2019-ല്‍ ആഗോള ആരോഗ്യത്തിന് 10 ഭീഷണികള്‍

2019-ല്‍ ആഗോള ആരോഗ്യത്തിന് 10 ഭീഷണികള്‍

ലോകം, ആരോഗ്യരംഗത്ത് ഒന്നിലധികം വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വാക്‌സിന്‍ കൊണ്ട് തടയാവുന്ന അഞ്ചാം പനി പോലുള്ള രോഗങ്ങള്‍ മുതല്‍ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണു വരെ ഇക്കൂട്ടത്തിലുണ്ട്. ഇൗ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ലോകാരോഗ്യ സംഘടന അഞ്ച് വര്‍ഷ കര്‍മപദ്ധതി തയാറാക്കിയിരിക്കുകയാണ്.

.

ആഗോളതലത്തില്‍ ആരോഗ്യത്തിന് ഈ വര്‍ഷം 10 വലിയ ഭീഷണികളുണ്ടാകുമെന്നാണ് ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പട്ടികയില്‍ സൂചിപ്പിക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ പട്ടികയില്‍ കാലാവസ്ഥ വ്യതിയാനം മുതല്‍ സൂപ്പര്‍ ബഗ്ഗുകള്‍ വരെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഈ ഭീഷണികള്‍ നേരിട്ടില്ലെങ്കില്‍ ദശലക്ഷക്കണക്കിനു പേരുടെ ജീവനുകള്‍ അപകടത്തിലാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

1) വായു മലിനീകരണവും കാലാവസ്ഥ വ്യതിയാനവും

ഇന്നു കാലാവസ്ഥ വ്യതിയാനവും, വായു മലിനീകരണവും വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. ആഗോളതലത്തില്‍ പത്തില്‍ ഒന്‍പതു പേരും ശ്വസിക്കുന്നത് മലിന വായുവാണ്. മനുഷ്യന്റെ ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയ്ക്കു ഹാനി വരുത്തും വിധം ശ്വസനേന്ദ്രിയങ്ങളിലും സര്‍ക്കുലേറ്ററി സിസ്റ്റംസിലും തുളച്ചു കയറുന്നതാണു മലിനവായു. ആഗോള ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ഇന്നു വായു മലിനീകരണം ബാധിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഏഴ് മില്യന്‍ ആളുകള്‍ മലിനവായു കാരണം മരണപ്പെടുന്നു. ഇപ്പോള്‍ ലോകജനസംഖ്യയിലെ 90 ശതമാനവും ശ്വസിക്കുന്നതു മലിനവായുവാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൂടാതെ, 2030നും 2050നുമിടയില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന മലേറിയ, പോഷകാഹാര കുറവ്, വയറിളക്കം, ചൂട് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എന്നിവയിലൂടെ ഓരോ വര്‍ഷവും 2,50,000 അധിക മരണങ്ങള്‍ സംഭവിക്കുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. പാരീസ് ഉടമ്പടി പ്രകാരമുള്ള നടപടിക്രമങ്ങള്‍ എല്ലാ രാജ്യങ്ങള്‍ പാലിച്ചാല്‍ പോലും ഈ നൂറ്റാണ്ടില്‍ ആഗോള താപനത്തിലെ വര്‍ധന മൂന്ന് ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തുമെന്നു ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭൗമ താപനിലയിലെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക എന്നതാണു പാരീസ് ഉടമ്പടി. ഭൗമ താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തുന്നതു പോലും ആരോഗ്യം, ഉപജീവനമാര്‍ഗം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കു വ്യാപകമായ ഭീഷണി ഉയര്‍ത്താന്‍ പ്രാപ്തമാണെന്നു യുഎന്‍ പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ പറയുന്നു.

2) സാംക്രമിക ഇതരരോഗങ്ങള്‍

പ്രമേഹം, അര്‍ബുദം, മറ്റ് സാംക്രമിക ഇതര രോഗങ്ങള്‍ ആഗോളതലത്തില്‍ 41 ദശലക്ഷം പേരുടെ മരണത്തിനിടയാക്കുന്നുണ്ടെന്നു ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രോഗങ്ങള്‍ 30നും 69നുമിടയിലുള്ള 15 ദശലക്ഷം ആളുകളുടെ അകാലചരമത്തിനും കാരണമാകുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുകയില ഉപയോഗം, വ്യായാമക്കുറവ്, മദ്യപാനം, മലിനവായു ശ്വസിക്കല്‍, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണു സാംക്രമിക ഇതരരോഗങ്ങള്‍ക്കു കാരണമാകുന്ന അഞ്ച് കാരണങ്ങള്‍.

3) പകര്‍ച്ചപ്പനി

1918-ലാണ്, ലോകചരിത്രത്തില്‍ രേഖപ്പെടുത്തിയ മഹാമാരിയായ സ്പാനിഷ് ഫഌ പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം 500 ലക്ഷത്തോളം പേര്‍ മരണപ്പെട്ടതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ കാന്‍സാസിലാണ് രോഗം ഉത്ഭവിച്ചതെന്നു കരുതുന്നു. പന്നികളില്‍ വച്ച് ജനിതകവ്യതിയാനം സംഭവിച്ച ഫഌ വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്നു. അന്ന് മരിച്ചവരില്‍ ഏറെയും യുവാക്കളായിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പന്നിപ്പനിക്ക് സ്പാനിഷ് ഫഌവുമായി ചില സാമ്യങ്ങളുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. സ്പാനിഷ് ഫഌ പൊട്ടിപ്പുറപ്പെട്ടിട്ട് 100 വര്‍ഷം തികഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണു മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നിരിക്കുന്നത്.
ഏതു നേരവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള മഹാമാരിയാണു പകര്‍ച്ചപ്പനി. പകര്‍ച്ചപ്പനി വരാന്‍ സാധ്യതയുള്ള സമയം പറയാന്‍ സാധിക്കാത്തതിനാല്‍ ഇവയെ പ്രതിരോധിക്കാന്‍ പ്രത്യേക തയാറെടുപ്പുകളും നടത്താറില്ല. അതു കൊണ്ടു തന്നെ ഇതു സംഭവിക്കുമ്പോഴാകട്ടെ, ഉയര്‍ന്ന തോതിലുള്ള മരണനിരക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഈ വര്‍ഷവും പകര്‍ച്ചപ്പനിക്കുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

4) ദുര്‍ബലവും കരുതലില്ലാത്തതുമായ ആരോഗ്യ സേവന സംവിധാനങ്ങള്‍

ഇന്ന് ആഗോളജനസംഖ്യയിലെ 1.6 ബില്യന്‍ ജനങ്ങള്‍ക്കു (22 ശതമാനം) ജീവിക്കേണ്ടി വരുന്നത് ദുര്‍ബല ആരോഗ്യ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള രാജ്യങ്ങളിലാണ്. ഇതിലൂടെ അടിസ്ഥാന പരിചരണം പോലും ലഭിക്കാത്ത സാഹചര്യവും രൂപപ്പെട്ടു. ഇത്തരം രാജ്യങ്ങളില്‍ മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണു ഡബ്ല്യുഎച്ച്ഒ.

5) കുത്തിവയ്പ്പിനെ സംശയിക്കുന്ന പ്രവണത

വാക്‌സിനേഷന്‍ അഥവാ കുത്തിവയ്പ്പിനെ സംശയിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ഇത് ആഗോള ആരോഗ്യത്തിനു ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. വാക്‌സിന്‍ ലഭ്യമായിട്ടും അതിനെ സംശയത്തോടെ നോക്കിക്കാണുകയും വാക്‌സിനേഷനില്‍നിന്നും വിട്ടുനില്‍ക്കുന്നതും, വാക്‌സിനേഷനിലൂടെ ആരോഗ്യരംഗത്തു കൈവരിച്ച നേട്ടത്തെ പിന്നിലാക്കാന്‍ മാത്രമായിരിക്കും ഉപകരിക്കുകയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രോഗം ഒഴിവാക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗമാണ് കുത്തിവയ്പ്പ് അഥവാ വാക്‌സിനേഷന്‍. പ്രതിവര്‍ഷം രണ്ട്-മൂന്ന് ദശലക്ഷം മരണം വാക്‌സിനേഷനിലൂടെ തടയുന്നു. ആഗോളതലത്തില്‍ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കിയാല്‍ 1.5 ദശലക്ഷം മരണങ്ങള്‍ തടയാനുമാകുമെന്നു ഡബ്ല്യുഎച്ച്ഒ പറയുന്നു. വാക്‌സിനേഷനെ സംശയത്തോടെ നോക്കിക്കാണുന്ന പ്രവണതയെ ഡബ്ല്യുഎച്ച്ഒ ‘വാക്‌സിന്‍ ഹെസിറ്റന്‍സി’ എന്നാണു വിശേഷിപ്പിക്കുന്നത്. വാക്‌സിന്‍ ഹെസിറ്റന്‍സിയുടെ സ്വാധീനം ഇപ്പോള്‍ പ്രകടമാണ്. ഉദാഹരണമായി ആഗോളതലത്തില്‍, അഞ്ചാം പനി അഥവാ മീസില്‍സ് ബാധിച്ചവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ പറയുന്നു. വാക്‌സിനേഷന്‍ ഫലപ്രദമാക്കുകയാണെങ്കില്‍ ഇത് തടയാന്‍ സാധിക്കുമെന്നു ഡബ്ല്യുഎച്ച്ഒ പറയുന്നു. വാക്‌സിനേഷന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നു പതിറ്റാണ്ടുകള്‍ നീണ്ട വൈദ്യശാസ്ത്ര ഗവേഷണം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വിവരങ്ങള്‍ പ്രചരിക്കുകയാണെന്നു ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാണിക്കുന്നു.

6) ഡെങ്കിപ്പനി

കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫഌവിന്റെ അഥവാ പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗം, ചിലയവസരങ്ങളില്‍ ഡെങ്കി ഹെമറിക് ഫീവറായി (Dengue Hemorrhagic Fever) രൂപപ്പെടുകയും മാരകമാവുകയും ചെയ്യാം.1970ന് മുമ്പ് ഒന്‍പത് രാജ്യങ്ങളില്‍ മാത്രം കാണപ്പെട്ട ഡെങ്കിപ്പനി ഇന്നു കേരളത്തില്‍ വലിയൊരു ആരോഗ്യപ്രശ്‌നമായിരിക്കുകയാണ്. ലോകജനസംഖ്യയിലെ 40 ശതമാനം പേര്‍ ഡെങ്കിപ്പനിയുടെ ഭീഷണിയുടെ നിഴലിലാണു കഴിയുന്നത്. ഡബ്ല്യുഎച്ച്ഒ കണക്ക്പ്രകാരം, 390 ദശലക്ഷം ആളുകള്‍ക്ക് ഡെങ്കിപ്പനിയുടെ അണുബാധകളുണ്ടാകുന്നതായി സൂചിപ്പിക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ മഴക്കാലത്ത് ഡെങ്കിപ്പനി ബാധിച്ച ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

7) എച്ച്‌ഐവി

ലോകത്ത് ഇന്ന് 37 ദശലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിതരായുണ്ടെന്നാണു കണക്കാക്കുന്നത്. എച്ച്‌ഐവി പരിശോധനയിലും, ചികിത്സയിലും നമ്മള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നതാണ് ഏറ്റവും സന്തോഷകരമായൊരു കാര്യമെന്നും ഇന്ന് 22 ദശലക്ഷത്തോളം ആളുകള്‍ക്ക് എച്ച്‌ഐവി ചികിത്സ ലഭിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

8) എബോള

എബോള നിയന്ത്രണത്തിലായെന്നു കരുതിയപ്പോഴാണു കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെട്ടു നാശം വിതച്ചത്. ഒരു ദശലക്ഷത്തിലധികം പേര്‍ താമസിക്കുന്ന നഗരങ്ങളിലാണ് എബോള പൊട്ടിപ്പുറപ്പെട്ടതെന്നു യുഎന്‍ ആരോഗ്യവിഭാഗം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്, എബോള ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്.

9) ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (Antimicrobial resistance)

ആന്റിബയോട്ടിക്കുകള്‍, ആന്റി വൈറല്‍സ്, ആന്റി മലേറിയല്‍സ്, എന്നിവ വികസിപ്പിച്ചെടുത്തതാണ് ആധുനിക ചികിത്സയുടെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നത്. എന്നാല്‍ ഇവയൊന്നും ഇന്നു ചികിത്സയ്ക്കു മതിയാവില്ലെന്ന അവസ്ഥയുണ്ട്. ആന്റിബയോട്ടിക്കുകളോട് ചെറുക്കുന്നതിന് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കുള്ള കഴിവിനെയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നു പറയുന്നത്. ന്യൂമോണിയ, ക്ഷയം തുടങ്ങിയ അണുബാധകളെ നമ്മള്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കാതിരുന്ന കാലത്തേയ്ക്കാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് നമ്മളെ കൊണ്ടു പോകുന്നത്. അണുബാധകളെ തടയാനുള്ള കഴിവില്ലായ്മ ശസ്ത്രക്രിയയെയും കീമോതെറാപ്പി പോലെയുള്ള ചികിത്സയെയും ദോഷകരമായി ബാധിക്കും.

10) ദുര്‍ബലമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

ജനങ്ങള്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആദ്യമെത്തുന്നത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ ശക്തവും കുറ്റമറ്റതുമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും മികച്ച രീതിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

Comments

comments

Categories: Health, Slider
Tags: WHO