ബജറ്റ്: കാര്‍ഷിക വായ്പകള്‍ 12 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തിയേക്കും

ബജറ്റ്: കാര്‍ഷിക വായ്പകള്‍ 12 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല കേന്ദ്ര ബജറ്റില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള വിഹിതം പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. നടപ്പു സാമ്പത്തിക വര്‍ഷം 11 ലക്ഷം കോടിയാണ് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പാ വിതരണ ലക്ഷ്യം. ഇത് 12 ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്നാണ് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എല്ലാ വര്‍ഷവും സര്‍ക്കാര്‍ കാര്‍ഷിക വായ്പാ വിതരണത്തിന് വകയിരുത്തുന്ന തുക വര്‍ധിപ്പിക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലെല്ലാം ബജറ്റില്‍ നിശ്ചയിച്ച തുകയില്‍ നിന്ന് കൂടുതല്‍ വായ്പ വിതരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷവും ഇത് ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്ത് ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പയായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും 11.68 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വിളകള്‍ക്കുള്ള വായ്പയിനത്തില്‍ ഒന്‍പത് ലക്ഷം കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 10.66 ലക്ഷം കോടി രൂപ നല്‍കാനായി.

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ ലഭ്യത അമിത പലിശ ഈടാക്കുന്ന അനധികൃത വായ്പാ സ്രോതസുകളില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. കടക്കെണിയും വിലയിടിവും മൂലം ദുരിതത്തിലുള്ള കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭത്തിനിറങ്ങിയതും മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്കും പിന്നാലെയാണ് കാര്‍ഷിക മേഖലയിലേക്ക് സര്‍ക്കാര്‍ കൂടുതലായി ശ്രദ്ധ ചെലുത്താനാരംഭിച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതടക്കം കൃഷിക്കാര്‍ക്ക് ആശ്വാസം പകരുന്ന വന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരുന്ന ബജറ്റില്‍ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

Comments

comments

Categories: Current Affairs, Slider

Related Articles