കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി; ഒറ്റയ്ക്ക് മല്‍സരിക്കും

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി; ഒറ്റയ്ക്ക് മല്‍സരിക്കും

ഡെല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് എഎപിയുടേത്

ന്യൂഡെല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് ഗോപാല്‍ റായ്. ഡെല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും എഎപി ഒറ്റയ്ക്ക് മല്‍സരിക്കും. കോണ്‍ഗ്രസിനോടൊപ്പം ചേരില്ല-റായ് പറഞ്ഞു.

രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ ഞങ്ങള്‍ മുമ്പ് തയാറായിരുന്നു. എന്നാല്‍ അടുത്തിടെ അവരുടെ നേതാക്കള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ ധാര്‍ഷ്ട്യം നിറഞ്ഞതാണ്. അവരുടെ സമീപനത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മൂന്ന് സംസ്ഥാനങ്ങളിലുമുള്ള എല്ലാ സീറ്റുകളിലും ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും-എഎപി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി കൂട്ടുകൂടില്ലെന്ന് ഡെല്‍ഹി കോണ്‍ഗ്രസ് മേധാവി ഷീല ദീക്ഷിത്തും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എഎപിയുടെ പ്രസ്താവന.

ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നാണ് ഞങ്ങളുടെ പല സുഹൃത്തുക്കളുടെയും വാദം. മതേതര വോട്ടുകള്‍ ഏകീകരിക്കപ്പെടണമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞങ്ങളുടെ ഡെല്‍ഹി, പഞ്ചാബ് പാര്‍ട്ടി യൂണിറ്റുകള്‍ ഈ വാദത്തെ എപ്പോഴും എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അമരീന്ദര്‍ സിംഗിന്റെയും ഷീല ദീക്ഷിത്തിന്റെയും അടുത്തിടെയുള്ള പ്രസ്താവനകള്‍ ഞങ്ങളുടെ നിലപാട് ശരിയെന്ന് ബോധ്യപ്പെടുത്തുന്നു-എഎപിയിലെ പ്രമുഖ നേതാവ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും പരാജയപ്പെടുത്താനായി എഎപി എല്ലാ സാധ്യതകളും തേടുമെന്ന് നേരത്തെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസ്-എഎപി സഖ്യവാര്‍ത്തകള്‍ സജീവമായത്.

Comments

comments

Categories: FK News

Related Articles