ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം അടുത്താഴ്ച

ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം അടുത്താഴ്ച

‘ആഗോളവത്കരണം 4.0: നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്തിലെ ആഗോള ചട്ടക്കൂട്ട് ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം

ദാവോസ്: ആഗോളവത്കരത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം അടുത്തയാഴ്ച നടക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ജനുവരി 21ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ 110ലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള 3000ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. സമാധാനപൂര്‍വവും സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ മാതൃകകള്‍ കണ്ടെത്തലും ആഗോളവത്കരണത്തിന്റെ മുന്നോട്ടുപോക്കുമാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിലെ മുഖ്യ വിഷയം.

സ്വിസ് പ്രസിഡന്റ് ഉയ്‌ലി മൗറെര്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കെല്‍ തുടങ്ങിയവരാണ് ഡബ്ല്യുഇഎഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാന ലോക നേതാക്കള്‍. ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഉള്‍പ്പടെ നൂറിലധികം പ്രതിനിധികളാണ് ഉള്ളത്. വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തേ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റിലിയും പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യം മൂലം ഇതൊഴിവാക്കുകയായിരുന്നു.
‘ആഗോളവത്കരണം 4.0: നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്തിലെ ആഗോള ചട്ടക്കൂട്ട് ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുന്നതെന്ന് ഡബ്ല്യുഇഎഫ് വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, ആഗോളതലത്തിലുള്ള ഭരണസംവിധാനം എന്നിവയെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.

വിവിധ ഭരണകൂടങ്ങളുടെ തലവന്‍മാരായ 65 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബിസിനസ് നേതൃത്വങ്ങള്‍, അക്കാഡമിക് വിദഗ്ധര്‍, പൗര പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സാംസ്‌കാരിക-കലാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി എത്തുന്നു.

‘ആഗോളവത്കരണത്തിന്റെ നാലാംഘട്ടം കൂടുതലായി മനുഷ്യകേന്ദ്രീകൃതമാകണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലും സുസ്ഥിരതയിലും ആയിരിക്കണം ശ്രദ്ധ നല്‍കേണ്ടത്. നാലാം വ്യാവസായിക വിപ്ലവം കൊണ്ടുവന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉടച്ചുവാര്‍ക്കല്‍ ആഗോള തലത്തില്‍ ഒരു അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്. ഭൗമശാസ്ത്രപരമായ രാഷ്ട്രീയശക്തികളുടെയും സമ്പദ് വ്യവസ്ഥകളുടെയും ക്രമീകരണത്തില്‍ മാറ്റം വന്നിട്ടുണ്ട്,’ ഡബ്ല്യുഇഎഫ് സ്ഥാപകരില്‍ ഒരാളും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ ക്ലോവ്‌സ് ഷ്വാബ് പറഞ്ഞു. സമ്മേളനത്തിലെ ചര്‍ച്ചകളില്‍ ഇതിന്റെ പരിഹാരമാര്‍ഗങ്ങളാണ് തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 350 ഔദ്യോഗിക സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷ, മനുഷ്യ മൂലധനം, വ്യാവസായിക പരിഷ്‌കരണങ്ങള്‍, വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ക്കായുള്ള മൂല്യാധിഷ്ഠിത ചട്ടക്കൂട് എന്നിവയെല്ലാം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഭരണപരമായ തിരക്കുകള്‍ കാരണം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. പൊതുമേഖലയില്‍ നിന്ന് റെക്കോഡ് പങ്കാളിത്തമാണ് ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ഉള്ളത്. സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന 1700ഓളം പ്രതിനിധികളാണ് ഡബ്ല്യുഇഎഫ് വാര്‍ഷിക സമ്മേളനത്തിന് എത്തുക.

Comments

comments

Categories: Slider, World