സര്‍ക്കാര്‍ ബോണ്ടുകളില്‍ പിന്‍വലിക്കല്‍, കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപം

സര്‍ക്കാര്‍ ബോണ്ടുകളില്‍ പിന്‍വലിക്കല്‍, കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപം

ന്യൂഡെല്‍ഹി: രാജ്യത്തെ ബോണ്ട് വിപണിയില്‍ വിദേശ നിക്ഷേപകര്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള പിന്‍വലിക്കല്‍ തുടരുകയാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപം കൂട്ടിച്ചേര്‍ക്കുന്നതിനും വിദേശ നിക്ഷേപകര്‍ തയാറാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ രണ്ട് ആഴ്ചകളിലായി 33.5 ബില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കലാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ആഗോള ഫണ്ടുകള്‍ നടത്തിയത്. മുന്‍ മാസത്തെ 11 ബില്യണിന്റെ പിന്‍വലിക്കലിനു തുടര്‍ച്ചയാണിത്. എന്നാല്‍ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ 14.9 ബില്യണ്‍ രൂപയുടെ നിക്ഷേപവും രണ്ടാഴ്ച കാലത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ മാസം 86 ബില്യണ്‍ രൂപയുടെ നിക്ഷേപമാണ് കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ രേഖപ്പെടുത്തിയിരുന്നത്.

കോര്‍പ്പറേറ്റ് ബോണ്ടുകളിലെ നിക്ഷേപത്തില്‍ വെല്ലുവിളികള്‍ അധികമാണെങ്കിലും കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. 10 വര്‍ഷക്കാലവധിക്ക് മുകളിലുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ വ്യാപ്തി 128 അടിസ്ഥാന പോയ്ന്റുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയാണിത്.

എണ്ണ വിലയിലുണ്ടായ ഇടിവും പണപ്പെരുപ്പ ഭീഷണി കുറഞ്ഞതും കഴിഞ്ഞ പാദത്തില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പ്രിയം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷ കാലവധിയുള്ള ബോണ്ടുകളില്‍ നിന്നുള്ള നേട്ടം കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിന്നുള്ളതിനെ അപേക്ഷിച്ച് കൂടുതല്‍ ഇടിവ് പ്രകടമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് സജ്ജമാകുന്നത് സാമ്പത്തിക വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന അനിശ്ചതത്വത്തെ കുറിച്ചുള്ള ആശങ്കയും സര്‍ക്കാര്‍ ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വിറ്റഴിക്കാനുള്ള ഉപദേശമാണ് അബെര്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അര്‍ധ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ബോണ്ടുകളിലെ നിക്ഷേപം വര്‍ധിപ്പാക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു. ഉയര്‍ന്ന വ്യാപ്തിയും നേട്ടവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് നിരവധി അനുകൂല ഘടകങ്ങള്‍ ഇപ്പോഴുണ്ടെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായ അവിവ ഇന്‍വെസ്റ്റേര്‍സിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ സ്റ്റുവര്‍ട്ട് റിത് സണ്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ മാത്രമായി അവിവ തങ്ങളുടെ നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy