തത്. ആദ്യ ഘട്ടത്തിന്റെ കരാറുകള്‍ നല്‍കിയതിനു പിന്നാലെ തന്നെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിലൂടെ സമയ നഷ്ടം ഒഴിവാക്കാനും പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാനും സാധിക്കുമെന്ന് ഹൈവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു പുറമേ മികച്ച ഗുണമേന്‍മ ഉറപ്പുവരുത്തുന്ന രീതിയില്‍ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും സാധിക്കും.

പദ്ധതി റിപ്പോര്‍ട്ടുകളിലെ പാളിച്ചയാണ് പലപ്പോഴും ദേശീയപാതാ പദ്ധതികള്‍ വൈകുന്നതിന് ഇടയാക്കുന്നത്. അധികമായി തൊഴില്‍ ശേഷി കൂട്ടിച്ചേര്‍ക്കുന്നത് പദ്ധതി ചെലവ് കണക്കൂകൂട്ടിയിരുന്നതില്‍ നിന്ന് വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകും.

നിര്‍ദിഷ്ട പാതകളില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം പുതിയവയാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കും. നിലവില്‍ നടക്കുന്ന ദേശീയ പാതാ വികസന പദ്ധതികള്‍ ഏറെയും നിലവിലുള്ള പാതകളുടെ നീളവും വീതിയും വര്‍ധിപ്പിക്കുന്നവയാണ്. പത്‌ന-റൗര്‍ഖേല, ഝാന്‍സി- റായ്പൂര്‍, സോലാപൂര്‍- ബെല്‍ഗാം, ബെംഗളൂരു-കഡപ്പ-വിജയവാഡ, ഗോരഖ്പൂര്‍-ബെര്‍ലി, വാരണാസി- ഖോരക്പൂര്‍ എന്നിവയാണ് ഭാരത് മാല രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന ഗ്രീന്‍ഫീല്‍ഡ് പാതകള്‍. 2024ഓടെ മൊത്തം 4000 കിലോമീറ്ററോളം വരുന്ന ഈ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകുമെന്നാണ് ദേശീയ പാതാ അഥോറിറ്റി കണക്കു കൂട്ടുന്നത്. പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ ആകുന്നത് ഒഴിവാക്കാന്‍ ദേശീയ പാര്‍ക്കുകളെയും വന്യജീവി സങ്കേതങ്ങളെയും ഒഴിവാക്കി കൊണ്ട് അലൈന്‍മെന്റുകള്‍ നിശ്ചയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: FK News

Related Articles