ആപ്പ് ഡൗണ്‍ലോഡില്‍ ഇന്ത്യക്ക് അതിവേഗ വളര്‍ച്ച

ആപ്പ് ഡൗണ്‍ലോഡില്‍ ഇന്ത്യക്ക് അതിവേഗ വളര്‍ച്ച

ബെംഗളൂരു: ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡില്‍ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യ. ഫൂഡ് ഡെലിവെറി, ഫിനാന്‍സ് ആപ്പുകളുടെ ഡൗണ്‍ലോഡ് വര്‍ധിച്ചതാണ് ഈ രംഗത്ത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ആപ്പ് ആനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 മുതല്‍ 2018 വരെയുള്ള കാലയളവിലെ കണക്കുകളാണ് ആപ്പ് ആനി വിലയിരുത്തിയിട്ടുള്ളത്.

2016-2018 കാലയളവില്‍ രാജ്യത്ത് ആപ്പ് ഡൗണ്‍ലോഡുകളില്‍ 165 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ 70 ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്. ലോകത്തിലെ മൊത്തം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകളില്‍ 50 ശതമാനമാണ് ചൈനയുടെ സംഭാവന. 2016-2018ല്‍ ഇന്തോനേഷ്യയില്‍ ആപ്പ് ഡൗണ്‍ലോഡ് 55 ശതമാനവും വര്‍ധിച്ചു.

ഫൂഡ് ഡെലിവെറി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡൗണ്‍ലോഡില്‍ 900 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മറ്റ് ഏത് രാജ്യത്തേക്കാളും കൂടുതലാണിത്. ആഗോള തലത്തില്‍ യൂബര്‍ ഈറ്റ്‌സും സൊമാറ്റോയുമാണ് മുന്‍നിര ആപ്പുകളെങ്കില്‍ ഇന്ത്യയില്‍ ജനപ്രീതി നേടിയിട്ടുള്ള ഫൂഡ് ഡെലിവെറി ആപ്പ് സ്വിഗ്ഗിയാണ്.

രാജ്യത്ത് ഫിനാന്‍സ് ആപ്പുകളുടെ ഡൗണ്‍ലോഡില്‍ 200 ശതമാനത്തിലധികം വളര്‍ച്ചയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത്. ഈ വിഭാഗത്തില്‍ യുഎസ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ വളര്‍ച്ച 50 ശതമാനമാണ്. ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവയാണ് ഫിനാന്‍സ് ആപ്പുകളുടെ ഡൗണ്‍ലോഡില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍

Comments

comments

Categories: Tech