ഇറ്റാലിയന്‍ കമ്പനി ഇഎന്‍ഐയ്ക്ക് ഷാര്‍ജയില്‍ ഇന്ധന ഖനനത്തിന് അനുമതി

ഇറ്റാലിയന്‍ കമ്പനി ഇഎന്‍ഐയ്ക്ക് ഷാര്‍ജയില്‍ ഇന്ധന ഖനനത്തിന് അനുമതി

ഇറ്റലിയിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ ഇഎന്‍ഐ ഷാര്‍ജ ദേശീയ ഇന്ധന കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുക

ഷാര്‍ജ പ്രമുഖ ഇറ്റാലിയന്‍ എണ്ണകമ്പനിയായ ഇഎന്‍ഐയ്ക്ക് ഷാര്‍ജയില്‍ ഇന്ധന ഖനനത്തിനും ഇന്ധന, വാതക മേഖലകളുടെ അനുബന്ധ വികസനത്തിനും ഇളവുകള്‍ അനുവദിക്കുന്ന ദീര്‍ഘകാല കരാറില്‍ ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്്് അല്‍ ഖാസിമി ഒപ്പുവെച്ചു. ഷാര്‍ജ ദേശീയ ഇന്ധന കോര്‍പ്പറേഷനുമായി(എസ്എന്‍ഒസി) ചേര്‍ന്നുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് കരാര്‍ ഊന്നല്‍ നല്‍കുന്നത്.

ഇറ്റലിയിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ ഇഎന്‍ഐയുടെ സിഇഒ ക്ലൗഡിയോ ഡെസ്‌കാല്‍സിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഷാര്‍ജ ഭരണാധികാരി കരാറില്‍ ഒപ്പുവെച്ചത്. ഊര്‍ജ, ഇന്ധന, പ്രകൃതി വാതക മേഖലകളിലെ പ്രശ്‌നങ്ങളും സുസ്ഥിര ഊര്‍ജ വികസനം ലക്ഷ്യമാക്കിയുള്ള ഭാവി പദ്ധതികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി.

സര്‍ക്കാരിനും ഷാര്‍ജയിലെ ജനങ്ങള്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കുന്നതാണ് ഈ കരാറെന്ന് ഉപ ഭരണാധികാരിയും ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. അതേസമയം ഖനന പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കി സഹായിക്കുന്ന അനുഭവജ്ഞാനമുള്ള പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഒസി ചെയര്‍മാനും പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷേഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

ഇന്ധന ഖനനത്തിലും വികസനത്തിലും മികച്ച മുന്‍കാല അനുഭവമുള്ള ഇഎന്‍ഐയെ പങ്കാളിയായി സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഒസി സിഇഒ ഹതേം അല്‍ മോസ പറഞ്ഞു.

Comments

comments

Categories: Arabia
Tags: Fuel mining