ടൊയോട്ടയുടെ ടോപ് 10 വിപണികളിലൊന്ന് ഇന്ത്യ

ടൊയോട്ടയുടെ ടോപ് 10 വിപണികളിലൊന്ന് ഇന്ത്യ

2018 പിന്നിടുമ്പോള്‍ സൗദി അറേബ്യയെ മറികടന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ടോപ് 10 വിപണികളിലൊന്നായി ഇന്ത്യ മാറി

ന്യൂഡെല്‍ഹി : ആഗോളതലത്തില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ടോപ് 10 വിപണികളിലൊന്ന് ഇന്ത്യ. 2018 പിന്നിടുമ്പോള്‍ സൗദി അറേബ്യയെ ഇന്ത്യ മറികടക്കുകയായിരുന്നു. മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവ ക്രിസ്റ്റയാണ് ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ടൊയോട്ട വാഹനം. ജപ്പാനിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ടൊയോട്ട. 2017 ല്‍ ഇന്ത്യയുടെ സ്ഥാനം പതിനൊന്നാമത് ആയിരുന്നു. 2016 ല്‍ പന്ത്രണ്ടാമതും. ഭാവിയില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ടോപ് 3 വിപണികളിലൊന്നായി മാറാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിംഗ് ഡയറക്റ്റര്‍ മസാകാസു യോഷിമുറ പറഞ്ഞു.

2018 ല്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഒമ്പത് ശതമാനം വളര്‍ച്ചയാണ് ടൊയോട്ട കൈവരിച്ചത്. 1,51,000 പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വ്യവസായം നേടിയത് ശരാശരി 5.5 ശതമാനം വളര്‍ച്ച മാത്രമാണ്. അടുത്ത പതിറ്റാണ്ടില്‍ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് മസാകാസു യോഷിമുറ പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ എസ്‌യുവികളും എംപിവികളും പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലോക്കലൈസേഷന്‍ വര്‍ധിപ്പിക്കുകയും ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുന്നതോടെ 2020 നുശേഷം ഇന്ത്യന്‍ വിപണിയില്‍ നിലവിലേതിനേക്കാള്‍ മികച്ച മല്‍സരം കാഴ്ച്ചവെയ്ക്കാന്‍ കഴിയുമെന്ന് മസാകാസു യോഷിമുറ പ്രതീക്ഷ പ്രകടിപ്പിച്ചു.

1997 ലാണ് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. വിക്രം കിര്‍ലോസ്‌കറുമായി 89:11 അനുപാതത്തില്‍ സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 2000 ജനുവരിയില്‍ ക്വാളിസ് എന്ന ആദ്യ വാഹനം പുറത്തിറക്കി. സുസുകിയുമായുള്ള പുതിയ പങ്കാളിത്തം പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി യോഷിമുറ പറഞ്ഞു. മാരുതി സുസുകിയുടെ ബലേനോ അടിസ്ഥാനമാക്കിയുള്ള ഹാച്ച്ബാക്ക് ഈ വര്‍ഷം അവതരിപ്പിക്കും. പുതിയ പങ്കാളിത്തം വഴിയുള്ള ആദ്യ വാഹനമായിരിക്കുമിത്. ചെറുകാറുകളും ഇലക്ട്രിക് വാഹനങ്ങളും വികസിപ്പിക്കുന്നതിന് ഒരുമിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇരു കമ്പനികളും. ടൊയോട്ടയുടെ സ്വന്തം ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മതിയായ അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് യോഷിമുറ വ്യക്തമാക്കി.

Comments

comments

Categories: Auto