ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ മുന്നില്‍ സ്വിഗ്ഗി

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ മുന്നില്‍ സ്വിഗ്ഗി

ഉപഭോക്തൃ അനുഭവം പരിഗണിച്ചാല്‍ സൊമാറ്റോയേക്കാല്‍ നേരിയ മുന്‍തൂക്കം മാത്രമാണ് സ്വിഗ്ഗിക്കുള്ളത്

ബെംഗളൂരു: രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭങ്ങളില്‍ വിശ്വസ്തതയിലും ഉപഭോക്തൃ സംതൃപ്തിയിലും മുന്നില്‍ നില്‍ക്കുന്നത് സ്വിഗ്ഗിയാണെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സര്‍വേ പ്രകാരം ഒന്നാമതെത്തിയ സ്വിഗ്ഗി 96 സ്‌കോറാണ് കരസ്ഥമാക്കിയത്. സ്വിഗ്ഗിയുടെ മുഖ്യ എതിരാളികളായ സൈാമാറ്റോ 82 സ്‌കോറുമായി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്.

യുബര്‍ ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള യുബര്‍ ഈറ്റ്‌സ് മൂന്നാം സ്ഥാനത്തും ഒലയുടെ ഫുഡ് പാണ്ട നാലാം സ്ഥാനത്തും എത്തി. 73, 70 എന്നിങ്ങനെയാണ് ഈ ബ്രാന്‍ഡുകള്‍ കരസ്ഥമാക്കിയ സ്‌കോറുകള്‍.
കഴിഞ്ഞമാസമാണ് സ്വിഗ്ഗി 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഫുഡ് ടെക് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഫണ്ടിംഗ് ആയിരുന്നു അത്. ഇത് പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതില്‍ സൊമാറ്റോയില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയില്‍ ഉയര്‍ന്ന വിഹിതം നേടുന്നതിനായി കടുത്ത മല്‍സരവും മൂലധന സമാഹരണവുമാണ് ഇരു കമ്പനികളും നടത്തുന്നത്.
20 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റെഡ്‌സീര്‍ സര്‍വേ സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്ന ഏറ്റവും വിശ്വസ്തതയുള്ള ബ്രാന്‍ഡ്, നല്‍കുന്ന പണത്തിന് ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കുന്ന ബ്രാന്‍ഡ്, വിതരണത്തിലും അതിനു ശേഷവും ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്ന ബ്രാന്‍ഡ് എന്നീ അടിസ്ഥാന ഘടകങ്ങള്‍ക്ക് അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.

വിശ്വസ്തതയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ നിന്ന് 22 സ്‌കോറാണ് സ്വിഗ്ഗി നേടിയത്. 10 ആണ് സൊമാറ്റോയുടെ സ്‌കോര്‍. ആദ്യം മനസില്‍ വരുന്ന ബ്രാന്‍ഡ്, പ്രത്യേക സഹായമില്ലാതെ ഡയല്‍ ചെയ്യാനാകല്‍ എന്നിവയെല്ലാമായിരുന്നു ഈ വിഭാഗത്തിലെ മാനദണ്ഡങ്ങള്‍.
എന്നാല്‍ ഉപഭോക്തൃ അനുഭവം പരിഗണിച്ചാല്‍ സൊമാറ്റോയേക്കാല്‍ നേരിയ മുന്‍തൂക്കം മാത്രമാണ് സ്വിഗ്ഗിക്കുള്ളത്. ഭക്ഷണം കണ്ടെത്തുന്നത്, ഓര്‍ഡര്‍ ചെയ്യുന്നത്, കാന്‍സല്‍ ചെയ്യുന്നത്, ഓണ്‍ലൈനിലെ മറ്റ് സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടത്. പണത്തിന് നല്‍കുന്ന മൂല്യത്തിന്റെ കാര്യത്തില്‍ നാല് പ്രമുഖ കമ്പനികളും ഏറക്കുറേ ഒരു നിലവാരമാണ് പുലര്‍ത്തുന്നത്. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പുനെ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്നായി 900ഓളം ഉപഭോക്താക്കളില്‍ നിന്നാണ് സര്‍വേക്കായി റെഡ്‌സീര്‍ പ്രതികരണമെടുത്തത്.

പുതിയ ഫണ്ടിംഗിന് ശേഷം സ്വിഗ്ഗി രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പായി മാറിയിട്ടുണ്ട്. 3.3 മില്യണ്‍ ഡോളറിന്റെ മൂല്യമാണ് സ്വിഗ്ഗിക്ക് കണക്കാക്കുന്നത്. 4 വര്‍ഷം മുന്‍പാണ് സ്വിഗ്ഗി സ്ഥാപിക്കപ്പെട്ടത്.

Comments

comments

Categories: Business & Economy
Tags: Swiggy