എസ്സാര്‍ സ്റ്റീലിന്റെ 15,431 കോടിയുടെ വായ്പ എസ്ബിഐ വില്‍പ്പനയ്ക്ക് വെച്ചു

എസ്സാര്‍ സ്റ്റീലിന്റെ 15,431 കോടിയുടെ വായ്പ എസ്ബിഐ വില്‍പ്പനയ്ക്ക് വെച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പട്ടികപ്പെടുത്തിയ 12 നിഷ്‌ക്രിയാസ്തി എക്കൗണ്ടുകളില്‍ ഒന്നാണ് എസ്സാര്‍ സ്റ്റീലിന്റേത്

ന്യൂഡെല്‍ഹി: എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടവ് മുടങ്ങിയ 15,431 കോടി രൂപ മൂല്യമുള്ള വായ്പാ ആസ്തികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചു. 9,588 രൂപയുടെ കരുതല്‍ വിലയിലാണ് താല്‍പ്പര്യപത്രങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. വായ്പാ മൂല്യത്തില്‍ നിന്ന് 38 ശതമാനം കുറഞ്ഞ അടിസ്ഥാന വിലയില്‍ നടത്തുന്ന വില്‍പ്പനയില്‍ പൂര്‍ണമായും പണത്തിന്റെ അടിസ്ഥാനത്തിലാകും ഇടപാട് നടക്കുക.
അല്‍പ്പ മാസങ്ങള്‍ക്ക് മുന്‍പാണ് ബാങ്ക് ഓഫ് ബറോഡ് തങ്ങളുടെ എസ്സാര്‍ സ്റ്റീല്‍ ആസ്തി വില്‍പ്പന നടത്തിയത്. നിലിവില്‍ വന്‍ നീക്കിയിരുപ്പാണ് ഈ നിഷ്‌ക്രിയാസ്തിക്കായി എസ്ബി ഐ നീക്കിവെക്കുന്നത്.
നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അഹമദാബാദ് കേന്ദ്രത്തില്‍ ആസ്തി വില്‍പ്പന സംബന്ധിച്ച ഫയലിംഗ് എസ്ബി ഐ നടത്തിയിട്ടുണ്ട്. ആര്‍സെലര്‍ മിത്തല്‍ എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കുന്നതിനുള്ള താല്‍പ്പര്യം നേരത്തേ പ്രകടമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍സിഎല്‍ടി വാദം കേള്‍ക്കുകയാണ്. എസ്സാര്‍ സ്റ്റീലിന്റെ 90 ശതമാനം വായ്പാ ദാതാക്കളും കമ്പനി ആര്‍സെലര്‍ മിത്തലിന് കൈമാറുന്നതിന് അനുകൂലമാണ്.
49,000 കോടി രൂപയുടെ കടബാധ്യതയുള്ള എസ്സാര്‍ സ്റ്റീല്‍ നിലവില്‍ കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര നിയമപ്രകാരമുള്ള പരിഹാര നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പാപ്പരത്ത നിയമ പ്രകാരം വേഗത്തില്‍ പരിഗണിക്കപ്പെടേണ്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പട്ടികപ്പെടുത്തിയ 12 നിഷ്‌ക്രിയാസ്തി എക്കൗണ്ടുകളില്‍ ഒന്നാണ് എസ്സാര്‍ സ്റ്റീലിന്റേത്.
ആസ്തി പുനര്‍നിര്‍ണയ കമ്പനികള്‍, ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ നിക്ഷേപകര്‍ എന്നിവരില്‍ നിന്നാണ് വായ്പ ഏറ്റെടുക്കുന്നതിനുള്ള താല്‍പ്പര്യപത്രം എസ്ബിഐ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 18നുള്ളില്‍ താല്‍പ്പര്യ പത്രങ്ങള്‍ സമര്‍പ്പിക്കണം. ജനുവരി 30നാണ് ഈ വായ്പാ എക്കൗണ്ടിനായുള്ള ഇ-ലേല നടപടികള്‍ നടക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ ഈ എക്കൗണ്ടുകളില്‍ നിന്നുള്ള വീണ്ടെടുപ്പ് നടക്കുകയാണെങ്കില്‍ അതില്‍ നിന്ന് ബാങ്കിനും നേട്ടം ലഭിക്കുന്ന വിധത്തിലുള്ള ഓഫറുകളാണ് സമര്‍പ്പിക്കേണ്ടതെന്നും എസ്ബിഐ പുറത്തിറക്കിയ ടെന്‍ഡര്‍ കുറിപ്പില്‍ പറയുന്നു.

Comments

comments

Categories: Business & Economy
Tags: essar steel, SBI