ഇന്ത്യയെ പ്രത്യേക മേഖലയാക്കി ഫേസ്ബുക്ക്

ഇന്ത്യയെ പ്രത്യേക മേഖലയാക്കി ഫേസ്ബുക്ക്

മുംബൈ: ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ രാജ്യത്തെ പ്രത്യേക ബിസിനസ് മേഖലയാക്കി ഫേസ്ബുക്ക്. കമ്പനിയുടെ ആസ്ഥാനമായ യുഎസിലെ മെന്‍ലോ പാര്‍ക്കിലെ ഭരണസമിതിക്ക് സമാനമായ ആറംഗ ഡയറക്റ്റര്‍ ബോര്‍ഡിന് കമ്പനി രൂപം നല്‍കി. യുഎസിന് പുറത്ത് ആദ്യമായാണ് ഒരു മേഖലയില്‍ പ്രത്യേക ബോര്‍ഡിനെ കമ്പനി നിയമിക്കുന്നത്. യുഎസ് ആസ്ഥാനത്തിനു നല്‍കുന്ന പരിഗണന കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യക്കും നല്‍കാനാണ് തീരുമാനം. അജിത് മോഹന്‍ വൈസ് പ്രസിഡന്റും എംഡിയുമായ ബോര്‍ഡില്‍ സന്ദീപ് ഭൂഷന്‍ (ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സൊലൂഷന്‍ മേധാവിയും ഡയറക്റ്ററും), അന്‍ഖി ദാസ് (പോളിസി ഡയറക്റ്റര്‍), പ്രശാന്ത് ആലൂരു (സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍), മനീഷ് ചോപ്ര (പാര്‍ട്ണര്‍ഷിപ്പ് ഡയറക്റ്റര്‍), അമൃത് അഹൂജ (കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍) എന്നിവരാകും അംഗങ്ങള്‍.

ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗങ്ങളല്ലെങ്കിലും മുന്‍ വോഡഫോണ്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന സിദ്ധാര്‍ത്ഥ് ബാനര്‍ജി, ഗ്ലോബല്‍ സെയില്‍സ് ഓര്‍ഗനൈസേഷന്‍ ഡയറക്റ്ററായും ആമസോണ്‍ സെല്ലര്‍ എനാബിള്‍മെന്റ് ഡയറക്റ്ററായ അര്‍ച്ചന വോറ, ചെറുകിട, ഇടത്തരം ബിസിനസിന്റെ ഡയറക്റ്ററായും ഫേസ്ബുക്കിന്റെ ഭാഗമാകും. അടുത്തിടെ ഹോട്ട്‌സ്റ്റാറില്‍ നിന്നും ഫേസ്ബുക്കിലെത്തിയ മോഹന്‍ കമ്പനിയുടെ ആഗോളതലത്തിലുള്ള ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍ഷിപ്പ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കും.

ഇതോടെ നിലവില്‍ ഫേസ്ബുക്കിന്റെ ഏഷ്യ-പസഫിക് ബിസിനസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസ് ഇനി മുതല്‍ മെന്‍ലോ പാര്‍ക്ക് ആസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരും. ഇന്ത്യന്‍ ഓഫീസിന്റെ മൂല്യമുയര്‍ത്തിയ ഫേസ്ബുക്ക് നടപടി ഇന്ത്യന്‍ വിപണിക്കു വര്‍ധിച്ചു വരുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇത്തരം കമ്പനികള്‍ പ്രാദേശിക സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കേണ്ടതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യവും പുതിയ നടപടിക്കു കമ്പനിയെ പ്രേരിപ്പിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Facebook