സംയുക്ത ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കാന്‍ യുഎഇ-സൗദി ധാരണ

സംയുക്ത ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കാന്‍ യുഎഇ-സൗദി ധാരണ

ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വിപുലപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി

അബുദാബി: ഗള്‍ഫ് മേഖലയിലെ പ്രബലന്മാരായ യുഎഇയും സൗദി അറേബ്യയും ചേര്‍ന്ന് ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന സൗദി-എമിറാറ്റി കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുള്‍പ്പടെ ഏഴ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുക. ബ്ലോക്‌ചെയ്ന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ധനകാര്യമേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ ലളിതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ബാങ്കുകളെ കേന്ദ്രീകരിച്ചായിരിക്കും സൗദി-യുഎഇ ക്രിപ്‌റ്റോകറന്‍സിയുടെ വിനിമയ പ്രവര്‍ത്തനങ്ങള്‍.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമായ ബിറ്റ്‌കോയ്‌നിന്റെ അതിവേഗ വളര്‍ച്ച പലരെയും അമ്പരപ്പെടുത്തിയിരുന്നു. ഇടനിലക്കാര്‍ക്കോ കേന്ദ്ര ബാങ്കുകള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഒന്നും നിയന്ത്രിക്കാനാകത്ത കംപ്യൂട്ടര്‍ പ്രോഗാം എന്ന ബിറ്റ്‌കോയിന്റെ സവിശേഷത വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. ബാങ്കിംഗ് രംഗത്തിന്റെ തകര്‍ച്ചയില്‍ നിരാശ പൂണ്ട് വന്നതാണ് ബിറ്റ്‌കോയിന്‍ എന്നതും അവരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി. എന്നാല്‍ അറബ് രാജ്യങ്ങള്‍ ബിറ്റ്‌കോയിനേയും അതിന് പിന്നിലുള്ള സാങ്കേതികവിദ്യയെയും ഇരുകയ്യും നീട്ടി സ്വീകരിക്കാനാണ് തയാറായത്. ബാങ്കിംഗ് മേഖലയില്‍ ബ്ലോക്‌ചെയ്ന്‍ ടെക്‌നോളജി വിപ്ലവാത്മകമായ മാറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വിപുലപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒരു പൊതു പ്ലാറ്റ്‌ഫോം വികസിപ്പിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക അവബോധ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ഏഴ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ അടിസ്ഥാന സാമ്പത്തിക ആശയങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Arabia

Related Articles