ലാഭത്തിലും വരുമാനത്തിലും മികച്ച നേട്ടം കുറിച്ച് ആര്‍ഐഎല്‍

ലാഭത്തിലും വരുമാനത്തിലും മികച്ച നേട്ടം കുറിച്ച് ആര്‍ഐഎല്‍

ആര്‍ഐഎല്ലിന്റെ സംയോജിത അറ്റാദായം 8.82% ഉയര്‍ന്നു, വരുമാനം 56% വര്‍ധിച്ചു

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ സംയോജിത അറ്റ ലാഭത്തില്‍ 8.82 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തിലെ 9,420 കോടി രൂപയില്‍ നിന്നും 10,251 കോടി രൂപയായി ഉയര്‍ന്നു. 10,000 കോടി രൂപയുടെ ത്രൈമാസ ലാഭം നേടുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ഇതോടൊപ്പം ആര്‍ഐഎല്‍ സ്വന്തമാക്കി.

സംയോജിത വരുമാനത്തില്‍ 56 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1.09 ലക്ഷം കോടി രൂപയില്‍ നിന്നും വരുമാനം 1.71 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. പെട്രോകെമിക്കല്‍, റീട്ടെയ്ല്‍, ടെലികോം ബിസിനസുകളില്‍ നിന്നുള്ള നേട്ടമാണ് മൂന്നാം പാദത്തില്‍ കമ്പനിയെ പിന്തുണച്ചത്. മൂന്നാം പാദത്തിലുടനീളം എണ്ണ വിലയില്‍ ഉയര്‍ന്ന അസ്ഥിരത നേരിട്ടെങ്കിലും സംയോജിതാടിസ്ഥാനത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിച്ചതായി ആര്‍ഐഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു.

റീട്ടെല്‍, ജിയോ പ്ലാറ്റ്‌ഫോമുകളില്‍ വേഗത്തിലുള്ള വളര്‍ച്ച നിലനിര്‍ത്തിയതായും കമ്പനിയുടെ മൊത്തം ലാഭശേഷിയില്‍ കണ്‍സ്യൂമര്‍ ബിസിനസില്‍ നിന്നുള്ള പങ്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി. ആര്‍ഐഎല്‍ കണ്‍സ്യൂമര്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ (പലിശയും നികുതിയും അടക്കമുള്ള ചെലവുകള്‍ക്ക് മുന്‍പുള്ളത്) 25 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായത്. ജിയോ, റീട്ടെയ്ല്‍ വിഭാഗത്തില്‍ നിന്നുള്ള വില്‍പ്പന അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നും കമ്പനിയുടെ മൊത്തം വരുമാനത്തില്‍ മികച്ച സംഭാവന നല്‍കാന്‍ ഈ മേഖലകള്‍ക്ക് കഴിയുമെന്നും മുകേഷ് അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു.

റിലയന്‍സ് ജിയോയുടെ ലാഭത്തില്‍ 65 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ 504 കോടി രൂപയില്‍ നിന്നും ജിയോയുടെ ലാഭം 831 കോടി രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി ജിയോ ലാഭം നേടുന്ന അഞ്ചാമത്തെ പാദമാണിത്. കമ്പനിയുടെ വരുമാനം 51 ശതമാനം ഉയര്‍ന്ന് 12,302 കോടി രൂപയായി. 28 മില്യണ്‍ ഉപയോക്താക്കളെയാണ് ജിയോ കഴിഞ്ഞ പാദത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ വരിക്കാരുടെ എണ്ണം 280 മില്യണായി.

ഡിസംബര്‍ പാദത്തില്‍ റിലയന്‍സ് റീട്ടെയ്‌ലില്‍ നിന്നുള്ള ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വര്‍ധിച്ചു. ഉത്സവകാല വില്‍പ്പനയില്‍ മികച്ച വില്‍പ്പന നേടാനായതും ആക്രമണോത്സുകമായ സ്‌റ്റോര്‍ വിപുലീകരണ പദ്ധതികളുമാണ് റീട്ടെയ്ല്‍ വിഭാഗത്തിലെ വളര്‍ച്ചയെ പിന്തുണച്ചത്. റീട്ടെയ്‌ലില്‍ നിന്നുള്ള വരുമാനം 18,798 കോടി രൂപയില്‍ നിന്നും 35,577 കോടി രൂപയായി ഉയര്‍ന്നു.

പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 37 ശതമാനം വര്‍ധിച്ച് 46,246 കോടി രൂപയിലെത്തി. റിഫൈനിംഗ്-മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 47.3 ശതമാനം ഉയര്‍ന്ന് 1.11 ലക്ഷം കോടി രൂപയായി. 2017 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 75,865 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ആര്‍ഐഎല്ലിന്റെ മൊത്ത വരുമാനത്തില്‍ 80 ശതമാനത്തോളം സംഭാവന ചെയ്യുന്നത് റിഫൈനിംഗ്-മാര്‍ക്കറ്റിംഗ് ബിസിനസ് ആണ്.

സാമ്പത്തിക പ്രകടനം ഇങ്ങനെ

വിഭാഗം വരുമാനം വര്‍ധന ലാഭം വര്‍ധന
(കോടി) (%) (കോടി) (%)

ഡിജിറ്റല്‍ 12,302 51 831 65

റീട്ടെയ്ല്‍ 35,577 89.3 1,680 177

പെട്രോകെം 46,246 37.1 8,221 42.9

റിഫൈനിംഗ് 111,738 47.3 5,055

Comments

comments

Categories: Business & Economy
Tags: RIL