ബ്രാന്‍ഡ് രാഹുല്‍ ഗാന്ധിയുടെ മൂല്യം ഉയരുമോ

ബ്രാന്‍ഡ് രാഹുല്‍ ഗാന്ധിയുടെ മൂല്യം ഉയരുമോ

വിശ്വസനീയമായ ഒരു ബ്രാന്‍ഡായി ഉയരാനുള്ള ശ്രമത്തിലാണ് രാഹുല്‍ ഗാന്ധി. ബ്രാന്‍ഡ് മൂല്യത്തിന്റെ മാറ്റ് നിശ്ചയിക്കപ്പെടുക പൊതുതെരഞ്ഞെടുപ്പിന്റെ ഫലത്തോടെയായിരിക്കുമെങ്കിലും തന്റെ പ്രതിച്ഛായയില്‍ കൃത്യമായ മാറ്റം കൊണ്ടുവരാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്‍ഡെന്ന വിശേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാകും ഇപ്പോഴും അര്‍ഹന്‍. ബ്രാന്‍ഡ് മൂല്യത്തില്‍ മോദിയെ വെല്ലുന്ന ഒരു രാഷ്ട്രീയ നേതാവും നിലവില്‍ രാജ്യത്തുണ്ടാകില്ലെന്ന അഭിപ്രായമായിരിക്കും മിക്ക ബ്രാന്‍ഡിംഗ് വിദഗ്ധര്‍ക്കുമുണ്ടാകുക. രണ്ടഭിപ്രായത്തിനുള്ള സാധ്യത കുറവാണ്. മോദിക്കൊരു ചലഞ്ചര്‍ ബ്രാന്‍ഡാകാന്‍ സാധിക്കുന്ന നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്തതായിരുന്നു 2014 മേയ് മാസത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം രാഷ്ട്രീയരംഗത്ത് കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിലേക്ക് മാധ്യമ, രാഷ്ട്രീയ രംഗങ്ങളുടെ ശ്രദ്ധ കൃത്യമായി പതിയുന്നുവെന്നതാണ്. അല്ലെങ്കില്‍ അത്തരത്തില്‍ ഒരു ഗൗരവ ശ്രദ്ധാകേന്ദ്രമാകാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചുവെന്നതാണ്.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ മികച്ച വിജയവും അടുത്തിടെ നടന്ന രാഹുലിന്റെ വിജയകരമായ യുഎഇ സന്ദര്‍ശനവുമെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ബ്രാന്‍ഡ് മോദിയുടെ തിളക്കത്തിന് അത്രകോട്ടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ബ്രാന്‍ഡ് രാഹുല്‍ ഗാന്ധി ചര്‍ച്ചാവിഷയമായി മാറുന്നുവെന്നതാണ് പ്രത്യേകത. മോദിയെ പോലെ വിശ്വസീനയ ബ്രാന്‍ഡ് എന്ന തലത്തിലേക്ക് രാഹുലിന് ഉയരാന്‍ സാധിക്കുമോയെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ. എന്നാല്‍ പരസ്യരംഗത്തുള്ളവര്‍ ഒരു ചലഞ്ചര്‍ ബ്രാന്‍ഡെന്ന ഗണത്തിലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ കാണുന്നത്.

വിപണിയുടെ കണ്ണിലുണ്ണിയായി വിലയിരുത്തപ്പെടുന്ന ബ്രാന്‍ഡാണ് നരേന്ദ്ര മോദി. എന്നാല്‍ സമീപകാല തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മോശം പ്രകടനം അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. മുന്‍കാലങ്ങളിലെ പിഴവുകള്‍ തിരിച്ചറിഞ്ഞ് അത് തിരുത്തി, പുതിയ സ്ട്രാറ്റജിയിലൂടെ ആശ്രയിക്കാവുന്ന ഒരു ബ്രാന്‍ഡായി മാറാനുള്ള ദീര്‍ഘകാലപദ്ധതി രാഹുല്‍ ഗാന്ധി ആവിഷ്‌കരിക്കാന്‍ തയാറായാല്‍ ഈ ലീഡര്‍ഷിപ്പ് ബ്രാന്‍ഡുകള്‍ തമ്മിലുള്ള മല്‍സരം കടുത്തേക്കും.

രാഹുല്‍ ഗാന്ധിയിലെ മാറ്റം

രാഹുല്‍ രാഷ്ട്രീയത്തില്‍ സജീവമായിത്തുടങ്ങിയത് 15 വര്‍ഷത്തോളം പിന്നിട്ടു. 2004ലായിരുന്നു ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തിലൂടെ രാഷ്ട്രീയ അരങ്ങേറ്റം. 2007ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 2013ല്‍ വൈസ് പ്രസിഡന്റും. 2017 ഡിസംബറിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ചുമതലയേറ്റത്. മുന്‍കാലങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്നിരുന്ന പ്രധാനവിമര്‍ശനങ്ങളിലൊന്ന് സ്ഥിരതയില്ലായ്മയായിരുന്നു. രാഷ്ട്രീയത്തെ മുഴുനീള പ്രൊഫഷനായി തന്നെ കാണേണ്ടതുണ്ട് അദ്ദേഹമെന്നും പലരും വിമര്‍ശിച്ചു. മോദി ഒരു 24×7 രാഷ്ട്രീയനേതാവാണെന്നതായിരുന്നു വിമര്‍ശനത്തിന്റെ കാരണം. രാഹുല്‍ പാര്‍ട്ടി ഉപാധ്യക്ഷനായ ശേഷം നടന്ന 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലേക്ക് ചുരുങ്ങി തകര്‍ന്നടിഞ്ഞു. 2009ലെ 206 സീറ്റുകളില്‍ നിന്നായിരുന്നു കോണ്‍ഗ്രസിന്റെ പതനം. 100 സീറ്റുകളില്‍ താഴെ നേടി താഴ്ച്ചയുടെ പുതിയ റെക്കോഡ് തന്നെ കുറിച്ചു കോണ്‍ഗ്രസ്. തുടര്‍ന്നങ്ങോട്ടുള്ള മോദിയുടെ അശ്വമേധത്തെ പ്രതിരോധിക്കാന്‍ രാഹുലിന് സാധിച്ചതേയില്ല. എന്തിന്, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ഗോവയിലും മണിപ്പൂരിലും വരെ തന്ത്രങ്ങളിലൂടെ നേട്ടം കൊയ്തത് ബിജെപിയായിരുന്നു.

എന്നാല്‍ പിന്നീട് രാഹുല്‍ ഗാന്ധി എന്ന ബ്രാന്‍ഡിന്റെ വികസനപ്രക്രിയായിരുന്നു കണ്ടത്. ഇന്ന് പ്രസംഗശൈലിയിലും ഉള്ളടക്കത്തിലുമെല്ലാം രാഹുല്‍ ഗമാറ്റങ്ങള്‍ വരുത്തി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇടപെടലുകളുണ്ട്. കാച്ചിക്കുറുക്കിയ തരത്തിലാണ് പ്രതികരണങ്ങളും മറ്റും. റഫാല്‍ പോലുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ ബിജെപിക്കെതിരെ സിസ്റ്റമാറ്റിക്കായുള്ള പ്രചരണങ്ങളായിരുന്നു രാഹുല്‍ നടത്തിയത്. മോദിയുടെ ഒരു ചലഞ്ചര്‍ ബ്രാന്‍ഡെന്ന തലത്തില്‍ രാഹുല്‍ ഗാന്ധി ഉയരുകയാണ്. എന്നാല്‍ മോദിയെന്ന സൂപ്പര്‍ ബ്രാന്‍ഡിന്റെ മൂല്യത്തെ എത്രമാത്രം അത് ബാധിക്കുമെന്നത് കാണാന്‍ മേയ് മാസം വരെ കാക്കേണ്ടി വരും.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഇന്നിംഗ്‌സ്

  • 2004ല്‍ അമേഠി ലോക്‌സഭാ സീറ്റിലൂടെ അരങ്ങേറ്റം. 2007ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, 2013ല്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍
  • 2017 ഡിസംബറില്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക്. മുന്‍കാലത്തെ പിഴവുകള്‍ തിരിച്ചറിഞ്ഞുള്ള മുന്നേറ്റം
  • പ്രസംഗങ്ങളും അതിലെ ഉള്ളടക്കവും മികവുറ്റതാക്കി. സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നു. യുഎഇ സന്ദര്‍ശനം ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തി

Comments

comments

Categories: Current Affairs
Tags: Rahul Gandhi