ഡ്രൈവറില്ലാ ട്രാക്ടറുകളുമായി ചൈന

ഡ്രൈവറില്ലാ ട്രാക്ടറുകളുമായി ചൈന

ബീജിംഗ്: കിഴക്കന്‍ ചൈനയിലെ പാടത്ത്, ഒരു പുതിയ ബ്രാന്‍ഡ് കൊയത്തു യന്ത്രം ഡ്രൈവറില്ലാതെ ഒച്ചയും അനക്കവുമൊക്കെ കേള്‍പ്പിച്ചു മൂപ്പെത്തിയ നെല്‍ക്കതിര്‍ കൊയ്‌തെടുക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ചൈനയിലെ അതിബൃഹത്തായ കാര്‍ഷികമേഖലയുടെ യന്ത്രവത്കരണത്തിന്റെ ഭാവിയാണ് ഈ യന്ത്രം.

കഴിഞ്ഞ കൊയ്ത്തു കാലത്ത് ഡ്രൈവറില്ലാ കാര്‍ഷിക ഉപകരണത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ഹരിത യന്ത്രത്തിന്റെ ആദ്യമാതൃക ഉപയോഗപ്പെടുത്തി തുടങ്ങിയത്. ഞാറ് നടുന്നതിനും വളമിടുന്നതിനും വിളവെടുക്കുന്നതിനുമെല്ലാം പൂര്‍ണമായും യന്ത്രവല്‍ക്കൃതമായ സംവിധാനങ്ങള്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാര്‍ കാര്‍ഷിക കമ്പനികളോട് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കിഴക്കന്‍ ചൈനയില്‍ ഡ്രൈവറില്ലാ ട്രാക്റ്ററിനെ ഉപയോഗിക്കുന്നത്.
യന്ത്രവത്കരണത്തിലേക്കുള്ള അഥവാ ഓട്ടോമേഷനിലേക്കുള്ള ഈ മാറ്റം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ ചൈനയിലെ കാര്‍ഷികമേഖലയ്ക്ക് പ്രധാനപ്പെട്ടതാണ്. കാരണം പ്രായമായി കൊണ്ടിരിക്കുന്ന ഗ്രാമീണ തൊഴിലാളി സമൂഹവും, ക്ലേശങ്ങള്‍ സഹിച്ചുനിന്നു ജോലി ചെയ്യാന്‍ മനസുള്ള ചെറുപ്പക്കാരുടെ ക്ഷാമവും കാര്‍ഷിക മേഖലയ്ക്കു വരും നാളുകളില്‍ ഭീഷണിയാകുമെന്നു കരുതപ്പെടുന്നുണ്ട്. ജനസംഖ്യാപരമായ ഈ പ്രശ്‌നം നേരിടാന്‍
മറ്റ് രാജ്യങ്ങളായ ഓസ്‌ട്രേലിയയും, യുഎസും സമാനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. എങ്കിലും ചൈനയുടെ കാര്‍ഷികവ്യവസായത്തിന്റെ തോത് കണക്കാക്കുമ്പോള്‍, കാര്‍ഷികമേഖലയെ യന്ത്രവത്കൃതമാക്കാന്‍ വലിയൊരു ശ്രമം നടത്തേണ്ടതായി വരുമെന്നാണു കരുതുന്നത്.

‘ ഓട്ടോമേറ്റഡ് ഫാമിംഗാണു ഇനി മുന്നേറാനുള്ള വഴി, അതിനുള്ള ഡിമാന്‍ഡ് വളരെ വലുതുമാണെന്ന് ‘ ട്രാക്റ്റര്‍ നിര്‍മാണ കമ്പനിയുടെ ജനറല്‍ മാനേജര്‍ ചെംഗ് യു പറയുന്നു.
അതേസമയം, ഓട്ടോമേഷനിലേക്കുള്ള മാറ്റം അത്ര എളുപ്പമാകില്ലെന്നും പറയപ്പെടുന്നുണ്ട്. ഉയര്‍ന്ന ചെലവും, ചൈനയുടെ വ്യത്യസ്തമായ ഭൂപ്രദേശവുമൊക്കെ യന്ത്രവത്കരണത്തിനു തടസങ്ങളാണ്. മറ്റൊന്ന് ചൈനയിലെ കാര്‍ഷിക നിലങ്ങള്‍ ചെറുതാണെന്നതാണ്. ചൈനയിലെ 90 ശതമാനം കൃഷിയിടങ്ങളും ഒരു ഹെക്ടറിനും താഴെയുള്ളതാണ്. എന്നാല്‍ യുഎസില്‍ 90 ശതമാനം കൃഷിയിടങ്ങളും അഞ്ച് ഹെക്ടറിനു മുകളിലുള്ളവയുമാണ്. ചെറിയ കൃഷിയിടങ്ങളില്‍ ഡ്രൈവറില്ലാ ട്രാക്്റ്റര്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന ചെലവ് ഉയര്‍ന്നതായിരിക്കുമെന്നാണു കണക്കാക്കുന്നത്. ഇത് കൃഷി ലാഭകരമാക്കാന്‍ സഹായിക്കില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ ഓട്ടോമേറ്റഡ് ഫാമിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍, വിളകള്‍ ഉത്പാദിപ്പിക്കാനായി ഉപയോഗിച്ച വളങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കും.

മെയ്ഡ് ഇന്‍ ചൈന 2025 എന്ന പ്രചാരണ പരിപാടിയില്‍ കാര്‍ഷിക യന്ത്രങ്ങളെ ബീജിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025-നുള്ളില്‍ ഭൂരിഭാഗം കാര്‍ഷിക ഉപകരണങ്ങളും സ്വന്തം വീടുകളില്‍ നിര്‍മിക്കാന്‍ പ്രാപ്തമാക്കുകയാണ് മെയ്ഡ് ഇന്‍ ചൈന 2025-ലൂടെ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Current Affairs, Slider