സംശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം സാവധാനമെന്ന് സൗദി

സംശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം സാവധാനമെന്ന് സൗദി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ, ഹരിതഗൃഹ വാതക പുറന്തള്ളല്‍ സന്തുലിതമാക്കാന്‍ പതിറ്റാണ്ടുകളെടുക്കുമെന്ന് മന്ത്രി

റിയാദ്: പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് പൊടുന്നനെയുള്ള മാറ്റം സൗദി അറേബ്യ ആഗ്രഹിക്കുന്നില്ലെന്ന് ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലി. പടിപടിയായുള്ള മാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു എടുത്തുചാട്ടത്തിന് പദ്ധതിയില്ലെന്നും സൗദി മന്ത്രി വ്യക്തമാക്കി. അതേസമയം സംശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ശേഷിയില്‍ അസാധാരണവേഗത്തിലാണ് വര്‍ധന വരുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വിപണിയിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ വളരെ ക്രമാനുഗതമായ മാറ്റമാണ് ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ളതെന്ന് ഖാലിദ് അല്‍ ഫാലി വ്യക്തമാക്കി. ഒരു രാത്രികൊണ്ട് മാറ്റം സാധ്യമല്ല. എണ്ണയ്ക്ക് പകരമുള്ള ആശ്രയിക്കാവുന്ന സ്രോതസ്സുകളുടെ സ്ഥിരത ഉറപ്പ് വരുത്തണം-അദ്ദേഹം പറഞ്ഞു.

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഒരു ആഗോള ഹബ്ബായി മാറുകയാണ് സൗദി അറേബ്യയുടെ സംശുദ്ധ ഊര്‍ജ്ജ പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത കുറച്ച് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നായി 200 ഗിഗാവാട്ട് ശേഷി കൈവരിക്കുകയാണ് സൗദി അറേബ്യയുടെ പദ്ധതി. ഫോസില്‍ ഇന്ധനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിച്ച് ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറയ്ക്കാനുള്ള നീക്കവും ഇതിനൊപ്പം രാജ്യം നടത്തും.

യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു ഊര്‍ജ്ജ പരിവര്‍ത്തന തന്ത്രമാണ് അടിയന്തരമായി നമുക്ക് വേണ്ടത്. സമ്പദ് വ്യവസ്ഥയെയും ടെക്‌നോളജിയെയും അതില്‍ കണക്കിലെടുക്കണം. അല്ലാതെ അന്ധമായ പ്രത്യയശാസ്ത്രമല്ല-ഖാലിദ് അല്‍ ഫാലി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സോളാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട വലിയ വാര്‍ത്തകളായിരുന്നു സൗദിയില്‍ നിന്നും കേട്ടിരുന്നത്. ഏകദേശം 350 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടെന്നാണ് കണക്കുകള്‍. 2032 ആകുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ മൂന്നിലൊന്നു ഭാഗം പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുകയാണ് സൗദി നേരത്തെ ലക്ഷ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതികളൊന്നും പ്രായോഗികമായിട്ടില്ലെന്ന് സൗദിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

2014ല്‍ എണ്ണ വിലയില്‍ വമ്പന്‍ ഇടിവ് വന്ന സമയത്തായിരുന്നു ഇനി സംശുദ്ധ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് തിരിയാമെന്ന ചിന്ത സൗദിക്കുണ്ടായത്. തുടര്‍ന്ന് സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. രാജ്യത്തിന്റെ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം കൈവന്നു. എന്നാല്‍ 2016 തുടക്കം മുതല്‍ 2018 ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ എണ്ണ വിലയിലുണ്ടായത് അസാമാന്യ വര്‍ധനയാണ്. ഇതിന്റെ സുരക്ഷിതത്വത്തില്‍ സൗരോര്‍ജ്ജത്തോടുള്ള പ്രതിബദ്ധത സൗദി മറന്നതായാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ ഫാറ്റി ബിറോളിനെപ്പോലുള്ളവര്‍ ഇത് തുറന്നുപറയുകയും ചെയ്തു. എന്തായാലും പുനരുപയോഗ ഊര്‍ജ്ജ ആവാസവ്യവസ്ഥയിലേക്ക് പെട്ടെന്നുള്ളൊരു മാറ്റം സൗദിയിലുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

Comments

comments

Categories: World
Tags: Saudi Arabia