എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20% വര്‍ധിച്ചു

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായം 20.3 ശതമാനം വര്‍ധിച്ച് 5,585.9 കോടി രൂപയിലെത്തിയതായി എച്ച്ഡിഎഫ്‌സി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. അറ്റ പലിശ വരുമാനം വര്‍ധിച്ചതാണ് അറ്റാദായം ഉയരാനുള്ള പ്രധാന കാരണമായി ബാങ്ക് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 4,642.6 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

ബാങ്കിന്റെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ 24,450.44 കോടി രൂപയില്‍ നിന്നും 30,811.27 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അറ്റ പലിശ വരുമാനത്തില്‍ 21.9 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 10,314.3 കോടി രൂപയില്‍ നിന്നും അറ്റ പലിശ വരുമാനം കഴിഞ്ഞ പാദത്തില്‍ 12,576.8 കോടി രൂപയായി ഉയര്‍ന്നു.

അറ്റ നിഷ്‌ക്രിയ ആസ്തിയില്‍ 1.38 ശതമാനം വര്‍ധനയാണ് ഡിസംബര്‍ പാദത്തില്‍ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ എന്‍പിഎ 1.29 ശതമാനം ഉയര്‍ന്ന സ്ഥാനത്താണിത്. അതേസമയം, കിട്ടാക്കടം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ബാങ്കിന്റെ നീക്കിയിരിപ്പ് 1,351.44 കോടി രൂപയില്‍ നിന്നും 2,211,53 കോടി രൂപയായി വര്‍ധിച്ചു.

മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ബാങ്കിന്റെ വരുമാനം 4,921.01 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 3,869.17 കോടി രൂപയായിരുന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ അറ്റ ലാഭം 15,193.0 കോടി രൂപയാണ്. 19.7 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് അറ്റ ലാഭത്തില്‍ ഉണ്ടായത്. 85,393.5 കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ ബാങ്ക് നേടിയത്. 69,912.0 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബറിലെ വരുമാനം. നിക്ഷേപം 22 ശതമാനം വര്‍ധിച്ച് 8,52,502 കോടി രൂപയിലെത്തി. വായ്പ 24 ശതമാനം ഉയര്‍ന്ന് 7,80,951 കോടി രൂപയായി.

Comments

comments

Categories: Business & Economy, Slider
Tags: HDFC Bank