700 കോടി നിക്ഷേപിക്കാമെന്ന് ഗോയല്‍; നിക്ഷേപ വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ്

700 കോടി നിക്ഷേപിക്കാമെന്ന് ഗോയല്‍; നിക്ഷേപ വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ്

25 ശതമാനം ഓഹരികള്‍ നിലനിര്‍ത്താമെന്ന ഉറപ്പ് ലഭിക്കണമെന്ന് ജെറ്റ് ചെയര്‍മാന്‍; ഇത്തിഹാദിന്റെ നിബന്ധനകള്‍ തള്ളിയെന്ന് സൂചന

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വലയുന്ന ജെറ്റ് എയര്‍വേയ്‌സില്‍ ഉപാധികളോടെ 700 കോടി രൂപ നിക്ഷേപിക്കാന്‍ തയാറാണെന്ന് ചെയര്‍മാന്‍ നരേഷ് ഗോയല്‍. സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാറിനയച്ച കത്തിലാണ് അദ്ദേഹം പുതിയ വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്. നിക്ഷേപത്തിനു പകരമായി കമ്പനിയില്‍ കുറഞ്ഞത് 25 ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് സാധ്യമാകാത്ത പക്ഷം നിക്ഷേപം നടത്താനോ ഓഹരികള്‍ ജാമ്യം വെക്കാനോ തയാറല്ലെന്നും അല്ലെങ്കില്‍ ഏറ്റെടുക്കല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താതെ തന്നെ കമ്പനിയിലെ തന്റെ കുറഞ്ഞ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ സെബി അനുവാദം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കമ്പനിയില്‍ ഒരു സ്ഥാപനത്തിനുള്ള ഓഹരി പങ്കാളിത്തം ഒരു നിശ്ചിത അളവിലും കൂടുതലായാല്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടം പ്രകാരം ദ്വിതീയ ഓഹരി വില്‍പ്പന നടത്താവുന്നതാണ്. പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുന്ന പദ്ധതികളെക്കുറിക്കും ഇത്തിഹാദിന്റെ ജെറ്റ് എയര്‍വേയ്‌സിലെ പങ്കിനെപ്പറ്റിയും സൂചിപ്പിക്കുന്ന കത്തില്‍ ആവശ്യമെങ്കില്‍ തന്റെ ഓഹരികള്‍ മുഴുവന്‍ ജാമ്യമായി നല്‍കാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം ജെറ്റ് എയര്‍വേയ്‌സിലേക്ക് 35 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയേക്കുമെന്ന വാര്‍ത്തകള്‍ വിദേശ പങ്കാളിയായ ഇത്തിഹാദ് നിഷേധിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത ഊഹാപോഹം മാത്രമാണെന്നാണ് ഇത്തിഹാദ് വക്താവ് പ്രതികരിച്ചത്. എസ്ബിഐയുടെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐക്ക് അയച്ച കത്തില്‍ ഇത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് ഇത്തരമൊരു വ്ാഗ്ദാനം നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം നടത്തണമെങ്കില്‍ കമ്പനിയിലെ നരേഷ് ഗോയലിന്റെ നിയന്ത്രണാവകാശം കുറക്കണമെന്നടക്കമുള്ള കര്‍ശന നിബന്ധനകള്‍ ഇത്തിഹാദ് മുന്നോട്ടുവെച്ചിരുന്നു. ഗോയലിന്റെ ഓഹരികള്‍ 20 ശതമാനത്തിലേക്ക് കുറക്കണമെന്നായിരുന്നു ഒരു ആവശ്യം.

എന്നാല്‍ ഇത്തിഹാദിന്റെ നിബന്ധനകള്‍ക്ക് വഴങ്ങില്ലെന്ന സൂചനയാണ് ഗോയലിന്റെ നിര്‍ദിഷ്ട നിക്ഷേപപദ്ധതി വാഗ്ദാനത്തിലൂടെ ലഭിക്കുന്നത്. നിലവില്‍ 51 ശതമാനം ഓഹരികളാണ് ചെയര്‍മാനായ ഗോയലിനുള്ളത്. വിമാന കമ്പനിയുടെ നിയന്ത്രണം വിദേശ കമ്പനികള്‍ക്ക് ലഭിക്കുന്നതിന് നിയമപരമായി തടസങ്ങളുണ്ടെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ അടുത്തിടെ മുംബൈയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തിഹാദിന്റെ ഓഹരികള്‍ 49 ശതമാനത്തിലേക്ക് ഉയര്‍ത്തിയാലും നിയന്ത്രണം തദ്ദേശീയ കമ്പനിയുടെ കൈവശമാണെന്ന് ഉറപ്പ് നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജെറ്റിന്റെ കടക്കെണി

എസ്ബിഐ അടക്കം 26 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് നരേഷ് ഗോയല്‍ സ്ഥാപിച്ച വിമാന കമ്പനിക്ക് വായ്പ നല്‍കിയിരിക്കുന്നത്. 8,000 കോടിയോളം രൂപയുടെ കടമാണ് വിമാനക്കമ്പനി തിരികെ അടക്കാനുള്ളത്. കടത്തില്‍ 73 ശതമാനവും ഡോളറിലുള്ളതാണ്. ഇന്ധന വിലവര്‍ധനവും രൂപയുടെ വിലയിടിവും പ്രവര്‍ത്തന ചെയവ് ഉയര്‍ന്നതും വിമാനക്കമ്പനിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. ചെയര്‍മാന്‍ നരേഷ് ഗോയലിനാണ് 51 ശതമാനം ഓഹരികളുള്ളത്. 24 ശതമാനം ഓഹരികളുള്ള വിദേശ പങ്കാളിയായ ഇത്തിഹാദ്, അധിക നിക്ഷേപം നടത്താന്‍ ഗോയലിന്റെ നിയന്ത്രണാധികാരങ്ങള്‍ എടുത്തു മാറ്റണമെന്ന നിബന്ധനയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ടാറ്റയുമായി നടന്ന ചര്‍ച്ചയും ഗോയലിന്റെ നിയന്ത്രണ പദവിയിലുടക്കി പരാജയപ്പെട്ടിരുന്നു.

Comments

comments

Categories: Current Affairs, Slider