തമിഴ്‌നാട് ലക്ഷ്യമിടുന്നത് 5000 ടെക് സ്റ്റാര്‍ട്ടപ്പുകള്‍

തമിഴ്‌നാട് ലക്ഷ്യമിടുന്നത് 5000 ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: 2018-2023 കാലയളവിലേക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നയം മുഖ്യമന്ത്രി കെ പളനിസ്വാമി പ്രഖ്യാപിച്ചു. സോഫ്റ്റ്‌വെയര്‍ ഉള്‍പ്പടെ വളര്‍ച്ചാ സാധ്യതയുള്ള മേഖകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കാനും നയം നിര്‍ദേശിക്കുന്നു. 5000ഓളം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ വളര്‍ത്തിയെടുക്കുന്നതിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

ഉന്നത വൈദഗ്ധ്യം ആവശ്യമായ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സൃഷ്ടിക്കും. പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലുകള്‍ കൂട്ടിച്ചേര്‍ത്താണിത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും. ഭിന്ന ശേഷിക്കാരും ട്രാന്‍സ്‌ഡെന്‍ഡേര്‍സും നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും നയം വ്യക്തമാക്കുന്നു.

സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ അടിസ്ഥാനത്തില്‍ 250 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട് സംസ്ഥാനം രൂപീകരിക്കും. സിഡ്ബി പോലുള്ള പ്രൊഫഷണല്‍ ധനകാര്യ ഏജന്‍സികള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല നല്‍കുക. സര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിന് സ്ഥലം അനുവദിക്കുന്നതില്‍ പരിഗണന നല്‍കുന്നതിനും നയം നിര്‍ദേശിക്കുന്നുണ്ട്.

തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് സീഡ് ഗ്രാന്റ് ഫണ്ട് എന്ന പേരില്‍ 50 കോടി രൂപയുടെ മറ്റൊരു ഫണ്ട് ധനകാര്യ സ്ഥാപനങ്ങളുമായും സര്‍വകലാശാലകളുമായും ചേര്‍ന്ന് സ്ഥാപിക്കും. ആരംഭദശയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള ഗ്രാന്റ് അനുവദിക്കുന്നത് ലക്ഷ്യമിട്ടാണിത്. ആദ്യ വര്‍ഷത്തില്‍ 5 കോടിരൂപയുടെ ചെലവിടലാണ് ഈ ഫണ്ടില്‍ നിന്ന് നടത്തുക. സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണം മുതല്‍ അതിന് കൃത്യമായ പദ്ധതിയും തെളിവും തയാറാക്കുന്നത് വരെയുള്ള ഘട്ടങ്ങളിലും ഈ ഫണ്ടില്‍ നിന്ന് സഹായം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ തിരികെ നല്‍കേണ്ടുന്ന സഹായവും ഇതില്‍ നിന്ന് നല്‍കുന്നുണ്ട്.

സോഫ്റ്റ്‌വെയര്‍ സേവനം, ഐടി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കാര്‍ഷികം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം, ഫിന്‍ടെക്, ടെക്‌സ്റ്റൈല്‍, എന്നിവയെല്ലാം സംസ്ഥാനത്തിന് വളര്‍ച്ചാ സാധ്യതയുള്ള മേഖലകളാണെന്നും ഇതിനായി നിലവിലുള്ള സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും നയം നിര്‍ദേശിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി നിലവിലുള്ള തൊഴില്‍ നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും ലഘൂകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇപിഎഫ്ഒ, ഇഎസ്‌ഐസി, ചുരുങ്ങിയ വേതന പരിധി, ബോണസ്, ഗ്രാറ്റുവിറ്റി എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ബാധകമാക്കില്ല. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും മാര്‍ഗദര്‍ശികള്‍ക്കുമെല്ലാം മികച്ച ആനുകൂല്യങ്ങള്‍ നല്‍കും.

2023ഓടെ തമിഴ്‌നാടിനെ ആഗോള ഇന്നൊവേഷന്‍ ഹബ്ബായി വളര്‍ത്തിയെടുക്കാനും സ്റ്റാര്‍പ്പുകളുടെ പരിഗണനയില്‍ മുന്‍നിരയിലുള്ള ലക്ഷ്യസ്ഥാനമാക്കി മാറ്റാനുമാണ് നയം ലക്ഷ്യം വെക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിത നേരത്തേ അവതരിപ്പിച്ച വിഷന്‍ 2023 നയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സ്റ്റാര്‍ട്ടപ്പ് നയവും. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ പ്രതിവര്‍ഷം 11 ശതമാനത്തിന്റെ സുസ്ഥിര വളര്‍ച്ച കരസ്ഥമാക്കാനുള്ള ലക്ഷ്യമിട്ടുള്ള നയമായാണ് വിഷന്‍ 2023 അവതരിക്കപ്പെട്ടിരുന്നത്.

ശുചിത്വം, ഭക്ഷണം, ശുദ്ധോര്‍ജം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സാമൂഹ്യ മുന്നേറ്റത്തിന് സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോല്‍സാഹനം നല്‍കും. 2023ഓടെ ആഗോള തലത്തില്‍ ശ്രദ്ധേയമായ 10 സ്റ്റാര്‍ട്ടപ്പുകളെങ്കിലും സംസ്ഥാനത്തുണ്ടാക്കുന്നതിനായാണ് പരിശ്രമിക്കുന്നത്. സ്വയംഭരണാധികാരമുള്ള സര്‍ക്കാര്‍ സംവിധാനമായ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി. സ്റ്റാര്‍ട്ട് മിഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്യും.

Comments

comments

Categories: Current Affairs, Slider
Tags: start-up