സ്മാര്‍ട്ട് വീടുകള്‍ക്ക് വേണം സ്മാര്‍ട്ട് സുരക്ഷ

സ്മാര്‍ട്ട് വീടുകള്‍ക്ക് വേണം സ്മാര്‍ട്ട് സുരക്ഷ

സ്മാര്‍ട്ട് ഹോമുകളുടെ സുരക്ഷയ്ക്കാണ് ഈ വര്‍ഷത്തെ ഇന്റെര്‍സെക് 2019 പ്രദര്‍ശനം ഊന്നല്‍ നല്‍കുന്നത്

ദുബായ്: യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ആളുകള്‍ വീടുകള്‍ക്കായി സ്മാര്‍ട്ട് ഹോം സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുക്കുന്ന പ്രവണത വ്യാപിക്കവെ സ്മാര്‍ട്ട് ഹോമുകളില്‍ സ്മാര്‍ട്ട് സെക്യൂരിറ്റി കൂടി ആവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്റെര്‍സെക് 2019 സംഘാടകര്‍. താപനില ക്രമീകരണം, വെളിച്ചം, കണക്ടിവിറ്റി, ഗൃഹോപകരണങ്ങളുടെ ഉപയോഗം തുടങ്ങി സ്മാര്‍ട്ട് ഹോം സാങ്കേതിക വിദ്യകള്‍ വീടുകളില്‍ ഉപയോഗത്തില്‍ വരുത്തുമ്പോള്‍ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്നാണ് ഇവരുടെ ഉപദേശം.

ഇന്റെര്‍സെക് 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട് ഹോമുകളിലെ സുരക്ഷ വിഷയമായത്. യുഎഇയിലുടനീളം വീടുകള്‍ക്കായി സ്മാര്‍ട്ട് ഹോം സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ജനാര്‍ദ്ധനന്‍ പറഞ്ഞു.

വീടുകളെ യഥാര്‍ത്ഥത്തില്‍ സ്മാര്‍ട്ട് ഹോമുകളാക്കുന്ന സാങ്കേതിക വിദ്യകളാണ് ഇന്നുള്ളത്. വിവേകമുള്ള വീടുകള്‍(ഫുള്ളി ഇന്റെലിജന്റ് ഹോം) ആണ് ഇനി വരാനുള്ളത്. ഓട്ടോമേഷന്‍ വീടുകളുടെ അകത്തളങ്ങളില്‍ വരെ എത്തിനില്‍ക്കുകയും ആമസോണ്‍, ഗൂഗിള്‍ എന്നിവ വഴി കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളാകുകയും ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ഹോം മാര്‍ക്കറ്റിന്റെ സാധ്യതകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. വീട്ടില്‍ ഒരിക്കല്‍ സ്മാര്‍ട്ട് ഹോം ഉപകരണം വാങ്ങിച്ചു കഴിഞ്ഞാല്‍ വീണ്ടും അത്തരത്തിലുള്ളവ വാങ്ങാന്‍ വീട്ടുകാരില്‍ താത്പര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്.

മിഡില്‍ ഈസ്റ്റില്‍ 2018ല്‍ ഏതാണ്ട് 785 മില്യണിന്റെ സ്മാര്‍ട്ട് ഹോം വിപണിയാണ് ഉണ്ടായിരുന്നത്. സ്മാര്‍ട്ട് ഹോമുകള്‍ക്കുണ്ടാകുന്ന ഈ സ്വീകാര്യതയ്ക്കനുസരിച്ച് വീടുകളിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാകുകയാണ്. ഈ വര്‍ഷത്തെ ഇന്റെര്‍സെക് പ്രദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുന്നത് ഈ വിഷയത്തിനാണെന്ന് അരുണ്‍ ജനാര്‍ദ്ധനന്‍ അറിയിച്ചു. തത്സമയ പ്രവര്‍ത്തനം, തീയണയ്ക്കല്‍, അടിയന്തര രക്ഷാപ്രവര്‍ത്തനം, ഡ്രോണ്‍ പ്രകടനങ്ങള്‍, ഭാവി നഗരങ്ങളിലെ സുരക്ഷാ ആസൂത്രണം, ദുബായ് എക്‌സ്‌പോ 2020 യുടെ സുരക്ഷ എന്നിവയാണ് 21ാം ഇന്‍െര്‍സെക് പ്രദര്‍ശനത്തിലെ പ്രധാന വിഷയങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബായ് ഇന്റെര്‍നാഷ്ണല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച മുതലാണ് ഇന്റെര്‍സെക് 2019 ആരംഭിക്കുക.

Comments

comments

Categories: Arabia
Tags: Smart house

Related Articles