മാരുതി സുസുകി പ്രതിവര്‍ഷം 20 ലക്ഷം കാറുകള്‍ നിര്‍മ്മിക്കും

മാരുതി സുസുകി പ്രതിവര്‍ഷം 20 ലക്ഷം കാറുകള്‍ നിര്‍മ്മിക്കും

നിലവില്‍ മാരുതി സുസുകിയുടെ ആകെ വാര്‍ഷിക ഉല്‍പ്പാദനം 17.5 ലക്ഷം യൂണിറ്റാണ്

ന്യൂഡെല്‍ഹി : ഗുജറാത്തിലെ പ്ലാന്റില്‍ 2020 ഓടെ പ്രതിവര്‍ഷം 7.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കുമെന്ന് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുകി. ഉല്‍പ്പാദനം ഏഴര ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കും. നിലവില്‍ ഹന്‍സാല്‍പുര്‍ പ്ലാന്റിലെ ഒരു അസംബ്ലി ലൈനില്‍ വര്‍ഷം തോറും രണ്ടര ലക്ഷം വാഹനങ്ങളാണ് നിര്‍മ്മിക്കുന്നത്. രണ്ടാമത്തെ അസംബ്ലി ലൈന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. 2020 തുടക്കത്തില്‍ മൂന്നാമത്തെ അസംബ്ലി ലൈനിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പ്രതിവര്‍ഷം ആകെ 20 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷി കൈവരിക്കുകയാണ് മാരുതി സുസുകിയുടെ ലക്ഷ്യം.

സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗുജറാത്തില്‍ തുടര്‍ച്ചയായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് തോഷിഹിരോ സുസുകി പറഞ്ഞു. ഗുജറാത്തില്‍ സുസുകി മോട്ടോറിന്റെ അസംബ്ലി പ്ലാന്റ് ഉദ്ഘാടനം ചെയ്തത് 2017 സെപ്റ്റംബറിലാണ്. പ്ലാന്റിലെ രണ്ടാമത്തെ അസംബ്ലി ലൈന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മൂന്നാമത്തെ അസംബ്ലി ലൈന്‍ 2020 ല്‍ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. മൂന്ന് അസംബ്ലി ലൈനുകളും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഗുജറാത്തില്‍ സുസുകി മോട്ടോറിന്റെ വാര്‍ഷിക ഉല്‍പ്പാദനശേഷി 7.5 ലക്ഷം യൂണിറ്റായി വര്‍ധിക്കും.

നിലവില്‍ മാരുതി സുസുകിയുടെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകളുടെ ആകെ വാര്‍ഷിക ഉല്‍പ്പാദനം 15 ലക്ഷം യൂണിറ്റാണ്. രണ്ട് പ്ലാന്റുകളും 7.5 ലക്ഷം വാഹനങ്ങള്‍ വീതം നിര്‍മ്മിക്കുന്നു. ഗുജറാത്തിലെ സുസുകിയുടെ ഉല്‍പ്പാദനം കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ മാരുതി സുസുകിയുടെ ആകെ വാര്‍ഷിക ഉല്‍പ്പാദനം 17.5 ലക്ഷം യൂണിറ്റാണ്. 2020 ല്‍ ഗുജറാത്ത് പ്ലാന്റിലെ മൂന്നാമത്തെ അസംബ്ലി ലൈന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആകെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 22.5 ലക്ഷം യൂണിറ്റായി വര്‍ധിക്കും.

മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഈയിടെ പുതിയ റോയല്‍റ്റി കരാര്‍ ഒപ്പുവെച്ചിരുന്നു. നിലവില്‍ വിറ്റാര ബ്രെസ്സ ഒഴികെ മറ്റെല്ലാ മോഡലുകളുടെയും റോയല്‍റ്റി മാരുതി സുസുകി, സുസുകി മോട്ടോറിന് കൈമാറുന്നത് ജാപ്പനീസ് കറന്‍സിയായ യെന്നിലാണ്. ബ്രെസ്സയുടെ റോയല്‍റ്റി നല്‍കുന്നതാകട്ടെ ഇന്ത്യന്‍ രൂപയിലും. 2025 ഓടെ എല്ലാ മോഡലുകളുടെയും റോയല്‍റ്റി ഇന്ത്യന്‍ രൂപയില്‍ നല്‍കേണ്ടി വരും.

Comments

comments

Categories: Auto