ഇന്ത്യയുടെ വ്യാപാര കമ്മി പത്ത് മാസത്തെ താഴ്ച്ചയില്‍

ഇന്ത്യയുടെ വ്യാപാര കമ്മി പത്ത് മാസത്തെ താഴ്ച്ചയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഡിസംബറില്‍ 13.08 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യാപാര കമ്മിയാണിത്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമാണ് വ്യാപാര കമ്മി. 2017 ഡിസംബറില്‍ 14.20 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാര കമ്മി.

ഡിസംബറില്‍ രാജ്യാന്തര വിപണിയില്‍ സംസ്‌കൃത എണ്ണ വില കുറഞ്ഞതും സ്വര്‍ണ ആവശ്യകത ഇടിഞ്ഞതും ഇറക്കുമതി ചെലവിലുള്ള ഭാരം കുറയ്ക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഇറക്കുമതി ചെലവില്‍ 2.44 ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായത്. 2017 ഡിസംബറില്‍ 42.03 ബില്യണ്‍ ഡോളറായിരുന്ന ഇറക്കുമതി ബില്‍ ഇതോടെ 41.01 ബില്യണ്‍ ഡോളറായി ചുരുങ്ങി.

10.67 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഡിസംബറില്‍ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് ഇത് 3.16 ശതമാനം കൂടുതലാണ്. ഇക്കാലയളവില്‍ അസംസ്‌കൃത എണ്ണ വില 12.07 ശതമാനം കുറഞ്ഞു. 108.10 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഏപ്രില്‍-ഡിസംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്.

സ്വര്‍ണ ഇറക്കുമതി ചെലവ് കഴിഞ്ഞ മാസം 24.3 ശതമാനം കുറഞ്ഞ് 2.56 ബില്യണ്‍ ഡോളറായി. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും മുത്ത്, വിലപിടപ്പുള്ള കല്ലുകള്‍ എന്നിവയുടെയും ഇറക്കുമതി ബില്ലില്‍ യഥാക്രമം ഒന്‍പത് ശതമാനത്തിന്റെയും 28.08 ശതമാനത്തിന്റെയും ഇടിവുണ്ടായി. അതേസമയം, ഇരുമ്പ്, സ്റ്റീല്‍, മെഷിനറി എന്നിവയുടെ ഇറക്കുമതി വര്‍ധിച്ചു.

കയറ്റുമതിയില്‍ 0.34 ശതമാനത്തിന്റെ നേരിയ വര്‍ധനയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 27.93 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ മാസം ഇന്ത്യ കയറ്റുമതി ചെയ്തു. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെയും വജ്രം, ജുവല്‍റി ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി ഇടിഞ്ഞതാണ് കയറ്റുമതി വര്‍ധന കുറയാന്‍ കാരണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 13.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതി 5.5 ശതമാനം വര്‍ധിച്ചു.

Comments

comments

Categories: Business & Economy, Slider