ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

അരുണ്‍ ജയറ്റ്‌ലി ചികിത്സക്കായി ന്യൂയോര്‍ക്കിലേക്ക് പോയി; ഫെബ്രുവരി ഒന്നിന് മുന്‍പ് മടങ്ങിയേക്കില്ല

ന്യൂഡെല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചികില്‍സക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇത്തവണത്തെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനും അതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കും ജയ്റ്റ്‌ലിക്ക് സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് പീയൂഷ് ഗോയലിന് അവസരമൊരുങ്ങുന്നത്. രണ്ടാഴ്ചത്തെ ചികിത്സക്കായാണ് ജയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ചികില്‍സക്കായി ജയ്റ്റ്‌ലി വിശ്രമത്തിലായിരുന്ന നാലു മാസവും പീയുഷ് ഗോയലായിരുന്നു ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കപ്പെടുന്ന ബജറ്റായതിനാല്‍ വീണ്ടും ഭരണത്തിലേറാന്‍ സഹായിക്കുന്ന ജനപ്രിയമായ വമ്പന്‍ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളും മധ്യ വര്‍ഗത്തെ ലക്ഷ്യം വെച്ചുള്ള ആദായ നികുതി ഇളവുകളും പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.

ജയറ്റ്‌ലിയുടെ രോഗം സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും നിര്‍ണായകമായ ബജറ്റ് അവതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം അണുബാധാ ഭീക്ഷണിയുള്ളതിനാല്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം അദ്ദേഹം മാസങ്ങളോളം ഔദ്യോഗിക ജോലികളില്‍ നിന്ന് വിട്ടു നിന്നിരുന്നു. വിശ്രമത്തിനുശേഷം തിരിച്ചെത്തി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലെ സജീവ സാന്നിധ്യമായി. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ക്ക് തടയിടാനും ജയ്റ്റ്‌ലിക്ക് സാധിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider