സിംഗപ്പൂരിലെ ഇന്ത്യന്‍ ഭൂവുടമകള്‍

സിംഗപ്പൂരിലെ ഇന്ത്യന്‍ ഭൂവുടമകള്‍

സിംഗപ്പൂരില്‍ നിന്നുള്ള നിക്ഷേപകരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുന്നു

ഇന്ത്യയില്‍ ഒരു പുതിയ വിഭാഗം ഭൂവുടമകള്‍ മെല്ലെ ശക്തി പ്രാപിക്കുകയാണെന്നു റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട നിക്ഷേപകരാണിവര്‍. ചൈനയില്‍ ശക്തമായ അടിത്തറയിട്ട ശഷേഷമാണിവര്‍ ഇന്ത്യയിലേക്കു വരുന്നത്. വളരുന്ന വിപണിയെന്ന നിലയില്‍ ഇന്ത്യയാണ് അവരുടെ അടുത്ത ലക്ഷ്യം. സിംഗപ്പൂര്‍ നിക്ഷേപകര്‍ മുമ്പേ ഇന്ത്യന്‍ നഗരങ്ങളില്‍ വാണിജ്യഓഫിസുകള്‍ തുറന്നിരുന്നങ്കിലും ഇപ്പോള്‍ അവര്‍ അതിനുമപ്പുറത്തേക്ക് ഉറച്ച കാല്‍വെപ്പു നടത്തുകയാണ്. വളരുന്ന വിപണിയായി കണ്ട് ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ്, നഗരവല്‍ക്കരണ പദ്ധതികള്‍ തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാണ് അവര്‍ മുതിര്‍ന്നിരിക്കുന്നത്.

മറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്ന അതേ രീതിയില്‍ത്തന്നെ ക്ഷമയോടെ ദീര്‍ഘകാലത്തേക്കാണ് അവര്‍ ഇവിടെയും നിക്ഷേപം നടത്തുന്നത്. പലരും ചൈനയില്‍ ശക്തമായ ഒരു അടിത്തറയുള്ളവരാണ്. വളര്‍ന്നുവരുന്ന വിപണികളില്‍ ഇന്ത്യ ഏറ്റവും ഉചിതമായതിനാലാണ് അവര്‍ ഇത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയത്. സിംഗപ്പൂരിലെ സ്വതന്ത്ര പരമാധികാര സമ്പാദ്യ ഫണ്ട്, ജിഐസി പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ രണ്ട് പ്രമുഖ നിക്ഷേപകരില്‍ ഒന്നായി മാറുന്ന നിലയിലെത്തി. ന്യൂയോര്‍ക്കിലെ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് ആണ് മറ്റേത്. സിംഗപ്പൂര്‍ പൊതുമേഖലാ സ്ഥാപനമായ ടെമസെക്ക് ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളായ അസെന്‍ടാസ്- സിംഗ്ബ്രിഡ്ജ് ഗ്രൂപ്പ് (എഎസ്ജി), മേപ്പിള്‍ട്രീ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ക്യാപിറ്റലാന്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഇവിടെ നിക്ഷേപം നടത്തുന്നുണ്ട്.

ജിഐസി പ്രൈവറ്റ് ലിമിറ്റഡ്, നാലു ബില്യണ്‍ ഡോളര്‍ വിവിധ ആസ്തികളിലായി നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ റിയല്‍റ്റി കമ്പനിയായ ഡിഎല്‍എഫ് ലിമിറ്റഡിന്റെ കൊമേഷ്യല്‍ കെട്ടിടനിര്‍മാണ ശാഖയായ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡവലപ്പേഴ്‌സിലെ ഡിഎല്‍എഫ് ലിമിറ്റഡിന്റെ 33.34 ശതമാനം ഓഹരികള്‍ ജിഐസി കൈക്കലാക്കിയിരിക്കുകയാണ്. ഏകദേശം 8,900 കോടി രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം മുംബൈയിലെ വര്‍ളിയില്‍ വിവിധോദ്ദേശ്യ പദ്ധതിയില്‍ ജിഐസി ആദ്യ നിക്ഷേപം നടത്തിയത്.

എഎസ്ജി കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 2.5 ബില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ മൂല്യം വരുന്ന 17 മില്യണ്‍ ചതുരശ്ര അടി കെട്ടിടമാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ഉടന്‍ തന്നെ 14-15 ദശലക്ഷം ചതുരശ്ര അടി കൂടി പണിയാന്‍ ലക്ഷ്യമിടുന്നു. ഓഫീസ് കെട്ടിട നിര്‍മാതാവായിരുന്ന കമ്പനി 2017 ല്‍ അവര്‍ ലോജിസ്റ്റിക്, വ്യാവസായിക കെട്ടിട നിര്‍മാണത്തിലേക്കു കൂടി തിരിഞ്ഞു. ആന്ധ്ര തലസ്ഥാനനഗരി അമരാവതിയുടെ മാസ്റ്റര്‍ ഡെവലപ്പറായി അവരെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. അസെന്‍ഡസ്-സിംഗ്ബ്രിഡ്ജിനുള്ള ഒരു സുപ്രധാനവും തന്ത്രപ്രധാനവുമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്ന് കമ്പനിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ സിഇഒ വിനമ്ര ശ്രീവാസ്തവ പറയുന്നു. ശക്തമായ സാമ്പത്തിക അടിത്തറയും ബിസിനസ്സ് പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും കമ്പനി പാലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

സിംഗപ്പൂര്‍ കമ്പനികള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിനും, ഗവണ്‍മെന്റുമായി സഹകരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനരംഗത്ത് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയാണവര്‍. പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്കു സംഭാവന ചെയ്യുന്നതിനും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

തങ്ങളുടെ രണ്ട് ഉപകമ്പനികള്‍ വഴി അസെന്‍ഡസ്-സിന്‍ബ്രിഡ്ജിന്റെ ഓഹരികള്‍ സ്വന്തമാക്കുമെന്ന് ക്യാപിറ്റലാന്റ് വ്യക്തമാക്കിയിട്ടുണ്ട്. 4.4 ബില്ല്യണ്‍ ഡോളര്‍ പണമായും സ്റ്റോക് ഡീലായും മുടക്കും. കഴിഞ്ഞ വര്‍ഷം ഷോപ്പിംഗ് മാളുകളിലുള്ള തങ്ങളുടെ ഓഹരികള്‍ പ്രെസ്റ്റീജ് ഗ്രൂപ്പിനു വിറ്റിരുന്നു.

റിയല്‍ എസ്റ്റേറ്റ് അസറ്റ് മാനേജര്‍ മേപ്പിള്‍ ട്രീ ഇന്ത്യയില്‍ 2018 ല്‍ തിരിച്ചുവരുന്നു. ഐടി പാര്‍ക്ക് എസ് പി ഇന്‍ഫോസിറ്റി ഏറ്റെടുത്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് അവര്‍ ഇവിടെ കഴിഞ്ഞ വര്‍ഷം നിക്ഷേപം നടത്തിയത്. ഓഫീസ് ആസ്തികള്‍ മാത്രമല്ല, ലോജിസ്റ്റിക്‌സ് കെട്ടിടങ്ങളിലും നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിട്ടിരിക്കുകയാണ്. വലിയ ഏറ്റെടുക്കലുകള്‍ നടത്തുന്ന സ്ഥാപിത നിക്ഷേപകരാണ് മേപ്പിള്‍ ട്രീ.
ഇന്ത്യയില്‍, തിരഞ്ഞെടുത്ത ഡെവലപ്പര്‍ പങ്കാളികളുള്ള ബ്രൗണ്‍ഫീല്‍ഡ് അല്ലെങ്കില്‍ ഗ്രീന്‍ ഫീല്‍ഡ് പ്രോജക്ടുകള്‍ അവര്‍ ഏറ്റെടുക്കും. അതേസമയം ജിഐസിയും ഇത്തരം വന്‍കിട കരാറുകള്‍ക്കാണു ശ്രമിക്കുന്നത്.

മുമ്പ് തെക്കുകിഴക്കന്‍ ഏഷ്യന്‍ നിക്ഷേപകരുടെ ശ്രദ്ധ ചൈനയിലേക്കു പോയിരുന്നു ഇടവേളയ്ക്കു ശേഷം അവര്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീണ്ടും ആവേശം ഉണര്‍ത്തുകയും പുതിയ വല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തു. വന്‍കിട കരാറുള്‍ ലഭിക്കുന്നു, മറ്റ് ആഗോള നിക്ഷേപകരുടെ ഇന്ത്യയില്‍ കൈവരിച്ച വിജയവും ഇവരെ ആകര്‍ഷിച്ചിട്ടുണ്ട്. സുതാര്യത, സര്‍ക്കാര്‍ ഇളവുകള്‍, പുതിയതയി തുറന്ന മേഖലകള്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ്, നഗരവല്‍ക്കരണ പദ്ധതികള്‍ തുടങ്ങി നിരവധി സാധ്യതകളാണ് സിംഗപ്പൂരിന്റെ റിയല്‍റ്റി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

Comments

comments

Categories: Top Stories