‘ഓരോ ദിവസവും ഓരോ ആപ്പിളല്ല, ഓരോ ആപ്പ് ‘

‘ഓരോ ദിവസവും ഓരോ ആപ്പിളല്ല, ഓരോ ആപ്പ് ‘

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇന്ന് ഓണ്‍ലൈന്‍ തരംഗം. ഈ വീഡിയോ നിര്‍മിക്കാന്‍ സഹായിക്കുന്ന ടിക് ടോക് എന്ന ആപ്പ് 2018-ല്‍ ഏറ്റവുമധികം പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയുണ്ടായി. ഓരോരുത്തരുടെയും സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നു ടിക് ടോക്. ആഗോളതലത്തില്‍ 150 രാജ്യങ്ങളിലായി 500 ദശലക്ഷം ആളുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു.

ഓരോ ദിവസവും ഓരോ ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം (an apple a day keeps the doctor away) എന്നാണ് ചൊല്ല്. എന്നാല്‍ അധികം താമസിയാതെ തന്നെ an app a day keeps the country engaged എന്നൊരു ചൊല്ലും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഓരോ ദിവസവും രാജ്യത്തെ സജീവമാക്കുന്നത് മൊബൈല്‍ ആപ്പ് ആയിരിക്കുന്നു. ഇന്ന് മൊബൈല്‍ ആപ്പ് ഇല്ലാതെ ഒരു ദിവസം കഴിയാന്‍ സാധിക്കില്ലെന്ന സാഹചര്യമാണുള്ളത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും, ബാങ്ക് ഇടപാട് നടത്തുന്നതിനും, സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനും, ഔദ്യോഗികമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമൊക്കെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നു. 2018-ല്‍ ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി ടിക് ടോക് മാറി. അതിലൂടെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ യു ട്യൂബ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ വമ്പന്മാരെയാണു ടിക് ടോക് മറികടന്നത്. 2018-ല്‍ ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഏറ്റവും മികച്ച 100 ആപ്പുകളിലെ 44 ും, ഏറ്റവും മികച്ച 10 ആപ്പുകളിലെ 5 എണ്ണവും ടിക് ടോക് ഉള്‍പ്പെടുന്ന ചൈനീസ് ആപ്പുകളായിരുന്നു.

2016 സെപ്റ്റംബറിലാണ് ചൈനയില്‍ ടിക് ടോക് എന്ന ആപ്പ് ലോഞ്ച് ചെയ്തത്. ടിക് ടോക് ചൈനയില്‍ ഡൗയിന്‍ (Douyin) എന്നാണ് അറിയപ്പെടുന്നത്. ചലിക്കുന്ന ശബ്ദം എന്നാണ് ഇതിനര്‍ഥം. ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും, പങ്കിടുന്നതിനുമുള്ള ഒരു ആപ്പ് ആണ് ടിക് ടോക്. ബൈറ്റ് ഡാന്‍ഡ് (ByteDance) എന്ന ചൈനീസ് ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയാണ് ടിക് ടോക് വികസിപ്പിച്ചത്. ചൈനയില്‍ ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണു ടിക് ടോക് വിദേശത്ത് പുറത്തിറക്കിയത്. 2018 ഒക്ടോബറോടെ, യുഎസില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന നേട്ടം ടിക് ടോക് കൈവരിച്ചു. 75 ഭാഷകളിലായി 150 വിപണികളില്‍ ടിക് ടോക് ലഭ്യമാണ്. ആഗോളതലത്തില്‍ 150 രാജ്യങ്ങളിലായി 500 മില്യന്‍ യൂസര്‍മാരുണ്ട് ടിക് ടോക്കിന്. 2017 നവംബര്‍ ഒന്‍പതിന് ടിക് ടോകിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സ് ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മ്യുസിക്കലി (musical.ly) എന്ന സോഷ്യല്‍ മീഡിയ സേവനം ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പിനെ ഒരു ബില്യന്‍ ഡോളറിന് ഏറ്റെടുത്തു. സാന്റ മോണിക്ക, കാലിഫോര്‍ണിയ എന്നീ നഗരങ്ങളില്‍ ഓഫീസ് ഉള്ള കമ്പനിയാണു മ്യുസിക്കലി.

വീഡിയോ ആപ്പുകള്‍ ജനപ്രീതിയാര്‍ജ്ജിച്ചു തുടങ്ങിയത് 2017-18 മുതല്‍

സോഷ്യല്‍ വീഡിയോ ആപ്പുകള്‍ 2017-18-ാടെയാണു ജനപ്രീതി കൈവരിച്ചു തുടങ്ങിയത്. ആദ്യകാലങ്ങളില്‍ ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള വൈന്‍ (Vine) എന്ന മൊബൈല്‍ ആപ്പിനായിരുന്നു ജനപ്രീതി ലഭിച്ചത്. പിന്നീട് യിക് യാക് (Yik Yak) വന്നു. അതിനു ശേഷം HQ Trivia യും വന്നു. എന്നാല്‍ ഈ ആപ്പുകളെയെല്ലാം ജനപ്രിയതയുടെ കാര്യത്തില്‍ പിന്തള്ളി ടിക് ടോക് ഒന്നാമതെത്തിയിരിക്കുകയാണ്. എല്ലാവരെയും ഒരു ക്രിയേറ്റര്‍ അഥവാ സ്രഷ്ടാവാക്കാന്‍ പ്രാപ്തമാക്കുന്നു എന്നതാണു ടിക് ടോക്കിന്റെ പ്രത്യേകത. അതോടൊപ്പം ഉപയോക്താക്കളെ അവരുടെ അഭിനിവേശം (പാഷന്‍), സൃഷ്ടിപരമായ ആവിഷ്‌കരണം എന്നിവ വീഡിയോകളിലൂടെ പങ്കിടാനും അല്ലെങ്കില്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനും സാധ്യമാക്കി തീര്‍ക്കുന്നു ടിക് ടോക്. സ്‌നാപ് ചാറ്റിലേതു പോലുള്ള സംവിധാനങ്ങള്‍ ടിക് ടോകിലുമുണ്ട്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് 15 സെക്കന്‍ഡ് വീഡിയോകളിലേക്കു ഫില്‍ട്ടര്‍ ചേര്‍ക്കാനും, എഡിറ്റ് ചെയ്യാനും സാധിക്കും.

ബൈറ്റ് ഡാന്‍സിന്റെ അധികം ആരും അറിയപ്പെടാത്ത സിഇഒയായ സാങ് യിമിങ്

ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണു ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ്. 2012 മാര്‍ച്ച് ഒന്‍പതിനാണു ബൈറ്റ് ഡാന്‍സ് സ്ഥാപിച്ചത്. സെക്വിയ ചൈന ഫണ്ട്‌സ് (Sequoia China funds) ഉള്‍പ്പെടെയുള്ളവര്‍ ബൈറ്റ് ഡാന്‍സിന്റെ ഓഹരിയുടമകളാണ്. ഇത്തരത്തില്‍ പ്രശസ്തമായൊരു സ്ഥാപനത്തിന്റെ സിഇഒയെ കുറിച്ചു പക്ഷേ അധികമാര്‍ക്കും അറിയില്ല. സാങ് യിമിങ് എന്ന 37-കാരനാണ് ബൈറ്റ് ഡാന്‍സിന്റെ സിഇഒ. നാന്‍കേ സര്‍വകലാശാലയില്‍നിന്നും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയ സാങ്, 2013-ല്‍ ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. ഇദ്ദേഹത്തിന്റെ കണക്കാക്കപ്പെടുന്ന വ്യക്തിഗത ആസ്തി നാല് ബില്യന്‍ ഡോളറാണ്. ബൈറ്റ് ഡാന്‍സിലെത്തും മുമ്പ് മൈക്രോസോഫ്റ്റിലായിരുന്നു സാങ് യിമിങ് സേവനമനുഷ്ഠിച്ചത്. സാങിനൊപ്പം ജോലി ചെയ്തിട്ടുള്ളവര്‍ പറയുന്നത്, സാങ് സാങ്കേതികവിദ്യയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരാളെന്നാണ്. വിശ്രമ സമയങ്ങളില്‍ പോലും കമ്പ്യൂട്ടര്‍ കോഡ് എഴുതാന്‍ സമയം ചെലവഴിക്കുന്ന വ്യക്തി കൂടിയാണ് സാങ് എന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു.

ആദ്യ ആശയം ‘ന്യൂസ് അഗ്രിഗേഷന്‍ ആപ്പ് ‘

ഏഴ് വര്‍ഷം മുന്‍പ് ബൈറ്റ് ഡാന്‍സ് സ്ഥാപിച്ചപ്പോള്‍, സാങ് യിമിങ് മുന്നോട്ടുവച്ച ആശയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂസ് അഗ്രിഗേഷന്‍ ആപ്പ് എന്നതായിരുന്നു. പക്ഷേ, അന്നു ചൈനയിലെ സോഷ്യല്‍ മീഡിയ ഭീമനായ ടെന്‍സെന്റിന്റേത് ഉള്‍പ്പെടെ നിരവധി ന്യൂസ് പോര്‍ട്ടലുകള്‍ ഉള്ളപ്പോള്‍, ഈ ആശയം എങ്ങനെ വിജയിക്കുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ അവഗണിച്ചു മുന്നേറാന്‍ തന്നെയായിരുന്നു സാങിന്റെ തീരുമാനം. ചൈനയില്‍ ഇന്നു ജനകീയമായ ന്യൂസ് ആപ്പ് ആയ Jinri Toutiao (Today’s Headlines) വികസിപ്പിച്ചത് ബൈറ്റ് ഡാന്‍സാണ്. ഈ ആപ്പിന് 240 ദശലക്ഷം പ്രതിമാസ യൂസര്‍മാരുണ്ട്. ബൈറ്റ് ഡാന്‍സിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമുണ്ട്. ആലിബാബ ഗ്രൂപ്പ്, ടെന്‍സെന്റ് എന്നിവരാണു ചൈനയില്‍ ടെക് രംഗത്തെ ഭീമന്മാര്‍. ഇവരാണു ഭൂരിഭാഗം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത്. എന്നാല്‍ ഈ രണ്ട് വന്‍കിട കമ്പനികളുടെയും സഹായം സ്വീകരിക്കാതെ സാമ്രാജ്യം പടുത്തുയര്‍ത്തിയ സ്റ്റാര്‍ട്ട് അപ്പ് ആണ് ബൈറ്റ് ഡാന്‍സ്. ആ നേട്ടത്തിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സാങ് യിമിങിന് അവകാശപ്പെട്ടതുമാണ്.

ബൈബിളില്‍ ശാമുവേലിന്റെ പുസ്തകത്തില്‍, ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ് പരാജയപ്പെടുത്തിയ ഭീമാകാരനായ ഫലിസ്ത്യന്‍ യോദ്ധാവ് ഗോലിയാത്തിന്റെ ഒരു കഥയുണ്ട്. സമാനമാണ് ബൈറ്റ് ഡാന്‍സിന്റേതും. ചൈനയിലെ ഒന്നാംനിര ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരെ അത്ഭുതപ്പെടുത്തി കൊണ്ടാണു ബൈറ്റ് ഡാന്‍സ് മുന്നേറുന്നത്. ഇതാകട്ടെ ഇപ്പോള്‍ ചൈനയില്‍ ടെക്‌നോളജി രംഗത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ആലിബാബയെയും ടെന്‍സെന്റിനെയും അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. ഒരു എളിയ തുടക്കത്തില്‍നിന്നുമാണു ബൈറ്റ് ഡാന്‍സ് വളര്‍ന്നു വന്നത്. ആലിബാബയെയും, ടെന്‍സെന്റിനെയും മറികടക്കുന്ന തലത്തിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. ബൈറ്റ് ഡാന്‍സിന്റെ വളര്‍ച്ചയ്ക്കു സഹായകരമായതെന്നു വിശ്വസിക്കുന്ന ഒരു ഘടകം, അവര്‍ ആലിബാബയില്‍നിന്നോ, ടെന്‍സെന്റില്‍നിന്നോ നിക്ഷേപം സ്വീകരിച്ചില്ലെന്നതു തന്നെയാണ്. ഇതിനര്‍ഥം ബൈറ്റ് ഡാന്‍സിന് സ്വന്തമായ, തനതായൊരു വ്യക്തിത്വം രൂപപ്പെടുത്താന്‍ സാധിച്ചെന്നാണ്. ജനറല്‍ അറ്റ്‌ലാന്റിക്, സോഫ്റ്റ് ബാങ്ക്, കെകെആര്‍ & കോ. പ്രൈമവേറ ക്യാപിറ്റല്‍ ഗ്രൂപ്പ് തുടങ്ങിയവരാണു ബൈറ്റ് ഡാന്‍സിന്റെ പ്രധാന നിക്ഷേപകര്‍.

ഓരോ ദിവസവും ഓരോ ആപ്പ്

ഇന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ് ആനി (App Annie) പറയുന്നത്, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ 215 ശതമാനമായി ഉയര്‍ന്നെന്നാണ്. ഇതിനു വഴിവച്ചത് 2016 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് രാജ്യത്ത് ജനകീയമാക്കിയത് ജിയോ ആയിരുന്നല്ലോ. 2018 ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ഷെയര്‍ ഇറ്റ്, ടിന്‍ഡര്‍, ട്രൂ കോളര്‍, ടിക് ടോക്, എംഎക്‌സ് പ്ലെയര്‍, യുസി ബ്രൗസര്‍ എന്നിവയായിരുന്നു.

Comments

comments

Categories: Tech
Tags: app, applications