ശ്രദ്ധ വേണം, ഗവേഷണ വികസനത്തില്‍

ശ്രദ്ധ വേണം, ഗവേഷണ വികസനത്തില്‍

ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് ശോഭിക്കാന്‍ സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. സാമ്പത്തികപരമായി വന്‍ശക്തിയാകാന്‍ ആഗ്രഹിക്കുന്ന രാജ്യം പ്രധാനമായും ഊന്നല്‍ നല്‍കേണ്ടത് ഗവേഷണ വികനസ മേഖലയ്ക്കാണ്

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം ഉപയോഗപ്പെടുത്തിയ ശ്രദ്ധേയമായ പലസാങ്കേതിവിദ്യക്കും നന്ദി പറയേണ്ടത് എംഐടി പോലുള്ള അവിടുത്തെ സര്‍വകലാശാലകളോടാണെന്ന് ഇടയ്ക്കിടെ പല വിദഗ്ധരും തങ്ങളുടെ പ്രഭാഷണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. ഇതില്‍ വലിയ വാസ്തവമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആഗോളതലത്തില്‍ വിവിധ തലങ്ങളിലുള്ള രാഷ്ട്രമുന്നേറ്റങ്ങള്‍ക്കും അവിടുത്തെ വികസന പ്രക്രിയകള്‍ക്കും പ്രധാന ഉത്‌പ്രേരകമായി വര്‍ത്തിക്കുന്നത് സര്‍വകലാശാലകളും അവിടങ്ങളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുമാണ്.

എംഐടിയും സ്റ്റാന്‍ഫോഡുമെല്ലാം അമേരിക്കയെന്ന വികസിത രാഷ്ട്രത്തിന് പല തലങ്ങളില്‍ ലോകത്ത് അപ്രമാദിത്വം നേടാന്‍ സഹായിച്ചു. വന്‍ ശക്തിയാകാന്‍ സാധിക്കുന്നതിന് ഉപകരിക്കുന്ന നിരവധി ഇന്നൊവേഷനുകളാണ് ഇവര്‍ സംഭാവന ചെയ്തത്.

പറഞ്ഞുവന്നത് ഗവേഷണ വികസനത്തിന്റെ പ്രാധ്യാനിത്തെ കുറിച്ചാണ്. സാമ്പത്തിപകരമായി കുതിക്കാന്‍ വെമ്പല്‍ കൂട്ടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗവേഷണ വികസന പദ്ധതികള്‍ക്ക് അവഗണിക്കാനാകാത്ത പ്രസക്തിയുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഗവേഷണ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പുറകിലാണ്. പാറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നതില്‍ 2007-2018 കാലഘട്ടത്തില്‍ ഇന്ത്യ മികച്ച വര്‍ധനയുണ്ടാക്കിയിട്ടുണ്ടെങ്കിലും നിരവധി മറ്റ് ഘടകങ്ങളെ സംബന്ധിച്ചിടത്തോളം മോശമാണ് ട്രാക്ക് റെക്കോഡ്. ഫയല്‍ ചെയ്യുന്ന പാറ്റന്റുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴും മികച്ചതെന്ന് ഇതിനെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.

2017ലെ കണക്കനുസരിച്ച് യുഎസ് ആണ് പാറ്റന്റുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 29,84,825 പാറ്റന്റുകളാണ് യുഎസിനുള്ളത്. ചൈനയ്ക്കുള്ളതാകട്ടെ 20,85,367 പാറ്റന്റുകളും. ഏഷ്യയിലെ പ്രബലന്മാരായ ജപ്പാന് 20,13,685 പാറ്റന്റുകളാണുള്ളത്. യുഎസിന്റെ പക്കലുള്ള പാറ്റന്റുകളുടെ അഞ്ചിലൊന്ന് മാത്രമാണ് ഇന്ത്യക്കുള്ള പാറ്റന്റുകളുടെ എണ്ണം.

ഇന്ത്യയുടെ മൊത്തം ഗവേഷണ വികസന ചെലവിടലും വളരെയധികം കുറവാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. 20 വര്‍ഷത്തോളം ഇന്ത്യ നടത്തിയ ആര്‍ & ഡി ചെലവിടല്‍ ജിഡിപിയുടെ .7 ശതമാനമെന്ന തീരെ ചെറിയ സംഖ്യയാണ്. യുഎസ്, ചൈന, സൗത്ത് കൊറിയ, ഇസ്രയേല്‍ പോലുള്ള വമ്പന്മാരുടെ ഗവേഷണ ചെലവിടലിനേക്കാളും എത്രയോ ചെറുതാണ് ഈ തുക. ജിഡിപിയുടെ 2.8 ശതമാനമാണ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ് ചെലവിടുന്നത്. ചൈന 2.1 ശതമാനവും. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് രാജ്യമെന്ന് ഖ്യാതി നേടിയ ഇസ്രയേല്‍ ജിഡിപിയുടെ 4.3 ശതമാനമാണ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ദക്ഷിണ കൊറിയ ചെലവിടുന്നതാകട്ടെ 4.2 ശതമാനവും. സൂപ്പര്‍പവര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ചുരുങ്ങിയത് ജിഡിപിയുടെ മൂന്ന് ശതമാനമെങ്കിലുമാക്കണം ഈ രംഗത്തുള്ള ഇന്ത്യയുടെ ചെലവിടല്‍.ഗവേഷണ വികസനരംഗത്ത് വമ്പന്‍ ചെലവിടല്‍ നടത്താന്‍ സ്വകാര്യ കമ്പനികളെ കൂടി പ്രോല്‍സിഹിപ്പിക്കുന്ന തരത്തിലുള്ള നയങ്ങളാകണം നമ്മള്‍ സ്വീകരിക്കേണ്ടത്. ഗവേഷണ വികസനത്തില്‍ ശ്രദ്ധയൂന്നാതെയുള്ള രാജ്യത്തിന്റെ കുതിപ്പിന് ഒരിക്കലും ആയൂസുണ്ടാകില്ല.

Comments

comments

Categories: Editorial, Slider
Tags: research