അറിഞ്ഞുകൊണ്ട് വിഷം ഉണ്ണുന്നവര്‍

അറിഞ്ഞുകൊണ്ട് വിഷം ഉണ്ണുന്നവര്‍

കഴിഞ്ഞ 2 ദശാബ്ദക്കാലമായി കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ഭക്ഷ്യസുരക്ഷയാണ്.നിസ്സാരകാരനായ കറിവേപ്പിലയില്‍ തുടങ്ങി മരുന്നുകളില്‍ വരെ മായം ചേര്‍ന്നിരിക്കുന്നതായി പലകുറി തെളിയിക്കപ്പെട്ടിരിക്കുന്നു. അമിതലാഭത്തെ മാത്രം മുന്നില്‍കണ്ട് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാകുമ്പോള്‍ അതിനൊപ്പം ഓടിയെത്താന്‍ പലപ്പോഴും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് ആകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രകൃതിദത്തമെന്ന് നാം കരുതുന്ന ഓരോ ഭഷ്യവസ്തുവിനും വിപണിയില്‍ വ്യാജപ്പതിപ്പുകളുണ്ട്. സുനാമിയിറച്ചിയാണ് മാംസാഹാരികള്‍ക്ക് ഭീഷണിയെങ്കില്‍ മാഗ്‌നീക്ഷ്യം ടാല്‍ക്ക് ചേര്‍ന്ന ഉഴുന്ന് , കാവി ചേര്‍ത്ത അരി, യെല്ലോ ബട്ടര്‍ ചേര്‍ത്ത വെണ്ണ, കാര്‍ബൈഡ് ചേര്‍ത്ത പഴങ്ങള്‍, തുടങ്ങി സസ്യാഹാരികളെ ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങള്‍ അനവധിയാണ്

ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ ചെറിയ തലവേദന തോന്നിയതിനെ തുടര്‍ന്നാണ് കൊച്ചി സ്വദേശിനിയായ സരോജം ഒന്ന് അല്പം കിടക്കാം എന്ന് കരുതിയത്. എന്നാല്‍ താമസിയാതെ അസ്വസ്ഥത കൂടി വന്നു. തലവേദനയേക്കാള്‍ ഏറെ മുഖം വലിഞ്ഞു മുറുകുന്ന അവസ്ഥയുണ്ടായി.ചുണ്ടുകള്‍ അമിതമായി വീര്‍ത്തുവന്നു.നാവില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ അടുത്തുള്ള ആശുപത്രിയിലെത്തി. പരിശോധനയില്‍ വ്യക്തമായത് പച്ചമുളകില്‍ തളിക്കുന്ന കീടനാശിനിയുടെ പാര്‍ശ്വഫലമാണ് എന്നാണ്. പരിശോധനയും ചികിത്സയുമെല്ലാമായി ആയിരങ്ങള്‍ പൊടിഞ്ഞത് വളരെ വേഗത്തിലാണ്. ഇത് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായത്തിന്റെ ഒരു വശം മാത്രമാണ്. പുറമെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ പ്രകടമാക്കാതെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും തകരാറിലാക്കുന്ന, കാന്‍സറിനും, വൃക്കരോഗങ്ങള്‍ക്കും ഇടവരുത്തുന്ന മാങ്ങള്‍ നിരവധിയാണ്. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ കീടനാശിനികളും മറ്റും ചേര്‍ക്കുന്നുണ്ട് എന്നറിഞ്ഞിട്ടും നമ്മള്‍ അറിഞ്ഞുകൊണ്ട് വിഷം ഉണ്ണുകയാണ്.

മലയാളികള്‍ കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും ഏറെ പിന്നോട്ട് പോയതും പലകൃഷിഭൂമികളും കാര്‍ഷികയോഗ്യമല്ലാതായതും നഗരവത്കരണവുമെല്ലാമാണ് മായം ചേര്‍ക്കലിന് പിന്നിലെ പ്രധാനകാരണം. വര്‍ധിച്ചു വരുന്ന ജനസംഖ്യക്ക് അനുസൃതമായി കാര്‍ഷികവിളകള്‍ നിര്‍മിക്കുന്നതിന് കേരളത്തിനാകുന്നില്ല. ഈ അവസ്ഥയില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമായി അന്യസംസ്ഥാങ്ങളില്‍ നിന്നുള്ള പച്ചക്കറി പഴവര്‍ഗ്ഗ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നു.എന്നാല്‍ തമിഴ്‌നാട്ടിലേതുള്‍പ്പെടെയുള്ള പല തോട്ടങ്ങളിലും ഇപ്പോള്‍ രണ്ടു തരത്തിലാണ് കൃഷി നടക്കുന്നത്. സ്വന്തം സംസ്ഥാനത്തേക്ക് ആവശ്യമായ ജൈവപച്ചക്കറികളും വ്യാവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന കീടനാശി തളിച്ച പച്ചക്കറിക്കൃഷിയും. പൊള്ളാച്ചി, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ രണ്ടുതരം പച്ചക്കറിക്കൃഷി സജീവമാണ്. ഇത്തരത്തില്‍ വിഷമടിച്ചു വരുന്ന പച്ചക്കറിയാണ് നമ്മള്‍ ഫാം ഫ്രഷ് എന്ന പേരില്‍ വാങ്ങിക്കൂട്ടുന്നത്.

പച്ചക്കറികളില്‍ പ്രധാനമായും ചേര്‍ക്കുന്നത് കീടനാശിനികളാണ് എങ്കില്‍ മറ്റു ഭക്ഷ്യവസ്തുക്കളില്‍ അങ്ങനെയല്ല.ശീതളപാനീയങ്ങളില്‍ കീടനാശിനി,തേനില്‍ കോണ്‍ ഓയില്‍, നെയ്യില്‍ മൃഗക്കൊഴുപ്പ്, വെളിച്ചെണ്ണയില്‍ പാരഫിന്‍ ഓയില്‍, പഴച്ചാറിലും ഭക്ഷ്യഎണ്ണയിലും ഭക്ഷ്യയോഗ്യമല്ലാത്ത ചായങ്ങള്‍, ഉഴുന്നുപരിപ്പില്‍ ടാല്‍ക്, മുളകുപൊടിയില്‍ സുഡാന്‍ എന്ന രാസവസ്തു, മിഠായികളിലും കേക്കിലും വസ്ത്രത്തിലടിക്കുന്ന ചായം, മാങ്ങയില്‍ കാല്‍സ്യംകാര്‍ബൈഡ് ഇങ്ങനെ നീളുന്നു മലയാളിയുടെ തീന്‍മേശയിലെത്തുന്ന മായത്തിന്റെ പട്ടിക.

എന്താണ് മായം ചേര്‍ക്കല്‍ ?

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നു എന്ന് പറയപ്പെടുമ്പോഴും എന്താണീ മായം ചേര്‍ക്കല്‍ എന്നതിനെപ്പറ്റി ഭൂരിഭാഗം ആളുകള്‍ക്കും വ്യക്തമായ ധാരണയില്ല. കാരണം, ചില കീടനാശികള്‍, പ്രിസര്‍വേറ്റിവുകള്‍ എന്നിവചേര്‍ക്കുന്നതിന് നിയമപരമായ അനുമതിയുണ്ട്. ഇത്തരത്തില്‍ അനുശാസിച്ചിരിക്കുന്ന അളവിലും കൂടുതല്‍ ചേര്‍ക്കുകയാണ് എങ്കില്‍ അത് മയത്തിന്റെ പരിധിയില്‍ പെടും. ഇതിനുള്ള ഉദാഹരണമാണ് അജിനോമോട്ടോ. ചൈനീസ് ഭക്ഷണത്തിന്റെ മുഖ്യ ആകര്‍ഷണമാണ് ഇത്. അജിനോമോട്ടോ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ വളരെ വേഗത്തില്‍ മൊരിഞ്ഞുകിട്ടും രുചിയും കൂടും. എന്നാല്‍ അജിനോമോട്ടോ അമിതമായി ചേര്‍ക്കുകയാണ് എങ്കില്‍ ഒരു വ്യക്തി ചൈനീസ് ഭക്ഷണത്തിന് അടിമപ്പെടും. മാത്രമല്ല അജിനോമോട്ടോയുടെ അമിത ഉപയോഗം നാഡീ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഗുണനിലവാരം കുറഞ്ഞ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതും അവയില്‍നിന്ന് ഗുണമേന്മയുള്ള ഘടകപദാര്‍ഥങ്ങള്‍ നീക്കംചെയ്യുന്നതും മായംചേര്‍ക്കലിന്റെ പരിധിയില്‍ വരുന്നു.ഇതില്‍ പാചകം ചെയ്ത ഭക്ഷണം പാചകം ചെയ്യാത്ത ഭക്ഷണം എന്ന വേര്‍തിരിവില്ല.

അമിതമായ ലാഭമോഹമാണ് മായം ചേര്‍ക്കലിന് പിന്നിലെ പ്രധാന ഘടകം. സംസ്ഥാനത്തെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷ്യവകുപ്പിന് കീഴില്‍ ഇടയ്ക്കിടെ നടക്കുന്ന പരിശോധനയെത്തുടര്‍ന്ന് ഇത്തരത്തിലുള്ള നിരവധികേസുകള്‍ രേഖപ്പെടുത്താറുണ്ട്. പഴകിയ വസ്തുക്കള്‍ നിറം ചേര്‍ത്ത് പുതിയവയെന്ന് തോന്നിപ്പിച്ച് വില്‍ക്കുക, എളുപ്പം കേടുവരുന്ന ഭക്ഷ്യവസ്തുവില്‍ രാസപദാര്‍ഥം ചേര്‍ത്ത് അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടുക, ഭക്ഷണത്തിന് കൃത്രിമമായ രുചി നല്‍കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുക തുടങ്ങിയവയൊക്കെ അമിത ലാഭം ലക്ഷ്യമിട്ടു നടത്തുന്ന മായം ചേര്‍ക്കലിന് ഉദാഹരണങ്ങളാണ്.

പാലും പാലുല്‍പ്പന്നങ്ങളും മായത്തിന്റെ കലവറ

കുറച്ചുകാലങ്ങള്‍ക്ക് മുന്‍പുവരെ പാലില്‍ ചേര്‍ത്തിരുന്നു ഏറ്റവും വലിയ മായം വെള്ളമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് ചേര്‍ക്കുന്നത്. പാലില്‍ ചേര്‍ക്കുന്ന ഈ മായം വന്ധ്യതക്ക് വരെ കാരണമാകുന്നു.ഇതിനു പുറമെ മട്ടു ഉപോല്പന്നങ്ങളുടെ നിര്‍മാണത്തിനായി കൂടാതെ വ്യാപകമായി പാലില്‍ നിന്ന് പോഷകാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യുന്നുമുണ്ട്.പാലുത്?പാദനം വര്‍ധിപ്പിക്കാനായി കന്നുകാലികള്‍ക്ക്? സ്?റ്റീറോയ്?ഡുകളും ഹോര്‍മോണ്‍ ഇഞ്ചക്?ഷനുകളും നല്‍കുന്നുന്നതും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഘടകമാണ്.

പാലിന്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടി സോപ്പ് പൊടി ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇത് എളുപ്പത്തില്‍ കണ്ടെത്താനാവില്ല എന്നതാണ് ഉപഭോക്താക്കളുടെ പരാജയം. ഇതിനു പുറമെ പാല്‍പ്പൊടി, വനസ്പതി, യൂറിയ എന്നിവയും പാലില്‍ ചേര്‍ക്കുന്നു. യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമപാലും വിപണിയില്‍ യദേഷ്ടം വിറ്റുപോകുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കൃത്രിമപ്പാല്‍ എത്തുന്നത്.അസിഡിറ്റി ഉണ്ടാവുമ്പോഴാണ് പാല് കേടാവുന്നത്. അത് ഇല്ലാതാക്കാന്‍ പാലില്‍ ന്യൂട്രലൈസറുകള്‍ ചേര്‍ക്കുന്നു. സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയവ ന്യൂട്രലൈസറുകളുടെ ഗണത്തില്‍പെടും.നെയ്യില്‍ ഡാല്‍ഡ ചേര്‍ത്തു വില്‍ക്കുന്നതും പതിവാണ്. ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഐസ്‌ക്രീമില്‍ സാക്കറിന്‍, ഡല്‍സിന്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.ഡല്‍ഹി ദല്‍ഹി നഗരത്തില്‍ മാത്രം പ്രതിദിനം ഒരുലക്ഷം ലിറ്ററിന്റെ കൃത്രിമ പാലും 30 ടണ്‍ പാല്‍ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ഹോട്ടലുകളില്‍ നെയ്യ് ചേര്‍ത്ത ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ നെയ്ക്ക് പകരം ഡാല്‍ഡ ഉപയോഗിക്കുന്നത് പതിവാണ്. ഭക്ഷ്യയോഗ്യമാണ് എങ്കിലും ഇത് ഒരു പരിധികഴിഞ്ഞാല്‍ ആരോഗ്യത്തിന് പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.എരുമപ്പാലില്‍നിന്നു ലഭിക്കുന്ന വെണ്ണയ്ക്ക് ശുദ്ധമായ വെളുപ്പുനിറമാണ്. ഇതില്‍നിന്നു ലഭിക്കുന്ന നെയ്യ് മഞ്ഞനിറത്തിലേക്കു മാറ്റാന്‍ ബട്ടര്‍ യെല്ലോ എന്ന നിറം ചേര്‍ക്കുന്നു. എന്നിട്ട് ശുദ്ധമായ പശുവിന്‍ നെയ്യ് എന്ന പേരില്‍ വില്‍ക്കുന്നു.

കറിക്കൂട്ടുകളെ കണ്ണടച്ച് വിശ്വസിക്കേണ്ട

പാലുല്‍പ്പന്നങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയിരിക്കുന്ന കറിക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലുമാണ്. മുളക് പൊടിയില്‍ ഇഷ്ടിക ചേര്‍ക്കാറുണ്ട് എന്നത് ഒരു കഥപോലെ പറഞ്ഞുകേട്ടിട്ടുണ്ടാകും നമ്മള്‍. എന്നാല്‍ അതിനേക്കാള്‍ മാരകമായ സുഡാന്‍ എന്ന രാസപദാര്‍ത്ഥമാണ് മുളക്‌പൊടിയില്‍ ചേര്‍ക്കുന്നത്. എണ്ണയില്‍ അലിയുന്ന ഈ നിറത്തെ എളുപ്പം കണ്ടെത്താന്‍ കഴിയില്ല. മഞ്ഞളിന് മഞ്ഞനിറം കൂട്ടാന്‍ ലെഡ് ക്രോമേറ്റ് എന്ന രാസപദാര്‍ത്ഥം ചേര്‍ക്കുന്നു.ഇത് ചേര്‍ക്കുമ്പോള്‍ മഞ്ഞളിന്റെ തൂക്കവും കൂടുന്നു. ജീരകത്തില്‍ പുല്‍ക്കായ ചേര്‍ക്കുന്നതും കടുകില്‍ പൊന്നുമ്മത്തിന്റെ കായകള്‍ ചേര്‍ക്കുന്നതും കുരുമുളകില്‍ പപ്പായക്കുരു ചേര്‍ക്കുന്നതും ഈ രംഗത്തെ എടുത്തു പറയേണ്ട മാങ്ങളാണ്. എന്നാല്‍ ഇതില്‍ പലതും നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. മല്ല!ിപ്പൊടിയും മുളകുപൊടിയും ഉള്‍പ്പെടെ ഏതു മസാലപ്പെടികളിലും മായമായി അന്നജം ചേര്‍ക്കുന്നുണ്ട്.മല്ലിയിലും മുളകിലും ചേര്‍ക്കുന്ന അന്നജം അയോഡിന് ലായനി ചേര്‍ത്തു കണ്ടെത്താനാകും. എന്നാല്‍ മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ക്കുന്ന മായം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.

ക്യൂനാല്‍ഫോസ് സെപെര്‍മെത്രിന്‍, ക്ലോര്‍ പെറിഫോസ്, എത്തയോണ്‍, ലാംബ്ഡാ, സൈഹാലോത്രിന്‍ എന്നിവയുടെ അംശമാണ് ഏലക്കയില്‍ കണ്ടു വരുന്നത്. കീടനാശിപ്രയോഗം അതിരു കിടന്നതിനെ തുടര്‍ന്നാണ് ഇത്. ചുവന്ന മുളകില്‍ എത്തയോണ്‍, ബെഫെന്‍ത്രിന്‍, പ്രൊപെനോഫോസ് എന്നിവയുടെ അംശംമാണ് കണ്ടെത്തിയത്. എത്തയോണ്‍ ഓര്‍ഗാനോഫോസ്‌ഫെറ്റ് വിഭാഗത്തില്‍ പെടുന്ന കീടനാശിനിയാണ്. ഇത് ശരീരത്തില്‍ അമിതമായി കടന്നാല്‍ ഞെരമ്പുകള്‍ക്ക് തളര്‍ച്ചയുണ്ടാകും. ജീരകത്തില്‍ ക്ലോര്‍പെറിഫോസിന്റെയും സെപെര്‍മെത്രിന്റെയും അംശം ഉണ്ട്. ഭൂരിഭാഗം സുഗന്ധവ്യഞ്ജനങ്ങളെയും വിഷമയമാക്കുന്നത് കീടനാശിനി പ്രയോഗമാണ്.പല രാജ്യങ്ങളിലും നിരോധിച്ച്ച കീടനാശിനിയാണ് ഇത്.ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ പാടെ തകിടം മറിക്കാന്‍ ഇതിനാകുന്നു. സ്ത്രീകള്‍ക്കാണ് ഇതുമൂലം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. വെളിച്ചെണ്ണയില്‍ ഈന്തപ്പനഎണ്ണ ചേര്‍ത്തുവിട്ടും ലാഭം കൊയ്യുന്നവര്‍ ധാരാളമാണ്.

മധുരിച്ചിട്ട് തുപ്പാനും വയ്യ….

ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവാണ് പഞ്ചസാര. പഞ്ചസാരയില്‍ മായം ചേര്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്നത് യൂറിയയാണ്.പഞ്ചസാരയോട് കാഴ്ചയില്‍ സമാനമാണ് യൂറിയ തരികളും. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ അമോണിയയുടെ ഗന്ധം ഉണ്ടാകുകയാണെങ്കില്‍ അതില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടാകും.

തേനില്‍ സാധാരണയായി കോണ്‍ സിറപ്പ്, ശര്‍ക്കര ലായനി എന്നിവയാണ് ചേര്‍ക്കുന്നത്. 30 രൂപ വിലമതിക്കുന്ന കോണ്‍ സിറപ്പ് ചേര്‍ത്ത തേനാണ് കിലോക്ക് 400 രൂപക്ക് മുകളില്‍ വിലക്ക് വിറ്റുപോകുന്നത്. ശര്‍ക്കരയില്‍ പൊതുവെ ചോക്ക് പൊടിയാണ് മായമായി ചേര്‍ക്കുന്നത്.എന്നാല്‍ കൃത്യമായ പരീക്ഷണങ്ങള്‍ കൂടാതെ ഇത്തരത്തിലുള്ള മായങ്ങള്‍ കണ്ടു പിടിക്കുക എന്നത് അസാധ്യമാണ്.മധുരത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യസം ഇല്ലാത്തതിനാല്‍ തിരിച്ചറിയുകതന്നെ ബുദ്ധിമുട്ടാണ്.

പയറുവര്‍ഗങ്ങളും മായത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല

നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിച്ചാല്‍ പയര്‍, പരിപ്പ്, കടല തുടങ്ങിയ പയറുവര്‍ഗങ്ങള്‍ സുരക്ഷിതമാണ് എന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. നിറം വര്‍ധിപ്പിച്ചു ഫ്രഷ് ലുക്ക് നല്‍കുന്നതിനായി വിവിധങ്ങളായ രാസവസ്തുക്കളാണ് പയര് വര്‍ഗങ്ങളില്‍ ചേര്‍ക്കുന്നത്. തുവരപ്പരിപ്പിലും ചെറുപയര്‍പരിപ്പിലും കലര്‍ത്തുന്നത് ടാട്രസിന്‍ എന്ന നിറമാണ്. ഉഴുന്നുപരിപ്പില്‍ മഗ്‌നീഷ്യം കലര്‍ന്ന ടാല്‍ക് ആണ് ചേര്‍ക്കുന്നത്. ഇത് മുഖത്തിടുന്ന പൗഡറിലെ ഘടകമാണ്.നിറം കൂട്ടി ആകര്‍ഷകമാക്കാനും പഴമ മറയ്ക്കാനുമാണ് മഗ്‌നീഷ്യം ടാല്‍ക്ക് ചേര്‍ക്കുന്നത്. നാഡീ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ് ഇവ. അരിയില്‍ കാവിചേര്‍ത്ത് കുത്തരിയാക്കി മാറ്റുന്നു. ഇതും വിപണിയില്‍ സജീവമാണ്. കഴുകുമ്പോള്‍ നിറം വാര്‍ന്നു പോയി വെളുത്ത അരിയായി മാറും.

പഴങ്ങളും പച്ചക്കറികളും എങ്ങനെ വിശ്വസിച്ചു വാങ്ങും?

പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളാണ് പ്രധാനപ്രശ്‌നം. ഫ്യൂറഡാന്‍, ബെന്‍സോ ഹെക്‌സാക്ലോറൈഡ്, എക്കാലക്‌സ്, ഹില്‍ബാന്‍, ബവിസ്റ്റിന്‍, ബോര്‍ഡോക്‌സ് എന്നിങ്ങനെയുള്ള കീടനാശിനികള്‍ വാഴക്കൃഷിയില്‍ ഉപയോഗിക്കുന്നു. ഇത് നേരിയതോതില്‍ എന്നവണ്ണം പഴം കഴിക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്കെത്തുന്നു. അത് പോലെ തന്നെ പൈനാപ്പിളില്‍ എത്തിഫോണ്‍, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവയുടെ സാമിപ്യം കണ്ടെത്തിയിട്ടുണ്ട്.ഇവയെല്ലാം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നവയാണ്. മല്ലിയില, പുതിനയില, വേപ്പില എന്നിവ ഏറ്റവും കൂടുതല്‍ വിഷം അടിക്കപ്പെടുന്നവയാണ്. മുന്തിരി, ഓറഞ്ച് എന്നിവയിലും കീടനാശിനികളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. അതെ സമയം ആപ്പിളില്‍ മെഴുകിന്റെ അംശമാണുള്ളത്. മായം കണ്ടെത്തുന്നതിനായുള്ള ടെസ്റ്റുകള്‍ക്ക് ഉയര്‍ന്ന തുക ചെലവാകും എന്നതിനാല്‍ അധികമാരും അതിനു മുതിരാറില്ല എന്നതാണ് വാസ്തവം.

ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തില്‍ മായം കണ്ടെത്തുന്നതിനായി ജില്ലാടിസ്ഥാനത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. സംശയം തോന്നുന്ന സാഹചര്യത്തില്‍ കണ്ടെത്തുന്ന ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന കടകളും ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് ഉത്തമം. കഴിവതും വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ത്തന്നെ കൃഷി ചെയ്യുക.ഇപ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ധിച്ചതോടെ ധാരാളംപേര്‍ കൃഷിത്തോട്ടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിനെ ഒരു നല്ല തുടക്കമായിക്കാണാം.

Comments

comments

Categories: FK Special, Slider