തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6000 കോടി രൂപ കൂടി അനുവദിച്ചു

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6000 കോടി രൂപ കൂടി അനുവദിച്ചു

ഒരു സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്തവണത്തേത്

ന്യൂഡെല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 6000 കോടിയിധികം രൂപയുടെ അധിക വിഹിതം അനുവദിച്ചു. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിക്കായി അനുവദിച്ച തുക 61,084 കോടി രൂപയിലെത്തി. ഒരു വര്‍ഷം തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവെക്കുന്ന ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തുകയാണിത്.

പദ്ധതിക്ക് കൂടുതല്‍ വിഹിതം അനുവദിക്കണമെന്നും ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെന്നും കാണിച്ച് 90ഓളം എംപിമാരും സാമൂഹ്യ പ്രവര്‍ത്തകരും കര്‍ഷക സംഘടനാ പ്രതിനിധികളും എല്ലാം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് 6,084 കോടി രൂപ പുതുതായി അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതിയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ നടത്തിയെന്നാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നത്. ഗ്രാമീണ ജനതയുടെ സുസ്ഥിരമായ വരുമാന സ്രോതസായി പദ്ധതി മാറി. 29. 44 ലക്ഷം പ്രവൃത്തികളാണ് പദ്ധതിക്കു കീഴില്‍ 2014-15ല്‍ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ പൂര്‍ത്തിയായിരുന്നതെങ്കില്‍ ഇപ്പോഴത് 61.9 ലക്ഷം പ്രവൃത്തികളായി വര്‍ധിച്ചുവെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

അര്‍ഹതപ്പെട്ടവര്‍ക്കുള്ള 91.82 ശതമാനം വേതനവും 15 ദിവസത്തിനുള്ളില്‍ തന്നെ നല്‍കുന്നുണ്ട്. 2014-15ല്‍ ഇത് 26.85 ശതമാനം മാത്രമായിരുന്നുവെന്നും 37,588 കോടി രൂപയാണ് ആ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരുന്നതെന്നും ഗ്രാമീണ വികസന മന്ത്രാലയം വിശദീകരിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് നേരത്തേ അനുവദിച്ച ഫണ്ടിന്റെ 99 ശതമാനവും ജനുവരി 1നുള്ള കണക്ക്പ്രകാരം വിനിയോഗിക്കപ്പെട്ടിരുന്നു. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്നു മാസം കൂടി ബാക്കിയുണ്ടെന്നതിനാല്‍ കൂടുതല്‍ ഫണ്ട് നല്‍കേണ്ടത് അനിവാര്യമാകുകയായിരുന്നു. നിലവില്‍ ഗ്രാമീണ മേഖലയിലും കാര്‍ഷിക മേഖലയിലും അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതലായി ശ്രദ്ധവെക്കണമെന്നാണ് എംപിമാരും സാമൂഹ്യപ്രവര്‍ത്തകരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കായുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് വളര്‍ന്നുവരുന്ന തൊഴിലില്ലായ്മയുമാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങള്‍.

Comments

comments

Categories: Current Affairs, Slider