ഫണ്ട് ശേഖരണത്തിന് ബാങ്കുകളെ സമീപിക്കാനൊരുങ്ങി ആംകോ

ഫണ്ട് ശേഖരണത്തിന് ബാങ്കുകളെ സമീപിക്കാനൊരുങ്ങി ആംകോ

2024ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന അമിറാള്‍ പെട്രോകെമിക്കല്‍സില്‍ പ്രതിവര്‍ഷം 2.7 മില്യണ്‍ ടണ്‍ രാസവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ജുബൈല്‍ അമിറാള്‍ പദ്ധതിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സതോര്‍പ്(സൗദി ആംകോ ടോട്ടല്‍ റിഫൈനിംഗ് ആന്‍ഡ് പെട്രോകെമിക്കല്‍ കോ.) ജപ്പാന്‍ ആസ്ഥാനമായുള്ള സുമിടോമോ മിത്‌സൂയി ബാങ്കിംഗ് കോര്‍പ്പറേഷനെയും(എസ്എംബിസി) റിയാദ് ബാങ്കിനെയും ഉപദേശകരാക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. 5 ബില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന അമിറാള്‍ പദ്ധതിക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് തരപ്പെടുത്താനാണ് സതോര്‍പിന്റെ പദ്ധതി.

സൗദി ആംകോയുടെയും ടോട്ടലിന്റെയും സംയുക്ത സംരംഭമായ സതോര്‍പ് സൗദിയില്‍ ആരംഭിക്കുന്ന പെട്രോകെമിക്കല്‍ സ്ഥാപനമാണ് അമിറാള്‍. ഈ സംയുക്ത സംരംഭത്തിന്റെ എണ്ണശുദ്ധീകരണ ശാല പ്രവര്‍ത്തിക്കുന്ന ജുബൈലില്‍ തന്നെ അമിറാള്‍ പെട്രോകെമിക്കല്‍സ് ആരംഭിക്കാനാണ് പദ്ധതി. ഫോസില്‍ ഇന്ധനങ്ങളെ പ്ലാസ്റ്റിക്കുകളുടെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുക.

എണ്ണവ്യാപാരത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നത്. രാജ്യത്തെ ഇന്ധന നിക്ഷേപങ്ങള്‍ വഴി കൂടുതല്‍ വരുമാനമാര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതിനാല്‍ പെട്രോകെമിക്കല്‍ കമ്പനികള്‍ക്കാണ് സൗദി പ്രാധാന്യം നല്‍കുന്നത്.

2023 അവസാനത്തിലോ 2024 ആദ്യത്തിലോ അമിറാള്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിവര്‍ഷം 2.7 മില്യണ്‍ ടണ്‍ രാസവസ്തുക്കള്‍ ഇവിടെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ ആംകോയ്ക്ക്് സതോര്‍പില്‍ 62.5 ശതമാനം ഓഹരികളാണ് ഉള്ളത്. ശേഷിച്ച ഓഹരികള്‍ ടോട്ടലിന്റേതാണ്. എണ്ണ ശുദ്ധീകരണ- കെമിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കച്ച്് ആംകോയുടെ ബിസിനസ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.

ഗള്‍ഫ് മേഖലയിലെ ഇന്ധന സമ്പന്നമായ രാജ്യങ്ങള്‍ പരമ്പരാഗതമായി എണ്ണശുദ്ധീകരണത്തിനും അവയെ രാസവസ്തുക്കളായി മാറ്റുന്നതിനും വേണ്ടി ക്രൂഡ് ഓയില്‍ മറ്റ് മേഖലകളിലേക്ക് കപ്പല്‍വഴി കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമുള്ള ശുദ്ധീകരണശാലകളിലേക്ക് അസംസ്‌കൃത വസ്തു മാത്രമായി ക്രൂഡ് ഓയില്‍ എത്തിക്കാതെ സ്വന്തമായി ശുദ്ധീകരണശാലകള്‍ ആരംഭിച്ച് ലാഭം വര്‍ധിപ്പിക്കാനാണ് ആംകോയുടെ നീക്കം.

Comments

comments

Categories: Arabia
Tags: AMCO