കടലാസുപയോഗം പകുതിയായി കുറച്ച് ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

കടലാസുപയോഗം പകുതിയായി കുറച്ച് ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

2021 ഓടെ ദുബായിയെ കടലാസുരഹിതമാക്കിയാല്‍ 900 മില്യണ്‍ ദിര്‍ഹവും 125 മില്യണ്‍ മണിക്കൂര്‍ മനുഷ്യരുടെ അധ്വാനവും ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ദുബായ്: ദുബായ് നഗരത്തെ പേപ്പര്‍ലെസ് ആക്കാനുള്ള ഉദ്യമത്തില്‍ മുന്‍പന്തിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ആറ് മാസങ്ങള്‍ കൊണ്ട്, ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് തങ്ങളുടെ കടലാസുപയോഗം പകുതിയായി വെട്ടിക്കുറച്ചത്. ദുബായ് നഗരത്തിലെ സ്ഥാപനങ്ങളെ കടലാസുരഹിതമാക്കി, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്ഥാപനങ്ങളായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 57 ശതമാനം പേപ്പര്‍ലെസ് ആയിരിക്കുന്നത്.

2021 ഡിസംബര്‍ 12 ഓടെ ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളെ സമ്പൂര്‍ണ ഡിജിറ്റലാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ദുബായ് പോലീസ്, ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടി, റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെപലപ്‌മെന്റ്, ദുബായ് ലാന്റ് ഡിപ്പാര്‍ട്‌മെന്റ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് എന്നീ സ്ഥാപനങ്ങളാണ് തങ്ങളുടെ കടലാസുപയോഗം വലിയ തോതില്‍ വെട്ടിക്കുറച്ചത്.

നേരത്തെ 64 മില്യണ്‍ ടണ്‍ കടലാസ് ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോള്‍ 37 മില്യണ്‍ മാത്രമാണ് ഇവരുടെ കടലാസുപയോഗം. സര്‍ക്കാര്‍ മേഖല ഇത്ര പെട്ടെന്ന് ഈ ഉദ്യമം പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കില്‍ സ്വകാര്യമേഖലയും കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ സമ്പൂര്‍ണ്ണ ഡിജിറ്റലാകുമെന്ന് ഉറപ്പാണെന്ന് സ്മാര്‍ട്ട് ദുബായ് ജനറല്‍ ഡയറക്ടര്‍ ഡോ.ഐഷ ബിന്ദ് ബുട്ടി ബിന്‍ ബിഷര്‍ പറഞ്ഞു.

2021 ഓടെ ദുബായിയെ കടലാസുരഹിതമാക്കിയാല്‍ 900 മില്യണ്‍ ദിര്‍ഹവും 125 മില്യണ്‍ മണിക്കൂര്‍ മനുഷ്യരുടെ അധ്വാനവും ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കടലാസുകള്‍ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം പ്രകൃതിക്ക് മാത്രമല്ല, പ്രവര്‍ത്തന മികവും ഉപഭോക്താക്കളുടെ സംതൃപ്തിയും വര്‍ധിപ്പിക്കാനും ഗുണകരമാകും.

Comments

comments

Categories: Arabia
Tags: Paperless