ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് താല്‍പ്പര്യം ദുബായ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍…

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് താല്‍പ്പര്യം ദുബായ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍…

മനാമ, ഒമാന്‍, ദോഹ, കുവൈറ്റ് സിറ്റി തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളും ഇന്ത്യന്‍ യാത്രികരുടെ പട്ടികയിലുണ്ട്

ദുബായ്: ഈ വര്‍ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും താല്‍പ്പര്യമുള്ള വിനോദ ഡെസ്റ്റിനേഷനുകള്‍ ദുബായിയും തായ്‌ലന്‍ഡും സിംഗപ്പൂരുമാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ഇന്ത്യന്‍ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ലക്ഷ്യസ്ഥാനം ദുബായ് തന്നെയാണ്. താങ്ങാവുന്ന നിരക്കില്‍ പോയി വരാമെന്നതും വിനോദത്തിലധിഷ്ഠിതമായ ടൂറിസം ഇവന്റുകളുമാണ് ദുബായ് തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്.

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഹോളിവുഡ് സിറ്റി, ഡെസേര്‍ട്ട് സഫാരി, വിസ്മയപ്പെടുത്തുന്ന മാളുകള്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് ഇന്ത്യന്‍ സഞ്ചാരികളെ ദുബായിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാതാപിതാക്കളോടൊപ്പം വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫ്രീ വിസയാണ് യുഎഇ ഓഫര്‍ ചെയ്യുന്നത്. ഇതും ഇന്ത്യന്‍ യാത്രികര്‍ വളരെ പ്രധാനപ്പെട്ട ഘടകമായി കണക്കാക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുതിപ്പ് തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. ദുബായിയുടെ ഏറ്റവും പ്രധാന ടൂറിസം സോഴ്‌സ് വിപണിയാണ് ഇന്ത്യ. 2018ലെ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഒരു ദശലക്ഷം കടന്നതായാണ് കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന.

2022 ആകുമ്പോഴേക്കും ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 21-23 മില്ല്യണ്‍ ആകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ടൂറിസം വിപണിയില്‍ ദുബായ് എക്‌സ്‌പോ 2020 വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നവരും കൂടുതലാണ്.

ദുബായിയെ കൂടാതെ മനാമ, ഒമാന്‍, ദോഹ, കുവൈറ്റ് സിറ്റി തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളും ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ടതാണ്. കുവൈറ്റ് സിറ്റി, മനാമ തുടങ്ങിയടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷം 40 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയില്‍ നിന്നുണ്ടായിട്ടുള്ളത്.

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏപ്രില്‍ മാസം വരെ ഫ്രീ വിസ ഓഫര്‍ ചെയ്താണ് തായ്‌ലന്‍ഡും തങ്ങളുടെ രാജ്യത്തെ മാര്‍ക്കറ്റ് ചെയ്യുന്നത്. ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രങ്ങളേക്കാളും അടുത്തുള്ള വിദേശ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകാനാണ് ഇപ്പോള്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജിഎസ്ടി നിരക്ക് കാരണം ഹോട്ടല്‍ താരിഫുകളില്‍ വന്ന വര്‍ധനയും ഇത്തരമൊരു പ്രവണതയ്ക്ക് പിന്നിലുണ്ട്.

വിവിധ തരത്തിലുള്ള പദ്ധതികള്‍ അവതരിപ്പിച്ച് പരമാവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. മറ്റെവിടെയും ലഭിക്കാത്ത തനതായ യാത്രാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ‘ഓണ്‍ലി ഇന്‍ ദുബായ്’ എന്ന പേരില്‍ പുതുപദ്ധതി അവതരിപ്പിച്ചിരുന്നു. എമിറേറ്റില്‍ ചെലവിടുന്ന ദിവസങ്ങള്‍ ഒരിക്കലും മറക്കാത്ത തരത്തിലുള്ളതാണകണം ഓരോ യാത്രികനെയും സംബന്ധിച്ചിടത്തോളം എന്ന ഉദ്ദേശ്യത്തിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

2025 ആകുമ്പോഴേക്കും 25 ദശലക്ഷം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളായിരിക്കും ദുബായ് ആവിഷ്‌കരിക്കുകയെന്നാണ് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ വര്‍ഷം അവസാനം വ്യക്തമാക്കിയത്.

Comments

comments

Categories: Current Affairs, Slider
Tags: Tourism

Related Articles