പ്രതാപം നഷ്ടപ്പെടുന്ന പൈനാപ്പിള്‍ സിറ്റി !

പ്രതാപം നഷ്ടപ്പെടുന്ന പൈനാപ്പിള്‍ സിറ്റി !

വാഴക്കുളം പൈനാപ്പിള്‍, ഭൗമശാസ്ത്ര സൂചിക ലഭിച്ച കേരളത്തിലെ ഒരേയൊരു ഫലവര്‍ഗം. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സംസ്ഥാനത്തിന് അഭിമാനമായിരുന്ന
വാഴക്കുളം പൈനാപ്പിള്‍ ഇന്ന് വിപണിയില്‍ ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. പൈനാപ്പിളിന്റെ അമിതതോല്‍പ്പാദനം മുതല്‍ ജിഎസ്ടി മൂലം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ പൈനാപ്പിളിനെ കയ്യൊഴിഞ്ഞതുവരെ നിരവധി പ്രശ്‌നങ്ങളാണ് ഈ മേഖല നേരിടുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം മേഖലകളിലായി 800 ല്‍ പരം കര്‍ഷകരാണ് പൈനാപ്പിളിന്റെ വിലയിടിവിനെത്തുടര്‍ന്ന് കഷ്ടത്തിലായിരിക്കുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കിലോക്ക് 30 രൂപക്ക് മുകളില്‍ വിലയുണ്ടായിരുന്ന പൈനാപ്പിളിന് ഇന്ന് വിപണിയില്‍ ലഭിക്കുന്ന ശരാശരി വില 10 രൂപയാണ്. എന്നാല്‍ ഒരു കിലോ പൈനാപ്പിളിന്റെ ഉല്‍പ്പാദനച്ചെലവാകട്ടെ കിലോക്ക് 25 രൂപക്ക് മുകളിലും.സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിള്‍ താങ്ങുവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് മാത്രമേ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഇനി രക്ഷയാകൂ..

വാഴക്കുളം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴക്കടുത്ത് പൈനാപ്പിള്‍ തോട്ടങ്ങളാല്‍ സമൃദ്ധമായ ഈ പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. പൈനാപ്പിള്‍ സിറ്റി എന്നാണ് വാഴക്കുളം അറിയപ്പെടുന്നത്. മധുരം കൊണ്ടും ഔഷധഗുണം കൊണ്ടും സമാനതകളില്ലാത്ത പൈനാപ്പിളുകളാണ് ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇവിടെ കൃഷി ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി പൈനാപ്പിള്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. വഴക്കുളത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യതയും ഗുണമേന്മയും കണക്കിലെടുത്താണ് 2016 ല്‍ ഭൗമശാസ്ത്ര സൂചികപട്ടം വാഴക്കുളം പൈനാപ്പിളിനെത്തേടിയെത്തിയത്. ഇത്തരത്തില്‍ കാര്‍ഷികവിളകളില്‍ ഉന്നതമായ ഒരു സ്ഥാനം ലഭിച്ചിട്ടും വാഴക്കുളം പൈനാപ്പിളിന് പുതിയ വിപണി സാധ്യതകള്‍ കണ്ടെത്താനായില്ല.

പ്രതിദിനം 1000 ടണ്‍ പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്ന കേരളത്തില്‍ ഇതിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് വാഴക്കുളം മേഖലയാണ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 116 താലൂക്കുകളിലാണ് നിലവില്‍ വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യുന്നത്. ഇഇഇ മേഖലകളില്‍ മാത്രമായി 800 പേര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാളിതുവരെ, കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന്റെ പ്രധാന വിപണി നോര്‍ത്ത് ഇന്ത്യയായിരുന്നു. എന്നാല്‍ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ക്ഷീണത്തിലായ സംസ്ഥാനത്തെ പൈനാപ്പിള്‍ വിപണി പിന്നീട് നഷ്ടപ്രതാപം വീണ്ടെടുത്തില്ല എന്ന് വഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പറയുന്നു. ഇതിനു പിന്നില്‍ ഭൗതീകവും കാര്‍ഷികവുമായ നിരവധിക്കാരണങ്ങളുണ്ട്.

”കേരളത്തിന് പൈനാപ്പിള്‍ മധുരം നഷ്ടമാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പൈനാപ്പിളിന്റെ വിലയിടിവാണ് ഇതിനു പിന്നിലെ പ്രധാന കാരണം പൈനാപ്പിളിന്റെ അമിതോല്‍പ്പാദനമാണ്. വാഴപോലെ കൃഷി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് പൈനാപ്പിള്‍. 2016 ല്‍ നോട്ട് നിരോധനം വന്നപ്പോള്‍ സംസ്ഥാനത്തെ നിരവധി ചെറുകിട വ്യവസായങ്ങള്‍ പൂട്ടിപ്പോയി. ഇത്തരത്തില്‍ വാഴക്കുളം പ്രവിശ്യയില്‍ പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ ഉടമകള്‍ നേരെ പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞു. വിതച്ചാല്‍ 12 മാസംകൊണ്ട് മികച്ച വിളവ് ലഭിക്കുമെന്നതാണ് പൈനാപ്പിള്‍ കൃഷിയുടെ പ്രത്യേകത. ഇത് ഗുണത്തേക്കാള്‍ ദോഷം ചെയ്തു. പൈനാപ്പിള്‍ വിളവെടുപ്പിനു പകമായതോടെ വിപണിയില്‍ അമിതോല്‍പ്പാദനമായി ഫലം. ഇതുമൂലം പൈനാപ്പിളിന് വിലയിടിവുണ്ടായി. ഇത് കര്‍ഷകരെ പ്രത്യക്ഷത്തില്‍ ബാധിച്ചു.2016 വരെ കിലോക്ക് 30 രൂപ വിലയുണ്ടായിരുന്ന പൈനാപ്പിള്‍ ഇപ്പോള്‍ വിറ്റുപോകുന്നത് കിലോക്ക് 10 രൂപയ്ക്കാണ്” പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അംഗവും കര്‍ഷകനുമായ നോബിള്‍ ജോസഫ് പറയുന്നു.

പ്രളയം തകര്‍ത്തെറിഞ്ഞ പൈനാപ്പിള്‍ മേഖല

മറ്റേത് മേഖലയെയും എന്നതുപോലെ തന്നെ 2018 ലെ അപ്രതീക്ഷിത പ്രളയം പൈനാപ്പിള്‍ മേഖലയെയും ബാധിച്ചു. തുടര്‍ച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും പൈനാപ്പിള്‍ കുമിള്‍ രോഗ ബാധിച്ചു നശിച്ചു പോയത്തോടെ നൂറു കോടി രൂപയുടെ നഷ്ടമാണ് പൈനാപ്പിള്‍കൃഷിക്ക് ഉണ്ടായിരിക്കുന്നത്.സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വിളവെടുപ്പു കാലത്തേക്കു ചെയ്ത കൃഷിയില്‍ 40 മുതല്‍ 65 % വരെയും നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും ചെയ്തിരുന്ന 100 ഹെക്ടറോളം പൈനാപ്പിള്‍ കൃഷി പൂര്‍ണമായില്ലാതായി. ചെടികളുടെ കൂമ്പില്‍ വെള്ളപ്പൊക്കം മൂലം ചെളി നിറഞ്ഞതോടെയാണു രോഗ ബാധയുണ്ടായത്. താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും കൃഷി ചെയ്തിരുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ എതാണ്ട് പൂര്‍ണ്ണമായി വെള്ളപ്പൊക്കത്തില്‍ ഇല്ലാതായി. . ഇത്തരത്തിലുണ്ടായ വന്നഷ്ടത്തില്‍ നിന്നും കരകയറാനുള്ള അവസരമായാണ് പൈനാപ്പിള്‍ കര്‍ഷകര്‍ ഈ വിളവെടുപ്പ് കാലത്തെ കണ്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ മേഖലയില്‍ ഉണ്ടായ പൈനാപ്പിള്‍ കര്‍ഷകരുടെ വര്‍ധനവ് കര്‍ഷകര്‍ക്ക് തന്നെ തിരിച്ചടിയായി. നോര്‍ത്ത് ഇന്ത്യയിലേക്കുള്ള കയറ്റുമതി അവിടുത്തെ കാലാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അവിടെ ശൈത്യകാലം തുടരുന്നത് കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.

പൈനാപ്പിള്‍ കൃഷിയില്‍ നിന്നും നഷ്ടമുണ്ടായ ചരിത്രം കുറവായതിനാല്‍ പല കര്‍ഷകരും ബാങ്കില്‍ നിന്നും വായ്പയെടുത്താണ് ഈ രംഗത്ത് നിക്ഷേപം നടത്തിയത്. ഒരു ഹെക്ടര്‍ കൃഷിക്ക് ആദ്യഘട്ടത്തില്‍ 5.5 ലക്ഷം രൂപയാണ് ചെലവു വരുന്നത്. മൂന്നു വര്‍ഷത്തെ വിളവെടുപ്പു പ്രതീക്ഷിച്ചാണു കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിക്കു ഭൂമിയൊരുക്കുന്നത്. ഇതനുസരിച്ച് നിക്ഷേപം നടത്തിയവരാണ് പ്രശ്‌നത്തിലായിരിക്കുന്നത്. കൃഷി പ്രളയമെടുത്തതോടെ വാഴക്കുളം മേഖലയിലെ നൂറോളം കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. പൈനാപ്പിള്‍ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന നഷ്ടങ്ങള്‍ ചൂണ്ടിക്കാണിച്ചു പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കൃഷി മന്ത്രിയെ നേരില്‍ കണ്ട് കഴിഞ്ഞ വര്‍ഷവും നിവേദനം നല്‍കിയിരുന്നു. പൈനാപ്പിള്‍ !കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും വിവിധ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകളുടെ പലിശ എഴുതി തള്ളണമെന്നും അഞ്ചു വര്‍ഷത്തേക്കു കൂടി വായ്പ കുറഞ്ഞ നിരക്കില്‍ പുനക്രമീകരിച്ചു നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു എങ്കിലും പറയത്തക്ക ഫലമൊന്നും കണ്ടില്ല. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് കൃഷിനശിച്ചിട്ടും പ്രളയബാധിതമല്ലാത്ത പ്രദേശങ്ങളില്‍ നിന്നും മികസിച്ച വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ് പൈനാപ്പിള്‍ ഉല്‍പ്പാദനം കേരളത്തില്‍ അമിതമായത്.

അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെട്ട പൈനാപ്പിള്‍ നഷ്ടമാകാതെ സംഭരിച്ച് അതില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം നടന്നാല്‍ മാത്രമേ ഇനി കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് രക്ഷയുള്ളൂ. എന്നാല്‍ വാഴക്കുളം മേഖലയില്‍ ഇത്തരത്തില്‍ പൈനാപ്പിള്‍ ശേഖരിച്ചു സംസ്‌കരിച്ചു ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച നടക്കാര്‍ അഗ്രോ ഫുഡ് പാര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴിലാളി സമരത്തെത്തുടര്‍ന്ന് അടച്ചു പൂട്ടിയത് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു.

കയറ്റുമതിയിലും രക്ഷയില്ല

കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന്റെ ഭൂരിഭാഗവും എറണാകുളം, ഇടുക്കി, കോട്ടയം ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഴക്കുളം പൈനാപ്പിളാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കയറ്റിയയക്കപ്പെടുന്ന ഇവക്ക് കേരളത്തിന് പുറത്ത് മുംബൈ, ദല്‍ഹി തുടങ്ങിയ ഇടങ്ങളിലാണ് പ്രധാന വിപണിയുള്ളത്. വാഴക്കുളം പൈനാപ്പിള്‍ കര്‍ണാടകയില്‍ കൃഷിചെയ്യാന്‍ തുടങ്ങിയതോടെ കര്‍ണാടകം വിപണി നമുക്ക് നഷ്ടമായി.സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണമില്ലാത്തതിനാല്‍ കയറ്റുമതിയില്‍ തിളങ്ങാന്‍ വാഴക്കുളം പൈനാപ്പിളിന് കഴിയുന്നുമില്ല. ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന്റെ ഒരു ശതമാനം മാത്രമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. ”കേരളത്തിന് സമാനമായി പൈനാപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിദേശകയറ്റുമതിക്ക് 50 % ഗ്രാന്റാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ ലഭ്യമായ സബ്‌സിഡി എടുത്തു മാറ്റുകയാണുണ്ടായത്. മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൈനാപ്പിള്‍ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ പൈനാപ്പിളിന് ഷെല്‍ഫ് ലൈഫ് കുറവാണ് എന്നതും കയറ്റുമതി രംഗത്ത് തിരിച്ചടിയായി. വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ ഇടങ്ങളിലെ പൈനാപ്പിള്‍ 30 ദിവസം കേടുകൂടാതെ ഇരിക്കുമ്പോള്‍ കേരളത്തിലെ പൈനാപ്പിള്‍ 7 ദിവസം മാത്രമാണ് കേടുകൂടാതെ ഇരിക്കുന്നത്.

ആവശ്യത്തിന് ജോലിക്കാരെ കിട്ടാനില്ല

ഇടവിളയായികൃഷി ചെയ്യപ്പെടുന്ന പൈനാപ്പിളിനെ സംബന്ധിച്ചിടത്തോളം നേരിടുന്ന പ്രധാന പ്രശ്‌നമാണ് തൊഴിലാളിക്ഷാമം. പൈനാപ്പിള്‍ പറക്കുന്നതിനും സംസ്‌കരിക്കുന്നതിനും കഴിവുള്ള പരിചയസമ്പന്നരായ തൊഴിലാളികളെ ഇപ്പോള്‍ ലഭിക്കുന്നില്ല. പ്രതിദിനം 800 രൂപ നല്‍കി ബംഗാളികളായ തൊഴിലാളികളെയാണ് ഇപ്പോള്‍ പണിക്ക് നിര്‍ത്തുന്നത്. എന്നാല്‍ പലപ്പോഴും വിളവെടുപ്പ് സമയത്ത് ഇവരെ ജോലിക്ക് ലഭ്യമാകില്ല. അടിക്കടിയുണ്ടാകുന്ന തോട്ടം തൊഴിലാലായി സമരവും ഈ രംഗത്തെ ഒരു പ്രധാനപ്രശ്‌നമാണ്.കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ 60 ശതമാനവും തോട്ടങ്ങളിലെ ഇടവിളയായാണ്. വലിയ പൈനാപ്പിള്‍ തോട്ടങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും റബ്ബര്‍ തോട്ടങ്ങളിലാണ്. ഇത്തരം തോട്ടങ്ങളില്‍ നടക്കുന്ന തൊഴില്‍ സമരങ്ങളാണ് പൈനാപ്പിള്‍കൃഷിയെ ബാധിക്കുന്നത്.

117 മുതല്‍ 120 ദിവസത്തിനുള്ളില്‍ പച്ച പൈനാപ്പിള്‍ വിളവെടുക്കണം. മൂപ്പ് കൂട്ടിയുള്ള വിളവെടുപ്പിനു പരമാവധി 125 ദിവസം വരെ കാക്കാം. അതു കഴിഞ്ഞാല്‍ പഴുത്തു പോകും. മുന്തിയ പൈനാപ്പിളിന്റെ പ്രധാന വിപണിയായ ഡല്‍ഹിയില്‍ വാഴക്കുളത്തു നിന്ന് ലോഡെത്താന്‍ അഞ്ച് ദിവസം വേണം. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിപണികളിലേക്കും നാല് ദിവസത്തിലേറെ വേണം.അതുകൊണ്ട് തന്നെ പച്ച പൈനാപ്പിള്‍ മാത്രമേ ലോഡ് ചെയ്യാനാകു. വിളവെടുക്കാന്‍ ഒരു ദിവസം വൈകിയാല്‍ തന്നെ ടണ്‍ കണക്കിനു പൈനാപ്പിള്‍ വില്‍ക്കാന്‍ കഴിയാതെ ആഭ്യന്തര വിപണിയിലേക്ക് തിരിച്ചെത്തുന്നു.

മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണമാണ് രക്ഷ

അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെട്ട പൈനാപ്പിള്‍ നഷ്ടമാകാതെ സംഭരിച്ച് അതില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം നടന്നാല്‍ മാത്രമേ ഇനി കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് രക്ഷയുള്ളൂ. എന്നാല്‍ വാഴക്കുളം മേഖലയില്‍ ഇത്തരത്തില്‍ പൈനാപ്പിള്‍ ശേഖരിച്ചു സംസ്‌കരിച്ചു ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച നടക്കാര്‍ അഗ്രോ ഫുഡ് പാര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴിലാളി സമരത്തെത്തുടര്‍ന്ന് അടച്ചു പൂട്ടിയത് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു. മറ്റു സ്വകാര്യസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പൈനാപ്പിള്‍ ശേഖരിച്ചു പ്രൊസസ് ചെയ്യുന്നുണ്ടെങ്കിലും പൈനാപ്പിളിന് ജിഎസ്ടി ബാധകമല്ലെങ്കിലും അതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമാണ് എന്നതിനാല്‍ ഇവര്‍ പൈനാപ്പിള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നു. ഇതും പൈനാപ്പിള്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കേരളത്തിന് പുറത്തുള്ള പ്രോസസിംഗ് യൂണിറ്റുകളിലും അവസ്ഥയിതുതന്നെ.

സീസണായതോടെ മികച്ച വില ലഭിക്കുമെന്ന കര്‍ഷകരുടെ പ്രതീക്ഷക്ക് മങ്ങലേല്‍പിച്ച് വില താഴുകയാണ്. ഏ ഗ്രേഡ്‌പൈനാപ്പിളിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച 13രൂപയായിരുന്നു. വിലയിടിവ് തുടരുന്നത് കര്‍ഷകരെ ദുരിതത്തിലാക്കി കഴിഞ്ഞു. കൂലിചിലവും,വളത്തിനടക്കം വിലയുയര്‍ന്നതും പൈനാപ്പിള്‍ ഉല്‍പാദന ചിലവ് കുത്തനെ കൂടിയ സാഹചര്യത്തിലാണ് വില ഇടിയുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വാഴക്കുളം മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ കുന്നുകൂടുകയാണ്. സീസണ്‍ മുന്നില്‍ കണ്ട് ഉല്‍പാദനം കൂട്ടിയതോടെ വെട്ടാന്‍ പാകമായ പൈനാപ്പിള്‍ കര്‍ഷകര്‍ മാര്‍ക്കറ്റിലെത്തിക്കുകയാണ്. എ ഗ്രേഡില്‍ ഉള്‍പ്പെടുന്ന പഴച്ചക്കക്ക് കിലോഗ്രാമിന് 13രൂപയില്‍ താഴെയാണ് കച്ചവടം നടന്നത്. രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്ന വിലയുടെ പകുതിയിലും താഴ്ന്നിരിക്കുകയാണിപ്പോള്‍.സംസ്ഥാനത്ത് അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിള്‍ സുനില്‍ കുമാര്‍ ഉറപ്പു നല്‍കിയതാണ് ഈ ഭാഗത്തെ കര്‍ഷകരുടെ ഒരേയൊരു പ്രതീക്ഷ.

Comments

comments

Categories: FK Special, Slider