ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മിനി

ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മിനി

മിനി കൂപ്പര്‍ എസ് 60 ഇയേഴ്‌സ് എഡിഷന്‍ പുറത്തിറക്കി

ലണ്ടന്‍ : ലോകത്തെ ഏറ്റവും പ്രശസ്ത കാര്‍ കമ്പനികളിലൊന്നായ മിനി അറുപത് വര്‍ഷം പൂര്‍ത്തിയാക്കി. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി 60 ഇയേഴ്‌സ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് കമ്പനി. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ 4 പെയിന്റ് ഫിനിഷിലാണ് സ്‌പെഷല്‍ എഡിഷന്‍ മിനി വരുന്നത്. ആനിവേഴ്‌സറി ഡിസൈന്‍ ബോണറ്റ് സ്‌ട്രൈപ്പുകള്‍, എക്‌സ്റ്റീരിയറില്‍ പിയാനോ ബ്ലാക്ക് ‘നിറ’ സാന്നിധ്യം, ഭാരം കുറഞ്ഞ 17 ഇഞ്ച് അലോയ് വീലുകള്‍, കറുപ്പ് നിറത്തിലുള്ള റൂഫ്, എക്സ്റ്റീരിയര്‍ മിറര്‍ ക്യാപ്പുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഇന്റീരിയറില്‍ 60 ഇയേഴ്‌സ് എംബ്ലങ്ങള്‍ കാണാം. ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള തുകലില്‍ കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ മനോഹരമാണ്. സാറ്റലൈറ്റ് നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയോടെ വലിയ 8.8 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ്, റിയര്‍വ്യൂ കാമറ, മടക്കാവുന്ന പുറം കണ്ണാടികള്‍, മുന്നിലും പിന്നിലും പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ (പിഡിസി) എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

നിലവിലെ അതേ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിന്‍ 189 ബിഎച്ച്പി കരുത്തും 207 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 237 കിലോമീറ്ററാണ് ടോപ് സ്പീഡ്.

യുകെയില്‍ 500 യൂണിറ്റ് മിനി കൂപ്പര്‍ എസ് 60 ഇയേഴ്‌സ് എഡിഷന്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. മറ്റ് രാജ്യങ്ങളിലും ലഭിക്കും. ഏകദേശം 27.7 ലക്ഷം രൂപ വില വരും. മാര്‍ച്ച് മാസത്തില്‍ ഡെലിവറി ചെയ്തുതുടങ്ങും. ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Minicooper