നടപ്പു വര്‍ഷം രാജ്യത്ത് 10% ശമ്പള വര്‍ധന രേഖപ്പെടുത്തും

നടപ്പു വര്‍ഷം രാജ്യത്ത് 10% ശമ്പള വര്‍ധന രേഖപ്പെടുത്തും

ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധന രേഖപ്പെടുത്തുന്ന ഏഷ്യന്‍ രാജ്യം ഇന്ത്യയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം രാജ്യത്ത് ഇരട്ടയക്ക ശമ്പള വര്‍ധന കാണാനാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധന രേഖപ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള കണ്‍സള്‍ട്ടിംഗ് സംരംഭമായ കോണ്‍ ഫെറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നടപ്പു വര്‍ഷം രാജ്യത്തെ തൊഴിലാളികളുടെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് കോണ്‍ ഫെറി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 9 ശതമാനം ശമ്പള വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്. പണപ്പെരുപ്പം ക്രമീകരിച്ചുള്ള യഥാര്‍ത്ഥ വേതന വര്‍ധന കഴിഞ്ഞ വര്‍ഷത്തെ 4.7 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം അഞ്ച് ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഇന്ത്യയില്‍ തുടര്‍ന്നും ഉയര്‍ന്ന വേതന വര്‍ധന രേഖപ്പെടുത്തുമെന്ന് കോണ്‍ ഫെറി ഇന്ത്യ ചെയര്‍മാനും റീജണല്‍ മാനേജിംഗ് ഡയറക്റ്ററുമായ നവ്‌നീത് സിംഗ് പറഞ്ഞു. ബിസിനസ് ഘടനയും ചെലവും നിര്‍വചിക്കുന്നതിന് കമ്പനികള്‍ക്ക് വിശാലമായ കാഴ്ചപ്പാടുണ്ടായിരിക്കണമെന്നും ഓട്ടോമേഷനും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും വിദഗഗ്ധരായ തൊഴിലാളികളുടെ ആവശ്യകത ഉയര്‍ത്തുന്നതിലും കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മാറുന്ന ബിസിനസ്, വിപണി സാഹചര്യങ്ങളുമായി വേതന സംവിധാനങ്ങള്‍ യോജിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവ കൃത്യമായി അവലോകനം ചെയ്യണമെന്നും നവ്‌നീത് പറഞ്ഞു. കോണ്‍ ഫെറി പേ ഡാറ്റബേസ് അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 110ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 25,000 സ്ഥാപനങ്ങളിലെ 20 മില്യണിലധികം തൊഴില്‍ദാതാക്കളുടെ വിവരങ്ങളാണ് പേ ഡാറ്റബേസിലുള്ളത്.

ഏഷ്യയില്‍ മൊത്തമായി നടപ്പു വര്‍ഷം 5.6 ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്നാണ് കോണ്‍ ഫെറിയുടെ നിഗമനം. കഴിഞ്ഞ വര്‍ഷം മേഖലയിലെ ശമ്പള വര്‍ധന 5.4 ശതമാനമായിരുന്നു. പണപ്പെരുപ്പം ക്രമീകരിച്ചുള്ള വേതന വര്‍ധന 2.6 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ റിയല്‍ വേതന വര്‍ധന കഴിഞ്ഞ വര്‍ഷത്തെ 4.2 ശതമാനത്തില്‍ 3.2 ശതമാനമായി ചുരുങ്ങുമെന്നാണ് കോണ്‍ ഫെറിയുടെ നിരീക്ഷണം. വിയറ്റ്‌നാം, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ് വേതന വര്‍ധന പ്രതീക്ഷിക്കുന്ന മറ്റ ഏഷ്യന്‍ രാജ്യങ്ങള്‍.

Comments

comments

Categories: Current Affairs
Tags: salary hike