11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീളുന്നു, സര്‍ക്കാര്‍ വിശദീകരണം തേടി

11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീളുന്നു, സര്‍ക്കാര്‍ വിശദീകരണം തേടി

വലിയ രീതിയില്‍ കാലതാമസം നേരിടുന്ന 21 പദ്ധതികളില്‍ 17 എണ്ണം കോള്‍ ഇന്ത്യയുടേതാണ്

ന്യൂഡെല്‍ഹി: 11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീണ്ടു പോകുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കോള്‍ ഇന്ത്യയോടും എന്‍എല്‍സി ഇന്ത്യയോടും വിശദീകരണം തേടി. പദ്ധതികള്‍ വൈകുന്നതിന് ഇടയാക്കുന്ന വിവിധ കാരണങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 35,000 കോടി രൂപയുടെ പദ്ധതികള്‍ സംബന്ധിച്ച് അവലോകനം നടത്തുന്നതിന് അടുത്തിടെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കര്‍ക്കരി വകുപ്പ് സെക്രട്ടറി സുമന്ത ചൗധരി റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യ നിലവില്‍ കല്‍ക്കരി ആവശ്യകതയ്ക്കായി വന്‍ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുകയാണ്.
500 കോടിക്കു മുകളില്‍ ചെലവ് വരുന്നതും 3 മില്യണ്‍ ടണ്ണിലധികം ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നതുമായ കല്‍ക്കരി പദ്ധതികളുടെ അവലോകനമാണ് അടുത്തിടെ നടന്നത്. മുന്‍ നിശ്ചയിച്ചതില്‍ നിന്നും പ്രതീക്ഷിച്ചതില്‍ നിന്നും ഈ പദ്ധതികളുടെ യഥാര്‍ത്ഥ പ്രകടനം എവിടെയാണ് വലിയ തോതില്‍ മാറിപ്പോയതെന്ന് സിഐഎലും എന്‍എല്‍സിഐലും സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 80 ശതമാനം പങ്കുവഹിക്കുന്ന 51 പദ്ധതികളുടെ അവലോകനമാണ് നടന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വലിയ രീതിയില്‍ കാലതാമസം നേരിടുന്ന 21 പദ്ധതികളില്‍ 17 എണ്ണം സിഐഎലിന്റെയും നാലെണ്ണം എന്‍എല്‍സിഐ എലിന്റെയും നിയന്ത്രണത്തില്‍ ഉള്ളവയാണ്.

ഊര്‍ജ മേഖലയില്‍ നിന്ന് കല്‍ക്കരിക്കുള്ള ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് 2018ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 200 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. കല്‍ക്കരി ഉല്‍പ്പാദനം നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കാലയളവില്‍ 7.4 ശതമാനം വര്‍ധിച്ചുവെന്ന് ഈ മാസം ആദ്യം കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞിരുന്നു. പാരിസ്ഥിതിക അനുമതികള്‍, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുന്‍കാലങ്ങളില്‍ കല്‍ക്കരി ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Coal