‘സസ്യ ഇന്ധന’ത്തിന്റെ കരുത്തില്‍ ഇത്തിഹാദ് വിമാനം പറന്നു

‘സസ്യ ഇന്ധന’ത്തിന്റെ കരുത്തില്‍ ഇത്തിഹാദ് വിമാനം പറന്നു

കടല്‍ത്തീരങ്ങളിലും ചതുപ്പുനിലങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജൈവ ഇന്ധനം നിര്‍മ്മിച്ചത് യുഎഇയിലാണ്

ദുബായ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജൈവ ഇന്ധനം സമ്പൂര്‍ണ്ണമായി ഉപയോഗിച്ച് കൊണ്ട് ലോകത്തില്‍ തന്നെ ആദ്യമായി വാണിജ്യവിമാനം പറത്തിയ റെക്കോഡ് ഇനി ഇത്തിഹാദ് എയര്‍വെയ്‌സിനു സ്വന്തം. കടല്‍ത്തീരങ്ങളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്ന സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത് യുഎഇയില്‍ പ്രാദേശികമായി ഉണ്ടാക്കിയ ജൈവഇന്ധനത്തിന്റെ കരുത്തിലാണ് ബോയിങ് 787 എന്ന ഇത്തിഹാദ് വിമാനം പറന്നുയര്‍ന്നത്.

അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനായി ക്രൂഡ് ഓയിലിന് പകരം പരിസ്ഥിതി സൗഹാര്‍ദ്ദമായ ബദല്‍ കണ്ടെത്തുന്നതില്‍ നാഴികകല്ലാണ് സസ്യങ്ങളില്‍ നിന്നുള്ള ജൈവഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള ഇത്തിഹാദ് വിമാനത്തിന്റെ പറക്കല്‍. അബുദബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കായിരുന്നു ഈ ജൈവ ഇന്ധന വിമാനത്തിന്റെ യാത്ര.

ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ അടുത്ത തലമുറ വിഭാഗത്തിലുള്ള 1ബി എഞ്ചിനാണ് വിമാനത്തില്‍ ഉപയോഗിച്ചിരുന്നത്. അബുദബിയില്‍ നിന്നും രാവിലെ 9.30ന് ടെയ്ക് ഓഫ് ചെയ്ത വിമാനം ഉച്ചയ്ക്ക് 2 മണിക്ക് ആംസ്റ്റര്‍ഡാമില്‍ എത്തിച്ചേര്‍ന്നു. ഏഴിലധികം മണിക്കൂറുകളാണ് ജൈവ ഇന്ധനത്തിന്റെ കരുത്തില്‍ വിമാനം താണ്ടിയത്.

ഖാലിഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഭാഗമായ മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോണ്‍ പ്രോഫിറ്റ് സംഘടനയായ സുസ്ഥിര ജൈവോര്‍ജ ഗവേഷണ കൂട്ടായ്മ (സസ്റ്റൈനബിള്‍ ബയോഎനര്‍ജി റിസര്‍ച്ച് കണ്‍സോര്‍ഷ്യം) ആണ് ഈ ഇന്ധനം വികസിപ്പിച്ചെടുത്തത്.

പിക്കിള്‍ ഗ്രാസെന്നും ഗ്ലാസ് വോര്‍ട്ടെന്നും അറിയപ്പെടുന്ന സലികോര്‍ണിയ സസ്യത്തില്‍ നിന്നുമാണ് ഇന്ധനം വേര്‍തിരിച്ചെടുത്തിരിക്കുന്നത്.മസ്ദര്‍ നഗരത്തിലെ കടല്‍ജല ഊര്‍ജ കാര്‍ഷിക സിസ്റ്റത്തിന്റെ(എസ്ഇഎഎസ്) രണ്ട് ഹെക്ടര്‍ ഫാമിലാണ് ഈ ചെടി വളര്‍ത്തിയത്. കടല്‍വെള്ളത്തില്‍ ഇന്ധനവും ഭക്ഷണവും നിര്‍മ്മിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മരുഭൂമി ആവാസ വ്യവസ്ഥയാണ് ഈ ഫാം. ഇവിടുത്തെ സസ്യങ്ങള്‍ക്ക് പോഷണം നല്‍കുന്നതിനും ഭക്ഷണ ആവശ്യങ്ങള്‍ക്കുമായി മത്സ്യങ്ങളും ചെമ്മീനുകളും ഫാമില്‍ വളര്‍ത്തുന്നുണ്ട്.

തീരദേശ മരുഭൂമികളെ ഭക്ഷ്യസുരക്ഷയും മലിനരഹിതമായ ആകാശവും വാഗ്ദാനം ചെയ്യുന്ന പ്രയോജനപ്രദമായ കൃഷിഭൂമികളായി മാറ്റാമെന്നതിന്റെ ഉദാഹരണമാണ് എസ്ഇഎസില്‍ കാണുന്നതെന്ന് ബോയിങ് ഇന്റെര്‍നാഷ്ണലിലെ സ്ട്രാറ്റെജി ആന്‍ഡ് മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് സീന്‍ ഷ്വിന്‍ പറഞ്ഞു.

ഇതാദ്യമായിട്ടല്ല വ്യോമയാന മേഖലയില്‍ സസ്യങ്ങളെ ഗതാഗതത്തിനുള്ള ഇന്ധനത്തിനായി ഉപയോഗിക്കുന്നത്. 2008ല്‍ എയര്‍ ന്യൂസിലന്റ്, ജട്രോഫ ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജെറ്റ് ഇന്ധനം ഉപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. പക്ഷേ പരമ്പരാഗത ഇന്ധനവും ജൈവ ഇന്ധനവും 50-50 അനുപാതത്തലായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്.

2011 മുതലാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ജൈവ ഇന്ധനത്തിന് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഇതിന് ശേഷം 160,000 യാത്രാവിമാനങ്ങള്‍ പരമ്പരാഗത-ജൈവ ഇന്ധന മിശ്രിതം ഉപയോഗിച്ച് യാത്ര നടത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കാമെന്ന ലക്ഷ്യം കൈവരിക്കാന്‍ വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് സുസ്ഥിര വൈമാനിക ഇന്ധനമെന്ന ബദല്‍ ഇന്ധനം.

Comments

comments

Categories: Arabia