പുതിയ 1.5 ഡീസല്‍ എന്‍ജിന്‍ അടുത്ത മാസം നല്‍കിത്തുടങ്ങുമെന്ന് മാരുതി സുസുകി

പുതിയ 1.5 ഡീസല്‍ എന്‍ജിന്‍ അടുത്ത മാസം നല്‍കിത്തുടങ്ങുമെന്ന് മാരുതി സുസുകി

സിയാസ് സെഡാനിലാണ് പുതിയ എന്‍ജിന്‍ അരങ്ങേറുന്നത്. തൊട്ടുപിന്നാലെ പുതിയ എര്‍ട്ടിഗയില്‍ നല്‍കും

ന്യൂഡെല്‍ഹി : മാരുതി സുസുകി സ്വന്തമായി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ അടുത്ത മാസം വിവിധ മോഡലുകളില്‍ അരങ്ങേറും. സിയാസ് സെഡാനിലാണ് പുതിയ എന്‍ജിന്‍ ആദ്യം നല്‍കുന്നത്. തൊട്ടുപിന്നാലെ പുതിയ എര്‍ട്ടിഗയില്‍ മോട്ടോര്‍ ഘടിപ്പിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 95 എച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ എന്‍ജിന്‍ ഉപയോഗിക്കുന്ന മാരുതി സുസുകി സിയാസ് 26 കിലോമീറ്ററിലധികം ഇന്ധനക്ഷമത സമ്മാനിച്ചേക്കും.

ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍. എന്നാല്‍ തുടക്കത്തില്‍ ബിഎസ് 4 വേര്‍ഷനായിരിക്കും വാഹനങ്ങളില്‍ നല്‍കുന്നത്. 2020 ഏപ്രില്‍ ഒന്നിനാണ് ബിഎസ് 6 പ്രാബല്യത്തിലാകുന്നത്. അതിനുമുമ്പ് പുതിയ എന്‍ജിന്റെ ബിഎസ് 6 വേര്‍ഷന്‍ നല്‍കിത്തുടങ്ങും. നിലവില്‍ ഫിയറ്റില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ബിഎസ് 6 അനുസൃതമാക്കുന്നതിന് മാരുതി സുസുകി തയ്യാറാകില്ല. പകരം 2020 ഏപ്രില്‍ ഒന്നിന് മുമ്പായി ഈ എന്‍ജിന്‍ കയ്യൊഴിയും.

മാരുതി സുസുകി മോഡലുകളുടെ വില പിടിച്ചുനിര്‍ത്തുന്നതിനാണ് തുടക്കത്തില്‍ ബിഎസ് 4 വേര്‍ഷന്‍ നല്‍കുന്നത്. ബിഎസ് 6 എന്‍ജിനാക്കി മാറ്റുന്നതിന് കൂടുതല്‍ ഹാര്‍ഡ്‌വെയര്‍ ആവശ്യമായതിനാല്‍ അതിനനുസരിച്ച് ചെലവുകള്‍ കൂടുകയും ഇതേതുടര്‍ന്ന് എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്യേണ്ടിവരും. ബിഎസ് 4 എന്‍ജിന്‍ ഉപയോഗിക്കുന്ന എതിരാളികളില്‍നിന്ന് വ്യത്യസ്തമായി സിയാസില്‍ ഇപ്പോഴേ ബിഎസ് 6 എന്‍ജിന്‍ നല്‍കിയാല്‍ വില വര്‍ധിപ്പിക്കേണ്ടിവരും. അത്തരമൊരു നീക്കം വില്‍പ്പനയെ ബാധിക്കും. ആദ്യം ബിഎസ് 4 വേര്‍ഷന്‍ നല്‍കാനും പിന്നീട് ബിഎസ് 6 വേര്‍ഷന്‍ ഘടിപ്പിക്കാമെന്നും തീരുമാനിക്കാന്‍ ഇതാണ് കാരണം. ബിഎസ് 6 ഡീസല്‍ എന്‍ജിനുകള്‍ക്ക് തത്തുല്യമായ ബിഎസ് 4 വേര്‍ഷനുകളേക്കാള്‍ ഒന്നര ലക്ഷം രൂപ വരെ അധികം വില വരുമെന്നാണ് മാരുതി സുസുകി കണക്കുകൂട്ടുന്നത്.

Comments

comments

Categories: Auto