ഒരു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബാങ്ക് നിക്ഷേപ വര്‍ധന പത്ത് ശതമാനത്തിനടുത്തെത്തുന്നത്
ന്യൂഡെല്‍ഹി: ഈ മാസം നാലിന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍ രാജ്യത്തെ ബാങ്ക് നിക്ഷേപത്തില്‍ 9.91 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ബാങ്ക് നിക്ഷേപത്തിലെ വര്‍ധന 4.45 ശതമാനമായിരുന്നു. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബാങ്ക് നിക്ഷേപ വര്‍ധന പത്ത് ശതമാനത്തിനടുത്തെത്തുന്നത്.
ജനുവരി നാലിലെ കണക്ക് പ്രകാരം മൊത്തം 120.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ബാങ്കുകളിലുള്ളതെന്ന് കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. ഹൗസ്ഹോള്‍ഡ് നിക്ഷേപം കുറഞ്ഞതും മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതുമാണ് ബാങ്ക് നിക്ഷേപം വര്‍ധിക്കാനുള്ള കാരണമായി കേന്ദ്ര ബാങ്ക് പറയുന്നത്.
2017 ഓഗസ്റ്റ് നാലിന് അവസാനിച്ച രണ്ടാഴ്ച കാലയളവിലാണ് ബാങ്ക് നിക്ഷേപത്തില്‍ അവസാനമായി പത്ത് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയത്. 10.27 ശതമാനമായിരുന്നു അന്നത്തെ നിക്ഷേപ വളര്‍ച്ച. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. എങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലേക്കുള്ള (എസ്ഐപി) നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമായ തലത്തില്‍ തന്നെ തുടരുകയാണെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.
ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നേട്ടം കുറഞ്ഞതാണ് മ്യുച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കുറവുവരാന്‍ കാരണമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ബ്രോക്കറിന് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് മുന്‍കൂറായി കമ്മീഷന് നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതും നിക്ഷേപം കുറയാന്‍ കാരണമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 4,442 കോടി രൂപയുടെ നിക്ഷേപമാണ് ഡിസംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കെത്തിയത്. 27 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്.
ഭക്ഷ്യേതര വിഭാഗത്തില്‍ നിന്നുള്ള ബാങ്ക് വായ്പയില്‍ ജനുവരി നാലിന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍ 14.47 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 92.66 ലക്ഷം കോടി രൂപയാണ് ഈ വിഭാഗത്തില്‍ രാജ്യത്തെ ബാങ്കുകള്‍ അനുവദിച്ച വായ്പ. വായ്പാ വളര്‍ച്ച സംബന്ധിച്ച് വലിയ ശുഭാപ്തിവിശ്വാസമാണ് ബാങ്കുകള്‍ പങ്കുവെക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 11.11 ശതമാനത്തിന്റെ വായ്പാ വളര്‍ച്ചയാണ് എസ്ബിഐ രേഖപ്പെടുത്തിയത്.