സൗത്ത് ആഫ്രിക്കയ്ക്ക് സൗദിയുടെ കൈത്താങ്ങ്; നിക്ഷേപം 10 ബില്ല്യണ്‍ ഡോളര്‍

സൗത്ത് ആഫ്രിക്കയ്ക്ക് സൗദിയുടെ കൈത്താങ്ങ്; നിക്ഷേപം 10 ബില്ല്യണ്‍ ഡോളര്‍
  • ദക്ഷിണാഫ്രിക്കയില്‍ എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കല്‍ പ്ലാന്റും സ്ഥാപിക്കാന്‍ സൗദി
  • സൗത്ത് ആഫ്രിക്ക ഉപയോഗിക്കുന്ന എണ്ണയുടെ 40 ശതമാനവും നല്‍കുന്നത് സൗദി
  • പാക്കിസ്ഥാനില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം

റിയാദ്: നിക്ഷേപം ആകര്‍ഷിക്കാന്‍ നെട്ടോട്ടമോടുന്ന സൗത്ത് ആഫ്രിക്കയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവുമായി സൗദി അറേബ്യ. ആഫ്രിക്കയിലെ ഏറ്റവും വ്യവസായവല്‍ക്കൃതമെന്ന് ഖ്യാതി നേടിയ രാജ്യത്ത് പുതിയ എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കല്‍ പ്ലാന്റും തുടങ്ങുമെന്നാണ് സൗദി അറേബ്യന്‍ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലി പ്രഖ്യാപിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യത്തിന് സൗദി പ്രഖ്യാപിച്ച 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായുള്ളതാണ് പുതിയ പദ്ധതികള്‍.

സൗത്ത് ആഫ്രിക്കയുടെ വളര്‍ച്ച തിരിച്ചുപിടിക്കുന്നതിനായി പ്രസിഡന്റ് സിറില്‍ റാമഫോസ 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് സൗദിയുമായി പുതിയ കരാറുകളില്‍ എത്തിയിരിക്കുന്നത്. അറബ് രാജ്യത്തിന്റെ നിക്ഷേപം സൗത്ത് ആഫ്രിക്കയുടെ വികസനത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷ.

സൗത്ത് ആഫ്രിക്കയുടെ എണ്ണ വിപണിയില്‍ സൗദി അറേബ്യയുടെ മേധാവിത്വം നിലനിര്‍ത്തുന്നതിന് സഹായകമാകുന്നതാണ് പുതിയ പദ്ധതികള്‍. നിലവില്‍ ദക്ഷിണാഫ്രിക്ക ഉപയോഗിക്കുന്ന മൊത്തം എണ്ണയുടെ 40 ശതമാനവും വിതരണം ചെയ്യുന്നത് സൗദി അറേബ്യയാണ്. സംസ്‌കരിച്ച എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ പുതിയ പ്ലാന്റുകള്‍ വരുന്നതോടെ സൗത്ത് ആഫ്രിക്കയ്ക്ക് സാധിക്കും.

പുതിയ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പഠനം നടത്തുന്നത് സൗദിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനി അരാംകോയും സൗത്ത് ആഫ്രിക്കയുടെ സെന്‍ട്രല്‍ എനര്‍ജി ഫണ്ടുമാണ്. ഇവരായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയെന്ന് ഖാലിദ് അല്‍ ഫാലി വ്യക്തമാക്കി. പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച സൗദി ഊര്‍ജ്ജമന്ത്രി സൗത്ത് ആഫ്രിക്ക സന്ദര്‍ശിച്ചിരുന്നു.

വരുന്ന ആഴ്ച്ചകളില്‍ തന്നെ റിഫൈനറിക്കും പെട്രോകെമിക്കല്‍ പ്ലാന്റിനുമുള്ള സ്ഥലം ഏതെന്ന് കണ്ടെത്തുമെന്ന് സൗത്ത് ആഫ്രിക്കന്‍ ഊര്‍ജ്ജമന്ത്രി ജെഫ് റദെബി പറഞ്ഞു. അതേസമയം റിഫൈനറിയുടെ ശേഷി എത്രയാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഒരു അധിക റിഫൈനറി സ്ഥാപിക്കണമെന്ന് സൗത്ത് ആഫ്രിക്ക ചിന്തിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളില്‍ നിക്ഷേപകരുമായി ധാരണയിലെത്താന്‍ രാജ്യത്തിന് സാധിച്ചിരുന്നില്ല. നിലവില്‍ ആറ് റിഫൈനറികളാണ് സൗത്ത് ആഫ്രിക്കയിലുള്ളത്. റോയല്‍ ഡച്ച് ഷെല്‍, ബിപി, ടോട്ടല്‍, സാസോള്‍ എന്നീ കമ്പനികളാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്.

മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി റിഫൈനറി സ്ഥാപിക്കുന്നതിനെക്കുറിച്ച് സൗദി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാന്‍ സൗത്ത് ആഫ്രിക്ക നിര്‍ദേശിച്ച സ്ഥലം ആകര്‍ഷകമല്ലെന്ന് സൗദി വിലയിരുത്തിയതിനാല്‍ പദ്ധതി നീളുകയായിരുന്നു.

പാക്കിസ്ഥാനില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച്ച ഖാലിദ് അല്‍ ഫാലി പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ നട്ടെല്ലായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാനായിരുന്നു ഇത്.

ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഗ്വാദര്‍ തുറമുഖ പ്രദേശത്ത്് വമ്പന്‍ എണ്ണ ശുദ്ധീകരണശാല പണിയാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia
Tags: South Africa