ഹ്യുണ്ടായ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും

ഹ്യുണ്ടായ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും

ശ്രീപെരുംപുത്തൂര്‍ പ്ലാന്റ് വിപുലീകരിക്കും; 7,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും. ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിന് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍ പ്ലാന്റ് വിപുലീകരിക്കും. ഇതിനായി 7,000 കോടി രൂപയുടെ നിക്ഷേപം നടത്തും. പുതിയ നിക്ഷേപത്തിന് തമിഴ്‌നാട് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പുതിയ നിക്ഷേപം നടത്തി ശ്രീപെരുംപുത്തൂര്‍ പ്ലാന്റ് വിപുലീകരിക്കുന്നതോടെ 1,500 ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച്ച ആരംഭിക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ തമിഴ്‌നാട് സര്‍ക്കാരും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പുവെയ്ക്കും. ചെന്നൈയ്ക്കു സമീപത്തെ കാര്‍ നിര്‍മ്മാണ ശാലയുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതോടെ വര്‍ഷംതോറും ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടായുടെ ഇലക്ട്രിക് വാഹന പദ്ധതി സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ 2020 ഓട്ടോ എക്‌സ്‌പോയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഓള്‍ ഇലക്ട്രിക് ഹ്യുണ്ടായ് കോന എസ്‌യുവി ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം പ്രീമിയം മോഡല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹ്യുണ്ടായ് ഇവി, കോംപാക്റ്റ് എസ്‌യുവി ആയിരിക്കാനാണ് സാധ്യത.

Comments

comments

Categories: Auto