എലവേറ്റഡ് ഇലക്ട്രിക് സ്‌പോര്‍ട്‌സ് സെഡാന്‍ അണിനിരത്തി നിസാന്‍

എലവേറ്റഡ് ഇലക്ട്രിക് സ്‌പോര്‍ട്‌സ് സെഡാന്‍ അണിനിരത്തി നിസാന്‍

ഐഎംഎക്‌സ് കണ്‍സെപ്റ്റിന്റെ പിന്തുടര്‍ച്ചക്കാരനായി നിസാന്‍ ഐഎംഎസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ഡിട്രോയിറ്റ് : ഈ വര്‍ഷത്തെ ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ നിസാന്‍ ഐഎംഎസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. പൂര്‍ണ്ണമായും പുതിയ തരം കാര്‍, എലവേറ്റഡ് സ്‌പോര്‍ട്‌സ് സെഡാന്‍ എന്നീ വിശേഷണങ്ങളാണ് ഇലക്ട്രിക് വാഹനത്തിന് ജാപ്പനീസ് കമ്പനി നല്‍കുന്നത്. എലവേറ്റഡ് സ്‌പോര്‍ട്‌സ് സെഡാന്‍ എന്ന പുതിയ വാഹന സെഗ്‌മെന്റ് സൃഷ്ടിക്കുകയാണ് തങ്ങളെന്ന് നിസാന്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഐഎംഎക്‌സ് കണ്‍സെപ്റ്റിന്റെ പിന്തുടര്‍ച്ചക്കാരനാണ് പുതിയ കണ്‍സെപ്റ്റ് കാര്‍. ഐഎംഎക്‌സ് എസ്‌യുവി, ഐഎംഎസ് സെഡാന്‍ എന്നിവ തമ്മില്‍ ഡിസൈന്‍ സാദൃശ്യം വളരെ വലുതാണ്. ഐഎംഎക്‌സ് ഇലക്ട്രിക് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലെത്തും.

ഓള്‍ ഇലക്ട്രിക് ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) കണ്‍സെപ്റ്റ് വാഹനം 22 ഇഞ്ച് വീലുകളിലാണ് വരുന്നത്. പൂര്‍ണ്ണ ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയുള്ളവനാണ് നിസാന്‍ ഐഎംഎസ് കണ്‍സെപ്റ്റ്. ഓട്ടോണമസ് മോഡില്‍ ഐഎംഎസ് കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളും റിയര്‍ കോംബിനേഷന്‍ ലൈറ്റും നീല നിറമായി മാറും. വാഹനത്തിന്റെ മുന്നില്‍നിന്ന് പിന്നിലേക്ക് ലൈറ്റിംഗ് തുടര്‍ച്ചയായി സഞ്ചരിക്കും. നിസാന്‍ ഐഎംഎസ് സെഡാന്‍ ഓട്ടോണമസ് മോഡിലാണെന്ന് കാല്‍നടയാത്രക്കാരെയും മറ്റ് ഡ്രൈവര്‍മാരെയും അറിയിക്കുന്നതിനാണ് ഈ സൂത്രവിദ്യ.

2.9 മീറ്റര്‍ നീളമുള്ള വീല്‍ബേസ്, നീളമേറിയ കാബിന്‍ എന്നിവ ലഭിച്ചതോടെ 2+1+2 സീറ്റിംഗ് ക്രമീകരണമാണ് ഐഎംഎസ് കണ്‍സെപ്റ്റ് കാറില്‍ നടത്തിയിരിക്കുന്നത്. പുറകിലെ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ രണ്ട് ഔട്ടര്‍ സീറ്റുകള്‍ മടക്കിയാല്‍ നടുവില്‍ കൂടുതല്‍ സ്ഥലസൗകര്യത്തോടെയും സുഖസൗകര്യത്തോടെയും ‘പ്രീമിയര്‍ സീറ്റ്’ ലഭിക്കും. മാന്വല്‍ ഡ്രൈവിംഗ് മോഡ് സമയത്ത് ഡ്രൈവര്‍ കേന്ദ്രീകൃതമാണ് കോക്ക്പിറ്റ്. വിവിധ തരം ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനുകള്‍ കാണാം. ഓട്ടോണമസ് മോഡ് ഉപയോഗിക്കുമ്പോള്‍ സ്റ്റിയറിംഗ് വീല്‍ പിന്നോക്കം വലിയും. ഇതോടെ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ സീറ്റുകള്‍ കറക്കി സഹയാത്രികരുമായി മുഖാമുഖം സംസാരിച്ച് യാത്ര ചെയ്യാം. അല്ലെങ്കില്‍ ജോലി ചെയ്യുകയോ വിനോദ പരിപാടികള്‍ ആസ്വദിക്കുകയോ ആവാം.

ഐഎംഎസ് കണ്‍സെപ്റ്റിന്റെ ഇലക്ട്രിക് പവര്‍ട്രെയ്‌നില്‍ രണ്ട് മോട്ടോറുകള്‍ ഉള്‍പ്പെടുന്നു. ഓരോ ആക്‌സിലിലും ഓരോന്ന്. ആകെ 483 എച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഫ്രണ്ട്/റിയര്‍ വെയ്റ്റ് ഡിസ്ട്രിബ്യൂഷന്‍ അനുപാതം മികച്ചതാണ്. അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷനാണ് മറ്റൊരു സവിശേഷത. 115 കിലോവാട്ട്അവര്‍ ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 611 കിലോമീറ്റര്‍ സഞ്ചരിക്കാം. കാറിലേക്ക് കയറുന്നതും ഇറങ്ങുന്നതും കൂടുതല്‍ സൗകര്യപ്രദമാകുന്നതിന് റിവേഴ്‌സ് ഓപ്പണിംഗ് റിയര്‍ ഡോറുകള്‍ നല്‍കിയിരിക്കുന്നു. ഫ്‌ളോറിന് അടിയില്‍ ബാറ്ററി സ്ഥാപിച്ചതാണ് കാബിന്‍ ഉയരം വര്‍ധിക്കാന്‍ കാരണമെന്ന് നിസാന്‍ വ്യക്തമാക്കി.

വാ തോരാതെ പറഞ്ഞെങ്കിലും കണ്‍സെപ്റ്റ് കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് തല്‍ക്കാലം വ്യക്തതയില്ല. എന്നാല്‍ ഐഎംഎക്‌സ് കണ്‍സെപ്റ്റില്‍നിന്ന് നിസാന്റെ അടുത്ത ഇലക്ട്രിക് ഫാമിലി സെഡാന്‍ പ്രചോദനം ഏറ്റുവാങ്ങിയേക്കും. അലയന്‍സ് 2022 പദ്ധതിയനുസരിച്ച് 2022 ന് മുമ്പായി റെനോ, നിസാന്‍, മിറ്റ്‌സുബിഷി ത്രിമൂര്‍ത്തികള്‍ ആകെ 12 ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കും. അതിലൊന്ന് ഐഎംഎക്‌സ് കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളും.

Comments

comments

Categories: Auto
Tags: Nissan