ഹോണ്ട സിബിആര്‍650എഫ് വില്‍പ്പന അവസാനിപ്പിച്ചു

ഹോണ്ട സിബിആര്‍650എഫ് വില്‍പ്പന അവസാനിപ്പിച്ചു

കൂടുതല്‍ സ്‌പോര്‍ടിയായ, കൂടുതല്‍ കരുത്തുറ്റ സിബിആര്‍650ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഹോണ്ട സിബിആര്‍650എഫ് മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചു. പകരം കൂടുതല്‍ സ്‌പോര്‍ടിയായ, കൂടുതല്‍ വേഗമുള്ള ഹോണ്ട സിബിആര്‍650ആര്‍ സ്‌പോര്‍ട് ടൂറര്‍ വിപണിയില്‍ വൈകാതെ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ഐക്മയില്‍ പുതിയ ഹോണ്ട സിബിആര്‍650ആര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2015 ല്‍ ഇന്ത്യയില്‍ അരങ്ങേറിയ ഹോണ്ട സിബിആര്‍650എഫ് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നില്ല. ബൈക്ക് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിലും പ്രതീക്ഷിച്ച വില്‍പ്പന നേടുന്നതിലും പരാജയപ്പെട്ടു. പുതിയ ലുക്ക്, എന്‍ജിന്‍, ഇലക്ട്രോണിക്‌സ് എന്നിവ നല്‍കിയാണ് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ പരിഷ്‌കരിച്ചത്. പുതിയ സിബിആര്‍650ആര്‍ വാങ്ങാന്‍ ധാരാളം പേരുണ്ടാകുമെന്ന് ഹോണ്ട പ്രതീക്ഷിക്കുന്നു.

കൂടുതല്‍ കരുത്തുറ്റ 649 സിസി, ഡിഒഎച്ച്‌സി 16 വാല്‍വ് എന്‍ജിനാണ് ഹോണ്ട സിബിആര്‍650ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോറില്‍നിന്ന് അല്‍പ്പം കൂടുതല്‍ പവര്‍ ഔട്ട്പുട്ട് ലഭിക്കും. 12,000 ആര്‍പിഎമ്മില്‍ 94 എച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 47 ഫൂട്ട്/പൗണ്ട് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. റെഡ്‌ലൈന്‍ ഇപ്പോള്‍ 1,000 ആര്‍പിഎം ഉയര്‍ത്തിയിരിക്കുന്നു. ഗിയര്‍ബോക്‌സിന് മാറ്റമില്ല. 6 സ്പീഡ് മാനല്‍ തന്നെ.

207 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഇപ്പോഴത്തെ കെര്‍ബ് വെയ്റ്റ്. ഇന്ധന ടാങ്കിന്റെ ശേഷി 15.4 ലിറ്ററായി കുറച്ചു. നേരത്തെ 17.3 ലിറ്ററായിരുന്നു. ഈ വര്‍ഷം പകുതിക്കുശേഷം ഹോണ്ട സിബിആര്‍650ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ പേര് നല്‍കി പരിഷ്‌കരിച്ചപ്പോഴും പുതിയ ബൈക്കിന്റെ വില 7.5 ലക്ഷം രൂപയില്‍ താഴെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto