ഗുജറാത്തില്‍ ആര്‍ഐഎല്‍ മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കും

ഗുജറാത്തില്‍ ആര്‍ഐഎല്‍ മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഊര്‍ജം, പെട്രോകെമിക്കല്‍, നൂതന സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും നിക്ഷേപം നടത്തുകയെന്നും അംബാനി അറിയിച്ചു. ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിലാണ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗുജറാത്തിലെ ജംമ്‌നാനഗറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ റിഫൈനിംഗ് കോംപ്ലക്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കോംപ്ലക്‌സ് ആണിത്. സംസ്ഥാനത്ത് ഒന്നിലധികം മേഖലകളിലായി ആര്‍ഐഎല്ലിന്റെ പെട്രോകെമിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. റിലയന്‍സിന്റെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് ഗുജറാത്ത്. എല്ലായ്‌പ്പോഴും ആര്‍ഐഎല്ലിന്റെ പ്രഥമ മുന്‍ഗണന ഗുജറാത്തിനാണെന്നും തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഗുജറാത്തില്‍ ഇതുവരെ ഏകദേശം മൂന്ന് ലക്ഷം കോടി രൂപയോളം നിക്ഷേപം ആര്‍ഐഎല്‍ നടത്തിയിട്ടുണ്ട്. ഒരു മില്യണിലധികം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ പതിറ്റാണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിക്ഷേപവും തൊഴിലവസരങ്ങളും ആര്‍ഐഎല്‍ ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിലയന്‍സ് ടെലികോം സംരംഭമായ ജിയോയുടെ ബിസിനസ് വിപുലീകരിക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്. ജിയോ നെറ്റ്‌വര്‍ക്കില്‍ 5ജി സര്‍വീസ് പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. അതേസമയം, ജിയോ 5ജി സേവനം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യം അംബാനി വ്യക്തമാക്കിയിട്ടില്ല. ഇന്ന്, ജിയോ 4ജി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കിന്റെ ഷോകേസ് ആണ് ഗുജറാത്ത്. ഭാവിയിലും ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ മുന്‍നിരയില്‍ തന്നെ ഗുജറാത്ത് തുടരുമെന്ന് അംബാനി ചൂണ്ടിക്കാട്ടി.

ജിയോയും റിലയന്‍സ് റീട്ടെയ്‌ലും ചേര്‍ന്ന് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കച്ചവടക്കാരെയും ഷോപ്പ്കീപ്പര്‍മാരെയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കും. രാജ്യത്തുടനീളം ജിയോയ്ക്കും റിലയന്‍സ് റീട്ടെയ്‌ലിനുമായി 9,000 സ്റ്റോറുകളുണ്ട്. ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന തങ്ങളുടെ ചെറുകിട കച്ചവടക്കാരെയും ഷോപ്പ്കീപ്പര്‍മാരെയും ശാക്തീകരിക്കുന്നതിനും സമ്പന്നരാക്കുന്നതിനും പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അംബാനി വിശദീകരിച്ചു.

Comments

comments

Categories: Business & Economy, Slider