ഇസ്രയേലി എന്‍എസ്എ ഇന്ത്യയിലെത്തി; സൗദിക്ക് മുകളിലൂടെ തിരിച്ചു പറന്നു

ഇസ്രയേലി എന്‍എസ്എ ഇന്ത്യയിലെത്തി; സൗദിക്ക് മുകളിലൂടെ തിരിച്ചു പറന്നു

ഇസ്രയേലിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മെയ്ര്‍ ബെന്‍ ശബാത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

  • ചര്‍ച്ചയായത് ഉഭയയക്ഷി ബന്ധവും പ്രതിരോധ ഡീലുകളും

ന്യൂഡെല്‍ഹി: ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) മെയ്ര്‍ ബെന്‍ ശബാത് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച്ച ആദ്യമായിരുന്നു ഇസ്രയേല്‍ സര്‍ക്കാരില്‍ വന്‍സ്വാധീനമുള്ള ബെന്‍ ശബാത് ഇന്ത്യയിലെത്തിയത്. രാജ്യത്തിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇസ്രയേലി എന്‍എസ്എ ചര്‍ച്ച നടത്തിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബെന്‍ ശബാത്തിന്റെ ന്യൂഡെല്‍ഹി സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാള്‍ക്കയും ബെന്‍ ശബാത്തിനെ അനുഗമിച്ചിരുന്നു.

ജനുവരി 15നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ സൗദി അറേബ്യന്‍ വ്യോമപാതയിലൂടെ ബെന്‍ ശബാത് മടങ്ങിപ്പോയത്. എയര്‍ ഇന്ത്യക്ക് ഇസ്രയേലിലേക്ക് സര്‍വീസ് നടത്താന്‍ സൗദി വ്യോമപാത തുറന്നുകൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഇസ്രയേലിനോടുള്ള സമീപനത്തില്‍ സൗദി മാറ്റം വരുത്തുന്നതിന്റെ സൂചനയായും ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ അവര്‍ മാനിക്കുന്നുവെന്നതിന്റെ പ്രതിഫലനമായും അത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉയര്‍ച്ചയാണുണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ കാര്‍ഷികവും പ്രതിരോധവും സുരക്ഷയും ഉള്‍പ്പടെ നിരവധി മേഖലകളിലുള്ള ബന്ധം വലിയ തോതില്‍ മെച്ചപ്പെട്ടു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണയാണ് മോദിയും നെതന്യാഹുവും കൂടിക്കാഴ്ച്ച നടത്തിയത്. 2017ല്‍ മോദി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം ചരിത്രപരമായി മാറിയിരുന്നു. അതിന് പിന്നാലെ 2018 ജനുവരിയില്‍ നെതന്യാഹു നടത്തിയ ഇന്ത്യ സന്ദര്‍ശനവും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.

ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നത് ലോകത്തിന്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാള്‍ക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നെതന്യാഹുവിനും ഇടയില്‍ മികച്ച കെമിസ്ട്രിയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ അതിജീവനത്തിനായി ഇസ്രയേല്‍ ഉപയോഗപ്പെടുത്തുന്ന ഇന്നൊവേഷനുകള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായും ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News