പ്രാദേശിക മാധ്യമങ്ങള്‍ക്ക് ‘ഒരു കൈ’ സഹായവുമായി ഫേസ്ബുക്കും ഗൂഗിളും

പ്രാദേശിക മാധ്യമങ്ങള്‍ക്ക് ‘ഒരു കൈ’ സഹായവുമായി ഫേസ്ബുക്കും ഗൂഗിളും

ഡിജിറ്റല്‍ യുഗത്തില്‍ ഗുണനിലവാരമുള്ള മാധ്യമപ്രവര്‍ത്തനത്തിന് എത്രത്തോളം വളരാന്‍ കഴിയുമെന്ന ചോദ്യത്തെ അഭിമുഖീകരിക്കുകയാണു മാധ്യമപ്രവര്‍ത്തകരും പ്രസാധകരും. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ തകര്‍ച്ചയെ നേരിടുന്ന ഈ കാലഘട്ടത്തില്‍ സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണു ടെക്‌നോളജി സ്ഥാപനങ്ങളായ ഗൂഗിളും ഫേസ്ബുക്കും.

പ്രാദേശിക മാധ്യമങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളുടേതു പോലുള്ള പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും, പ്രാദേശിക മാധ്യമങ്ങള്‍ക്കു സമൂഹത്തില്‍ തുല്യ പ്രാധാന്യമുണ്ട്. അതു കൊണ്ടാണു സമീപകാലത്ത് യുഎസിലെ പ്രാദേശിക മാധ്യമങ്ങള്‍ക്കു സംഭവിച്ച തകര്‍ച്ച എല്ലാവരേയും അലട്ടുന്ന ഒരു സംഭവമായി മാറിയത്. പ്രാദേശിക മാധ്യമങ്ങളെ സഹായിക്കുന്നതിനായി ഗൂഗിളും ഫേസ്ബുക്കും രംഗത്തുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓട്ടോമേറ്റിക് (Automattic), വേഡ് പ്രസ് ഡോട്ട് കോം(WordPress.com) തുടങ്ങിയ വെബ് ഡവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചു ന്യൂസ് പാക്ക് (Newspack) എന്ന പേരില്‍ പ്രാദേശിക ന്യൂസ് പബ്ലിഷര്‍മാര്‍ക്കായി പബ്ലിഷിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ഗൂഗിള്‍. ഈ വര്‍ഷം ജുലൈ മാസത്തോടെ ന്യൂസ്പാക്ക് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 1.2 മില്യന്‍ ഡോളര്‍ (ഏകദേശം 8.5 കോടി രൂപ) ചെലവഴിക്കുമെന്നും ഗൂഗിള്‍ അറിയിച്ചിരിക്കുകയാണ്. ആഗോളതലത്തിലുള്ള വെബ്‌സൈറ്റുകളുടെ 30 ശതമാനവും ഓട്ടോമേറ്റിക, വേഡ് പ്രസ് ഡോട്ട് കോമിലാണ് പ്രവര്‍ത്തിക്കുന്നത്. വേഡ് പ്രസ് ഡോട്ട് കോമിന്റെ മാതൃസ്ഥാപനമാണ് ഓട്ടോമേറ്റിക്. ഇന്ന് നിരവധി മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്‌നോളജി, ഡവലപ്‌മെന്റ്, മെയ്ന്റനന്‍സ്, ഹോസ്റ്റിംഗ്, സെക്യൂരിറ്റി തുടങ്ങിയവയിലെ സങ്കീര്‍ണതകളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇത്തരം സങ്കീര്‍ണതകള്‍ ഫലപ്രദമായ വരുമാനം സൃഷ്ടിക്കുന്നതിനും തടസമാകുന്നു. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ഉതകുന്നതാണു ഗൂഗിളിന്റെ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമായ ന്യൂസ്പാക്ക്. ചെറിയ പ്രസാധകരെ വേഗത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ സഹായിക്കുക എന്നതാണു ന്യൂസ്പാക്കിന്റെ ലക്ഷ്യം. അതിലൂടെ മാധ്യമ രംഗത്തെ മികച്ച ബിസിനസ് സമ്പ്രദായങ്ങളും, മികച്ച എഡിറ്റോറിയലുകളും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം രൂപപ്പെടുത്താനാകുമെന്നും ഗൂഗിള്‍ കരുതുന്നു.

ആഗോളതലത്തില്‍ ജേണലിസവുമായി ബന്ധപ്പെട്ടു വിവിധ പദ്ധതികളില്‍ മൂന്ന് വര്‍ഷം കൊണ്ട് 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുകയാണു ഫേസ്ബുക്ക്. ഇന്നത്തെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കും പ്രത്യേക ഊന്നല്‍ കൊടുക്കുകയെന്നും ഫേസ്ബുക്ക് അറിയിച്ചിരിക്കുകയാണ്.

ഇന്റര്‍നെറ്റ് പരസ്യ രംഗത്ത് (internet advertising ecosystem) ആധിപത്യം സ്ഥാപിക്കാന്‍ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ശ്രമം ആരംഭിച്ചതോടെ, പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്കു ഡിജിറ്റലിലേക്കു പരിവര്‍ത്തനം ചെയ്യുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടായി തീരുകയും ചെയ്തു.
‘ പ്രാദേശിക വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ട്. അതു കൊണ്ടു തന്നെ പ്രാദേശിക വാര്‍ത്താ റൂമുകള്‍ക്കു കൂടുതല്‍ പിന്തുണ ആവശ്യമായി വന്നിരിക്കുന്നു’ ഫേസ്ബുക്കിന്റെ ഗ്ലോബല്‍ ന്യൂസ് പാര്‍ട്ണര്‍ഷിപ്പ്‌സിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് കാംപെല്‍ ബ്രൗണ്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഈയൊരു ഘടകമാണ് പ്രാദേശിക വാര്‍ത്തകള്‍ക്കു ചുറ്റും വിപുലീകരിച്ച പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സമൂഹങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ‘Bringing Stories Home’ ലോഞ്ച് ചെയ്യാനായി പുലിറ്റ്‌സര്‍ സെന്ററിന് അഞ്ച് മില്യന്‍ ഡോളര്‍ സംഭാവന ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. അതുപോലെ കമ്മ്യൂണിറ്റി ജേണലിസ്റ്റുകളെ പരിശീലിപ്പിക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദി ട്രെയ്‌നിംഗ് ഓഫ് ജേണലിസ്റ്റ്‌സിനും, ബ്രിട്ടീഷ് ആസ്ഥാനമായ കമ്മ്യൂണിറ്റി ന്യൂസ് പ്രൊജക്റ്റിനും അവരുമായി സഹകരിക്കുന്ന പ്രാദേശിക വാര്‍ത്താ സംഘടനകളായ റീച്ച്, ന്യൂസ് ക്വസ്റ്റ്, ജെപിഐ, ആര്‍ചന്ദ്, മിഡ്‌ലാന്‍ഡ് ന്യൂസ് അസോസിയേഷന്‍ എന്നിവര്‍ക്കും ആറ് മില്യന്‍ ഡോളര്‍ ഫേസ്ബുക്ക് സംഭാവനയായി നല്‍കുമെന്ന് അറിയിച്ചു. മെംബര്‍ഷിപ്പിലൂടെയും, സബ്‌സ്‌ക്രിപ്ഷനിലൂടെയും പ്രാദേശിക വാര്‍ത്താറൂമുകളെ പിന്തുണയ്ക്കാനായി 2018-ല്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്ത ആക്‌സിലറേറ്ററിനെ (Accelerator) വികസിപ്പിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 20 മില്യന്‍ ഡോളറായിരിക്കും വിനിയോഗിക്കുന്നത്.

മാധ്യമ രംഗത്തെ സാമ്പത്തികമായി പിന്തുണയ്ക്കുമെന്നു ഗൂഗിള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇപ്പോള്‍ ഫേസ്ബുക്കും രംഗത്തുവന്നിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനും പ്രാദേശിക മാധ്യമസ്ഥാപനങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കിയും മാധ്യമരംഗത്തെ സഹായിക്കുമെന്നാണു ഫേസ്ബുക്കും ഗൂഗിളും അറിയിച്ചിരിക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങളുടെയും നിക്ഷേപം മാധ്യമരംഗത്തെ സംബന്ധിച്ചു വന്‍ പ്രാധാന്യമുള്ളതാണ്. കാരണം, ഓണ്‍ലൈന്‍ പരസ്യ വിപണിയില്‍ ഫേസ്ബുക്കും, ഗൂഗിളും ആധിപത്യം സ്ഥാപിച്ചതോടെ അമേരിക്കയില്‍ മാധ്യമസ്ഥാപനങ്ങളുടെ തകര്‍ച്ച പ്രകടമായി. ഇന്ന് ഡിജിറ്റല്‍ പരസ്യ വിപണിയുടെ 58 ശതമാനം പങ്ക് കൈവശമാക്കിയിരിക്കുന്നത് ഗൂഗിളും ഫേസ്ബുക്കുമാണ്. പരസ്യവരുമാനത്തിലുണ്ടായ ഇടിവിനെ തുടര്‍ന്നു പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ സ്ഥാപനങ്ങളെയാണ്. പ്രാദേശിക മാധ്യമപ്രവര്‍ത്തനം ഇല്ലാതായാല്‍ അഴിമതി വ്യാപകമാകുമെന്നും, നികുതി വര്‍ധിക്കുമെന്നും വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഈയടുത്ത് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ മാര്‍ഗരറ്റ് സള്ളിവന്‍ എഴുതുകയുണ്ടായി. ധ്രുവീകരണം, തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് എന്നിവ കുറച്ചു കൊണ്ടുവരാന്‍ പ്രാദേശിക മാധ്യമ സ്ഥാപനങ്ങള്‍ക്കു സാധിക്കുമെന്നു മാര്‍ഗരറ്റ് പറയുന്നു. പ്രാദേശിക മാധ്യമ സ്ഥാപനങ്ങളോട് അവരുടെ പ്രേക്ഷകര്‍ക്ക് ഉയര്‍ന്ന അളവിലുള്ള വിശ്വാസമുണ്ട്. ഇതുകാരണം പൊതുവായ വിവരങ്ങളുടെ അടിത്തറ സ്ഥാപിക്കാന്‍ പ്രാദേശിക റിപ്പോര്‍ട്ടിംഗ് സഹായകരമാണെന്നും മാര്‍ഗരറ്റ് പറയുന്നു.

Comments

comments

Categories: Slider, Tech
Tags: Facebook, Google