നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങാം

നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങാം

ആരോഗ്യകരമായ വ്യക്തി/സാമൂഹ്യ ജീവിതത്തില്‍ മതിയായ ഉറക്കത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് വൈദ്യശാസ്ത്ര രംഗം ഏറെക്കാലമായി ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഓരോ ദിവസത്തെയും മൂന്ന് സമയശ്രേണികളായി തിരിച്ച് ദിനചര്യകളെ ചിട്ടപ്പെടുത്തുകയും ഉറക്കം കൃത്യമാക്കുകയുെ ചെയ്താല്‍ രോഗങ്ങളെ അകറ്റാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിയും. നാല് ഘട്ടങ്ങളുള്ള നിദ്രയുടെ അവസാനത്തെ രണ്ട് പാദങ്ങിലേക്ക് മിക്കയാളുകള്‍ക്കും എത്താനാവുന്നില്ലെന്നത് ആധുനിക ലോകത്തെ പ്രധാന അപായസൂചനകളിലൊന്നാണ്. നല്ല ആരോഗ്യത്തിന് നന്നായി സ്വപ്‌നം കണ്ടുറങ്ങാം

 

ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ഏറ്റവും അത്യാവശ്യമാണ് സൂര്യനും അതുമൂലം ലഭിക്കുന്ന പകല്‍വെളിച്ചവും അതുപോലെ രാത്രിയും. ദൈവം പ്രകൃതിയെ അതിന്റെ സാങ്കേതിക രൂപത്തില്‍ ക്രമീകരിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ഒരു ജീവ ജാലങ്ങളും ഉണ്ടാവുമായിരുന്നില്ല. ഭൂമിയില്‍ ഉള്ള എല്ലാ ജീവജാലങ്ങളെയും പരിഗണിച്ചാല്‍, ഒരു ജീവിയും പ്രകൃതിക്ക് വിരുദ്ധമായി ജീവിക്കുന്നില്ലെന്ന് കാണാനാവും. അവയുടെ ആവശ്യങ്ങളും സ്വപ്നങ്ങളും പരിമിതമാണ് എന്നതാണിതിന് കാരണം. മനുഷ്യനു മാത്രമാണ് സമൂഹ പരിഗണനയും കുടുംബ പശ്ചാത്തലവുമുള്ളതെന്നതാണ് മറ്റു ജീവജാലങ്ങളും അവനും തമ്മിലുള്ള ജൈവിക വ്യത്യാസം. മനുഷ്യന്‍ അവന്റെ സാമൂഹിക / കുടുംബ ചരിത്രം നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്തു പോരുന്നു. തന്നെയുമല്ല ഭൂമിയുടെ ഏതു കോണില്‍ പോയാലും അവന്‍ ആ വ്യതിരിക്തത നിലനിര്‍ത്താനും അതുമൂലം അംഗീകാരം നേടാനും ശ്രമിക്കുന്നു. മനുഷ്യന്റെ ചിന്താമണ്ഡലം ചലിച്ചു കൊണ്ടേ ഇരിക്കുന്നു; ഊണിലും ഉറക്കത്തിലും.

മനുഷ്യന്‍ കാണുന്ന സ്വപ്നങ്ങള്‍ പോലും പലപ്പോഴും അവന്റെ അബോധ മനസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. പലപ്പോഴും നമ്മളിലെ കണ്ടറിവുകളിലും കേട്ടറിവുകളിലും ഉള്ളത് മാത്രമേ സ്വപ്നങ്ങളായി നാം കാണുന്നുള്ളെന്നതാണ് ഒരു പ്രത്യേകത. നിങ്ങളുടെ മനസ്സില്‍ എന്നോ വീണു കിടക്കുന്ന ചിന്തകള്‍ തന്നെയാണവ. ഉണര്‍ന്നിരിക്കുമ്പോഴും അതുപോലെ ഉറങ്ങുമ്പോഴും മനഷ്യന് സ്വപ്നങ്ങള്‍ കാണാന്‍ കഴിയും. ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നത്തെ ആഗ്രഹങ്ങള്‍ എന്നും ഉറങ്ങുമ്പോള്‍ കാണുന്നതിനെ യഥാര്‍ത്ഥ സ്വപ്നം എന്നും നിര്‍വചിക്കുന്നു. ബോധ മനസ്സിലെ സ്വപ്നത്തെ നമുക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയും. അതിന് ഒരു തുടക്കവും ഒടുക്കവും പ്രത്യക്ഷത്തില്‍ ഉണ്ടാവും എന്നതാണ് മുഖ്യ കാരണം. അബോധമനസ്സില്‍ കാണുന്ന സ്വപ്നത്തിനു പലപ്പോഴും നമ്മുടെ ജീവിതവുമായി അടുപ്പം ഉണ്ടാവില്ല. എന്നാല്‍ എവിടെക്കെയോ അതിനു സ്വാധീനം ഉണ്ട് താനും. അത് കൊണ്ടാണ് ഉണര്‍ന്നതിന് ശേഷം സ്വപ്‌നത്തിലെ കാര്യങ്ങള്‍ പല ആളുകള്‍ക്കും ഓര്‍മയുണ്ടാവാത്തത്. അഥവാ ഉണ്ടെങ്കില്‍ തന്നെ അതിന് ആരും പ്രാധാന്യം കൊടുക്കുകയോ വീണ്ടും ഓര്‍ത്തെടുക്കുകയോ ചെയ്യാറില്ല.

ബോധമനസ്സില്‍ കാണുന്ന സ്വപ്നത്തെ വ്യഖ്യാനിക്കാന്‍ വളരെ എളുപ്പമാണ് കാരണം അതിനു നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുമായും അതുപോലെ നിങ്ങളുടെ സാമൂഹിക അന്തരീക്ഷവുമായും വളരെ അടുത്ത ബന്ധം ഉണ്ടാവും. സ്വപ്നത്തെ പലപ്പോഴും നമ്മള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും തത്വങ്ങളുടെ അടിസ്ഥാനത്തിലും മതപരമായ ചിന്തകളുടെ അടിസ്ഥാനത്തിലും നിര്‍വചിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ബോധമനസ്സിലെ സ്വപ്നത്തെ ക്രമപ്പെടുത്തി എടുക്കാന്‍ നമ്മള്‍ പലപ്പോഴും ശാസ്ത്രത്തെയും തത്വങ്ങളെയും അതുപോലെ മതപരമായ ആശയങ്ങളെയും ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടാണ് മനുഷ്യ മനസ്സില്‍ അവന്‍ ജീവിക്കുന്ന ചുറ്റുപാടിനും മത ചിന്തകള്‍ക്കും വിഭിന്ന തത്വ ചിന്തകള്‍ക്കും ശാസ്ത്ര അഭിരുചിക്കും പുറമെ അവന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ചിന്താ ധാരകള്‍ക്കും വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നത്. ഇവിടെ മനുഷ്യന്റെ ബോധ സ്വപ്ന മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആഗ്രഹം നേടിയെടുക്കാന്‍ ഏതാണോ എളുപ്പമാര്‍ഗം അതവന്‍ സ്വീകരിക്കും എന്നതാണ് പൊതുവില്‍ അംഗീകരിക്കുന്ന നിയമം.

അബോധമനസ്സിന്റെ സ്വപ്നം എന്നത് നിങ്ങളുടെ ഉറക്കത്തിനിടെ ശരീരത്തില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളുടെയും ഫലമാണ്. കണ്ണുകളുടെ പെട്ടെന്നുള്ള ചലനങ്ങളും ശ്വാസനിശ്വാസ വേഗതയുമെല്ലാം അതിനു പ്രേരകമായ ഘടകങ്ങള്‍ ആണ്. ശരീരം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ ആരും സ്വപ്നം കാണാറില്ലെന്നതാണ് ഒരു പ്രധാന വസ്തുത. അബോധമനസ്സില്‍ ശരീരം സ്വസ്ഥവും ആരോഗ്യവും ഉള്ള അവസ്ഥയില്‍ മാത്രമേ സ്വപ്നം നടക്കുകയുള്ളൂ. നാല് ഘട്ടങ്ങളിലൂടെയാണ് അടിസ്ഥാനപരമായി മനുഷ്യന്റെ ഉറക്കം കടന്നു പോവുന്നത്. ഒന്നാമതായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തുടങ്ങുന്ന ആദ്യത്തെ 10 മിനിറ്റ് സമയം (ഉണര്‍വിന്റെയും ഉറക്കത്തിന്റെയും ഇടയിലുള്ള സമയം), രണ്ടാമത്തെ ഘട്ടത്തില്‍ ശരീര ഊഷ്മാവ് താഴുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്യുന്നു. തലച്ചോറ് ഉറക്കത്തിലേക്കു വീഴുന്ന, 20 മിനിറ്റുകള്‍ നീണ്ടു നില്‍ക്കുന്ന അവസ്ഥയാണിത്. മൂന്നാമതായി ഗാഢ നിദ്രയിലേക്ക് നാം എത്തുന്നു. അപ്പോഴാണ് നമ്മുടെ രക്തസമ്മര്‍ദ്ദം കുറയുന്നതും മസിലുകള്‍ അയയുന്നതും. നാലാമത്തെ അവസ്ഥയില്‍ മസ്തിഷ്‌കം കൂടുതല്‍ ആക്റ്റീവ് ആവുകയും ശരീരം കൂടുതല്‍ റിലാക്‌സ് ആയി വരുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ കണ്ണുകള്‍ കൂടുതല്‍ വേഗതയില്‍ ചലിക്കാന്‍ തുടങ്ങുകയും അബോധമനസ്സിലെ ചിത്രങ്ങളും ശബ്ദങ്ങളും രുചികളും എല്ലാം പലപ്പോഴായി മാറി മറിഞ്ഞു വരികയും ചെയ്യുന്നു.

അമേരിക്കന്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍ പ്രകാരം എല്ലാ മനുഷ്യരുടെയും 50 ശതമാനം ഉറക്കവും രണ്ടാത്തെ ഘട്ടം വരെ മാത്രമേ ഉണ്ടാവാറുള്ളൂ. ഗാഢ നിദ്രയിലേക്ക് എത്താന്‍ ആര്‍ക്കും കഴിയുന്നില്ലെന്നോ അല്ലെങ്കില്‍ അതിനുള്ള സമയം കണ്ടെത്താന്‍ കഴിയുന്നില്ലെന്നോ ആണ് ഇതിനര്‍ത്ഥം. ഉറക്കത്തിനിടെ ഗാഢ നിദ്ര ലഭിക്കുന്ന സമയം വെറും 20 ശതമാനമാണ്. വര്‍ഷങ്ങളായി ഗാഢ നിദ്ര ലഭിക്കാത്ത എത്രയോ ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അതിനുള്ള കാരണങ്ങള്‍ പലതാണ് എന്ന് മാത്രം. ഉറക്കത്തില്‍ മസ്തിഷ്‌കം പല രൂപത്തിലുള്ള തരംഗങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ബീറ്റ, ആല്‍ഫ, ഡെല്‍റ്റ തരംഗങ്ങളാണ് അവയില്‍ പ്രധാനം. തലച്ചോറ് ഡെല്‍റ്റ തരംഗം പുറപ്പെടുവിക്കുമ്പോള്‍ മാത്രമാണ് നമുക്ക് ഗാഢ നിദ്ര ലഭിക്കുന്നത്. മിക്കവാറും ആളുകളുടെ ഉറക്കം, ബീറ്റ-ആല്‍ഫ തരംഗങ്ങള്‍ മാറി മറിഞ്ഞു വരുന്ന അവസ്ഥയാണ്. ക്രിമിനല്‍ സൈക്കോളജിയുടെ ഭാഗമായി നോക്കുമ്പോള്‍ മോഷണങ്ങള്‍ പലതും നടക്കുന്നത് രാത്രിയുടെ അന്ത്യയാമങ്ങളില്‍ മാത്രമാവും എന്ന് കാണാം. എല്ലാവരും ഗാഢ നിദ്ര പൂണ്ടു കിടക്കുന്നസമയമാണ് മോഷ്ടാക്കള്‍ തെരഞ്ഞെടുക്കുന്നതെന്നര്‍ത്ഥം. പൊതുവില്‍ മനുഷ്യന്റെ തലച്ചോറ് ഉറക്കം പിടിക്കുന്ന സമയമാണ് അന്ത്യയാമം അഥവാ രാത്രി മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയം. മനുഷ്യന്റെ ബയോളജിക്കല്‍ ക്ലോക്ക് ഉറങ്ങുന്ന സമയമാണ് രാത്രിയുടെ അവസാനഭാഗം. സുരക്ഷാ പാളിച്ചകളും റോഡപകടങ്ങളും സാധാരണ സംഭവിക്കുന്നതും രാത്രിയുടെ ഈ അവസാന ഘട്ടത്തിലാണ്.

മനുഷ്യ ജീവന്‍ നിലനില്‍ക്കാന്‍ നമ്മള്‍ ദിവസത്തെ 8 + 8 + 8 = 24 എന്നിങ്ങനെ മൂന്നായി തരം തിരിച്ചേ മതിയാവൂ. ആദ്യത്തെ ഭാഗം നമ്മുടെ ജോലി. രണ്ടാമത്തെ ഭാഗം നമ്മുടെ കുടുംബത്തിനും സമൂഹത്തിനുമായുള്ള സമയം. മൂന്നാമത്തെ ഭാഗം ഉറക്കം. ഇത് മൂന്നും തുല്യ അളവില്‍ വിഭജിച്ചില്ലെങ്കില്‍ ക്രമേണ നമ്മള്‍ മാനസികമായും ശാരീരികമായും പല അസുഖങ്ങള്‍ക്കും അടിമയാവും. ദിവസത്തെ ക്രമപ്പെടുത്തി ജീവിച്ചാല്‍ നമുക്ക് ലഭിക്കുന്ന ലാഭം എത്രയോ വലുതാണ്. ജീവിതത്തില്‍ കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കാന്‍ സാധിക്കും. കുടുംബത്തിലും സമൂഹത്തിലും ഇടപെട്ട് ജീവിക്കാന്‍ സാധിക്കും. മാനസികവും ശാരീരികവുമായ ഉന്നതിയും ആരോഗ്യവും ആയുസ്സും നേടി എടുക്കാനും കഴിയും.

മനുഷ്യന്‍ മനപൂര്‍വം ഉറങ്ങാത്ത സാഹചര്യത്തിലും ഉറക്കം ലഭിക്കാത്ത അവസ്ഥയിലും അവനെ പിടികൂടുന്ന ധാരാളം രോഗങ്ങളുണ്ട്. അതില്‍ പ്രധാനമായവയാണ് ഹൃദ്രോഗം, ഹൃദയാഘാതം, ക്രമം തെറ്റിയ നെഞ്ചിടിപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, പ്രമേഹം, ശരീരഭാരത്തിന്റെ വര്‍ധന, ഒന്നിലും താല്‍പ്പര്യമില്ലാത്ത അവസ്ഥ, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നിവ. വ്യക്തിയുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും. സ്വാഭാവികമായും ജീവിത ചുറ്റുപാടുകളില്‍ നാം ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയേ തീരൂ.

Comments

comments

Categories: FK Special, Slider
Tags: health, sleep