സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രഭാവം വര്‍ധിക്കുന്നു
ഇന്നൊവേഷന് രംഗത്തായിരിക്കും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിക്കുകയെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ വികസനം ഇന്നൊവേഷനുമായി വളരെയധികം ഇടകലര്ന്നിരിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യമേഖല, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവ സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നു. ഇവര്‍ നിര്‍മിത ബുദ്ധി (എഐ) രംഗത്ത് വന്‍നിക്ഷേപം നടത്താന്‍ സന്നദ്ധരാണ്. സംരംഭകലോകത്ത് ഇന്ന് ഏറ്റവും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു എഐ. ഇ-കൊമേഴ്സ് മേഖലയില പ്രമാണി ഫഌപ്പ് കാര്‍ട്ട് എഐ ഫോര്‍ ഇന്ത്യ എന്ന എഐ യൂണിറ്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ആപ് അധിഷ്ഠിത ടാക്സി കമ്പനി ഓല അടുത്തിടെ യാത്രികരുടെ സുരക്ഷയ്ക്കായി ഒരു എഐ അധിഷ്ഠിത റിയല്‍-ടൈം ട്രാക്കിങ് സംവിധാനം വികസിപ്പിച്ചു. എന്നാല്‍ പരിണിതപ്രജ്ഞരും ടെക് ഭീമന്മാരും മാത്രമല്ല ഈ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളും നവസംരംഭകരും എഐയെ ആശ്രയിച്ച് പുത്തന്‍ സംരംഭമാതൃകകള്ക്ക് തുടക്കമിടുന്നു.
ജീവിത പങ്കാളിയെയും മികച്ച ഭക്ഷണവും തെരഞ്ഞെടുക്കാന്‍ വരെ ഇന്ന് നിര്‍മ്മിതബുദ്ധിയുടെ സഹായം തേടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരെയധികം വളര്‍ച്ചാ സാധ്യതകള്‍ എഐഎ വാഗ്ദാനം ചെയ്യുന്നുണ്ട്. വര്‍ഷാവര്‍ഷം സ്വകാര്യമേഖലയില്‍ ഇതിനായി നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ നാനൂറോളം എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടന്നിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ എഐ മേഖലയിലെ സ്വകാര്യ നിക്ഷേപം 18 ബില്യണ്‍ ഡോളറാണ്. യൂറോപ്പില്‍, 2.6 ബില്ല്യണ്‍ ഡോളറും ഇസ്രയേലില്‍ 1.8 ബില്യണ്‍ ഡോളറുമാണ് സമീപകാല നിക്ഷേപം. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് തുച്ഛമാണ് ഇന്ത്യയിലെ എഐ രംഗത്ത നിക്ഷേപമെങ്കിലും സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന് ഏറെ സാധ്യതയുള്ള ഇടമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ പരിഗണിക്കാതെ, ഒരു ബിസിനസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എഐ സഹായിക്കുന്നുവെന്ന് ഫിറ്റ്നെസ് സ്റ്റാര്‍ട്ടപ്പായ ഗ്രോഫിറ്ററിന്റെ സിഇഒ സന്മതി പാണ്ഡെ പറഞ്ഞു. നിര്‍ദ്ദിഷ്ട ഫോര്‍മാറ്റുകളില്‍ കാണപ്പെടുന്ന അസംസ്കൃത വിവരങ്ങള്‍ ആഴത്തില്‍ പഠിച്ച് സംഘടിപ്പിക്കാന്‍ എഐ സങ്കേതങ്ങള്‍ സഹായിക്കും. ഡീപ്പ് ലേണിംഗ് ടെക്നിക്ക് വഴി ഓഹരിയുടമകളോട് കണക്കുകള്‍ നിരത്തി വിശദീകരിക്കാനുമാകും. എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളോട് നിക്ഷേപകര്‍ക്കു താല്‍പ്പര്യം കൂടിയിട്ടുണ്ട്. മാത്രമല്ല, പരിമിതവിഭവങ്ങള്‍ കൊണ്ട് കൃത്യമായ ഫലങ്ങള്‍ ലഭ്യമാക്കാനും ബിസിനസ്സിന്റെ വലുപ്പം മനസിലാക്കാനും സാധിക്കും, നിക്ഷേപകര്‍ക്ക് ഇത് നിര്‍ണായകമാണ്.
ഫിറ്റ്നെസ് സെന്ററുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവ വഴി ജീവിതശൈലി
രോഗപ്രതിരോധ വേദിയൊരുക്കുന്ന സ്ഥാപനമാണ് ഗ്രോഫിറ്റര്. ഉപയോക്താക്കളുടെ വ്യായാമത്തിന്റെ സമയം ട്രാക്ക് ചെയ്യുന്നതിനും ഫിറ്റ്നസ് നില വിലയിരുത്തുന്നതിനും എഐ അധിഷ്ഠിത ആപ്ലിക്കേഷനാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താവിന്റെ ആരോഗ്യ സ്വഭാവത്തെ മനസിലാക്കാനും ഒരു പ്രൊപ്രൈറ്ററി അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സ്കോര്‍ സൃഷ്ടിക്കാനും സഹായിക്കുന്നു. നേരത്തെ, ജിമ്മുകള്‍ 25 ശതമാനം റജിസ്ട്രേഷന് പുതുക്കല്‍ നിരക്കും ഒരു ശരാശരി ഉപഭോക്താവിന്റെ ഹാജര്‍ 100 ദിവസത്തിലുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഗ്രോഫിറ്ററിന്റെ വരവോടെ റജിസ്ട്രേഷന് നിരക്ക് മൂന്നിരട്ടിയായി പുതുക്കി നിശ്ചയിച്ചു. ഹാജര്‍ നിലയാകട്ടെ 175 ദിവസമായി ഉയര്‍ന്നു.
ബെറ്റര്‍ ഹാഫ്. എഐ എന്ന സ്റ്റാര്‍ട്ടപ്പ് പ്രൊഫഷണലുകളെ ജീവിതപങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുന്നു. വിവിധ ബന്ധങ്ങളില്‍ നിന്ന് ഏറ്റവും പൊരുത്തമുള്ളത് മനസിലാക്കുന്നു. വ്യക്തിയുടെ ശാരീരികവും, വിദ്യാഭ്യാസപരവും, ജാതിപരവുമായ സവിശേഷതകളാല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പരമ്പരാഗത പൊരുത്തക്കേടില്‍ നിന്നു വ്യത്യസ്തമായാണ് ഇവിടെ പൊരുത്തം അടയാളപ്പെടുത്തുന്നത്. വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വ്യത്യസ്ത ബന്ധങ്ങളില്‍ നിന്ന് ഒരാളുടെ വ്യക്തിത്വം നാം പിടിച്ചെടുക്കുകയാണിവിടെ. ഇതു ഗണിക്കാനായി 10 പൊരുത്തങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. പരമ്പരാഗത പൊരുത്തം നക്കുമ്പഴുണ്ടാകുന്ന സമയത്തിന്റെ 80 ശതമാനം ഇതിലൂടെ ലാഭിക്കാനാകുമെന്ന് ബെറ്റര്‍ ഹാഫ്. എഐയുടെ സ്ഥാപകനും സിഇഒയുമായ പവന് ഗുപ്ത പറയുന്നു.
ഇന്നര്‍ഷെഫ് എന്ന റെഡി ടു ഈറ്റ് ഭക്ഷണ നിര്‍മാതാക്കളും എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ആണ്. പങ്കാളിത്ത പാചകരീതിയിലൂടെ പ്രവര്‍ത്തനം നടത്തുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ബിസിനസാണിത്. ആരോഗ്യകരമായ ഭക്ഷണരീതി പ്രോല്‍സാഹിപ്പിക്കുക, ഭക്ഷ്യരംഗത്തെ വിദഗ്ധരുടെ അനുഭവങ്ങള്‍ പ്രദാനം ചെയ്യുക, വിഷവിമുക്തമായ ജൈവഭക്ഷണം പ്രോല്‍സാഹിപ്പിക്കുക, ഇഷ്ടാനുസൃത വിഭവങ്ങള്‍ നിര്‍മിക്കുക, വില്പന ആസൂത്രണം, ഭക്ഷണ പ്രവണതകള്‍ മനസിലാക്കുക, ഉപഭോക്താക്കളില്‍ നിന്നു ഭക്ഷ്യ ശുപാര്‍ശകള്‍ കൈപ്പറ്റുക എന്നിവയ്ക്കെല്ലാം എഐ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടയില്‍ 100% വളര്‍ച്ചയാണ് ഉണ്ടായതെന്ന് സ്ഥാപകനും സിഇഒയുമായ രാജേഷ് സോവ്നി പറഞ്ഞു. വളര്‍ച്ച ത്വരിതപ്പെടുത്താനും മൂന്നിരട്ടി വരുമാനവളര്‍ച്ച നേടാനും പദ്ധതിയിട്ടിട്ടുണ്ട്. നിലവില്‍ ഡെല്‍ഹി, ബംഗളുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഈ വര്‍ഷം പുതിയ ഇടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സോവ്നി പറയുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 4.5 മില്ല്യണ്‍ ഡോളറിന്റെ മൊത്തവരുമാനം ഗ്രോഫിറ്റര് നേടി. അത് 300 ശതമാനത്തിന്റെ വളര്‍ച്ച. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ എഐ അധിഷ്ഠിത ഇന്സെന്റിവൈസ്ഡ് വെല്‍നെസ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്ന വാര്‍ഷിക വരുമാനം 10 മില്ല്യണ്‍ ഡോളറാണ്. ഇന്തോനീഷ്യയില്‍ ഇതിനകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, താമസിയാതെ മറ്റ് ദക്ഷിണ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും പ്രവേശിക്കുമെന്ന് സന്മതി പാണ്ഡെ അറിയിച്ചു. ഇന്ത്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളിലായി 11,000 ഉപഭോക്താക്കളുള്ള ബെറ്റര്‍ ഹാഫ്. എഐ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം ഉപഭോക്താക്കളിലേക്ക് എത്താന്‍ ലക്ഷ്യമിടുന്നു. നിലവില 10% ഉപയോക്താക്കള്‍ ഉല്‍പ്പന്നത്തിലേക്ക് മറ്റ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. ഉല്‍പ്പന്നവും എഐ മാച്ചിംഗ് അല്‍ഗോരിതവും കൂടുതല്‍ ഫലപ്രദമാകുന്നതോടെ ഇത് 30 ശതമാനത്തിലേറെയായി കുതിച്ചുയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഗുപ്ത വിശ്വാസം പ്രകടിപ്പിക്കുന്നു.