ഓഹരി വിപണിയില്‍ കുതിച്ചും കിതച്ചും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഓഹരി വിപണിയില്‍ കുതിച്ചും കിതച്ചും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

റീട്ടെയ്ല്‍ ബാങ്കിംഗില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സിഇഒ വി വൈദ്യനാഥന്‍

ന്യൂഡെല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കാപിറ്റല്‍ ഫസ്റ്റിന്റെയും ഐഡിഎഫ്‌സി ബാങ്കിന്റെയും സംയുക്ത സംരംഭമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്.

ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ എന്‍എസ്ഇയില്‍ നാല് ശതമാനത്തിനടുത്ത് നേട്ടം കുറിച്ചിരുന്നു. ബിഎസ്ഇയില്‍ 4.05 ശതമാനം ഉയര്‍ന്ന് 48.85 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍, ഇന്നലെ തുടക്ക വ്യാപാരത്തില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികളുടെ മൂല്യം 1.76 ശതമാനം ഇടിഞ്ഞു.  2.28 ശതമാനം താഴ്ന്ന് 47.25 രൂപയ്ക്കാണ് ഓഹരികള്‍ എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

റീട്ടെയ്ല്‍, ഹോള്‍സെയ്ല്‍ ബാങ്കിംഗ് പ്രൊഡക്റ്റുകളുടെയും സേവനങ്ങളുടെയും ഡിജിറ്റല്‍ ഇന്നൊവേഷനുകളുടെയും വിശാലമായ ശ്രേണിയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 203 ശാഖകളും 7.2 മില്യണ്‍ ഉപഭോക്താക്കളും 129 എടിഎമ്മുകളും 454 റൂറല്‍ ബിസിനസ് കറന്‍സ്‌പോണ്ടന്റ് കേന്ദ്രങ്ങളുമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിനുള്ളത്. സംയോജിതാടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1,02,683 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ആസ്തി. ഇതില്‍ 32.46 ശതമാനം റീട്ടെയ്ല്‍ വായ്പകളാണ്.

റീട്ടെയ്ല്‍ ബാങ്കിംഗിനും വായ്പാ വളര്‍ച്ചയ്ക്കുമായിരിക്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി വൈദ്യനാഥന്‍ പറഞ്ഞു. ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും വരുമാനത്തിനും ലാഭക്ഷമതയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും റീട്ടെയ്ല്‍ ബാങ്കിംഗ് സഹായിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ റീട്ടെയ്ല്‍ വിഭാഗത്തില്‍ നിന്നുള്ള വിഹിതം 70 ശതമാനത്തിലെത്തിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് വിപുലീകരണത്തെ കുറിച്ചും വൈദ്യനാഥന്‍ സംസാരിച്ചു. അസംഘടിതമായ ഒരു റൂട്ടിലേക്കും സഞ്ചരിക്കാന്‍ തങ്ങള്‍ നോക്കുന്നില്ല. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഏകദേശം 600 ശാഖകള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതിയെന്നും ഇത് ന്യായമായ വളര്‍ച്ച നേടി തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജനുവരി 13നാണ് ഐഡിഎഫ്‌സി ബാങ്കും കാപിറ്റല്‍ ഫസ്റ്റും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്. ജൂണില്‍ റിസര്‍വ് ബാങ്ക് ലയനത്തിന് അനുമതി നല്‍കിയിരുന്നു. ഓഹരിയുടമകളും ബന്ധപ്പെട്ട അതോറിറ്റികളും ലയനത്തിന് പച്ചക്കൊടി കാണിച്ചതോടെ ഡിസംബര്‍ 18ന് ലയനം പൂര്‍ത്തിയായി. ലയന കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഓഹരി ഉടമകള്‍ക്ക് കാപിറ്റല്‍ ഫസ്റ്റിലെ പത്ത് ഓഹരികള്‍ ഐഡിഎഫ്‌സി ബാങ്കിന്റെ 139 ഓഹരികള്‍ ലഭിച്ചു.

Comments

comments

Categories: Banking
Tags: IDFC Bank