രാജ്യത്തെ ഏറിയ സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളില്‍

രാജ്യത്തെ ഏറിയ സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളില്‍

ദാവോസ്: ഇന്ത്യയുടെ ഏറിയ സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില സമ്പന്നരുടെ കൈകളില്‍. ഓക്‌സ്ഫാം പുറത്തുവിട്ട വാര്‍ഷിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ജനസംഖ്യയുടെ പകുതിയോളം വരുന്ന സമ്പത്തിന്റെ അത്രയും ഒമ്പത് ശതകോടീശ്വരന്‍മാരുടെ കൈകളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ 77.4ശതമാനം സ്വത്തും പത്ത് ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണുള്ളത്. ജനസംഖ്യയുടെ 60% പേര്‍ക്കും ദേശീയ സമ്പത്തിന്റെ വെറും 4.8ശതമാനം മാത്രമേ ഉള്ളുവെന്ന് ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. വേള്‍ഡ് എക്കണോമിക്ക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ഇന്ത്യയിലെ ആകെ 101 ശതകോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം 18പേരാണ് പുതിയതായി എത്തിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആകെ കോടീശ്വരന്‍മാരുടെ എണ്ണം 119 ആയി മാറി. ഇവരുടെ ആകെ സമ്പത്ത് 28ലക്ഷം കോടിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതിസമ്പന്നരുടെ സമ്പത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം 36% വര്‍ദ്ധനയാണുണ്ടായത്. അതേസമയം രാജ്യത്തെ ദരിദ്രരുടെ പട്ടികയിലുള്ളവര്‍ക്ക് ഉണ്ടായ സാമ്പത്തിക വര്‍ദ്ധനവ് വെറും മൂന്ന് ശതമാനം മാത്രമാണ്.

സമ്പത്ത് വിതരണത്തില്‍ സംഭവിക്കുന്ന അസന്തുലിതത്വം ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചിലവഴിക്കാത്തതും സാമ്പത്തിക അസന്തുലിതത്വം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. സ്ത്രീകളും കുട്ടികളുമാണ് സാമ്പത്തിക അസമത്വത്തിന്റെ ഇരകള്‍.ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ആരോഗ്യ മേഖലയിലെ മാറ്റങ്ങളും വിദ്യാഭ്യാസ മേഖലയിലെ പുരോഗമനപരമായ മാറ്റങ്ങളും ആഡംബരമായിട്ടാണ് കാണുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy, Slider